ആധുനിക ഇന്ത്യയുടെ ശിൽപിയാണ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു. സ്വാതന്ത്ര്യസമര സേനാനി, പ്രഗത്ഭനായ ഭരണാധികാരി, എഴുത്തുകാരൻ, ഗ്രന്ഥകർത്താവ്, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാനെഹ്റു എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം. മഹാകവി രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തെ 'ഋതുരാജൻ'(വസന്തത്തിന്റെ രാജാവ്) എന്നാണ് വിശേഷിപ്പിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്, മുഗൾ ചക്രവർത്തിയുടെ ക്ഷണപ്രകാരമാണ് പേർഷ്യൻ-സംസ്‌കൃത പണ്ഡിതനും കാശ്മീരി ബ്രാഹ്‌മണനുമായ പണ്ഡിറ്റ് രാജ്കൗൾ ഡൽഹിയിലേക്ക് കുടിയേറുന്നത്. അങ്ങനെ അദ്ദേഹത്തിന് വലിയൊരു വീടും എസ്റ്റേറ്റും സമ്മാനമായി ലഭിച്ചു. ഒരു കനാലിന്റെ കരയിലായിരുന്നു ആ വീട്. ഉറുദുവിൽ കനാലിന് 'നെഹർ' എന്നാണ് പറയുക. അതിൽ നിന്നാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം 'നെഹ്റു'എന്ന് ചേർത്തുതുടങ്ങിയത്. ക്രമേണ 'കൗൾ' എന്ന പേര് മാറി 'നെഹ്റു' എന്ന് മാത്രമായി. കാശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിൽപ്പെട്ട ബ്രാഹ്‌മണകുടുംബത്തിൽ ജനിച്ചതിനാലാണ് അദ്ദേഹം പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു എന്നറിയപ്പെട്ടത്.
ബാല്യകാലത്ത് നെഹ്റുവിനെ ഇംഗ്ലീഷ് കവിതകളും ശാസ്ത്രവും പഠിപ്പിക്കാൻ 'ഫെർഡിനാൻഡ് ടി. ബ്രൂക്സ്' എന്ന ഐറിഷ്-ഫ്രഞ്ച് ട്യൂട്ടർ അവരുടെ വസതിയായ ആനന്ദ് ഭവനിലെത്തുമായിരുന്നു. തന്നിൽ വായനാശീലം വളർത്തിയത് ബ്രൂക്സ് ആണെന്ന് നെഹ്റു തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തിൽത്തന്നെ വിശ്വസാഹിത്യവുമായി പരിചയപ്പെടാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. അതേസമയം, നവചിന്തകളിലേക്കും പുരാണങ്ങളിലേക്കുമുള്ള വാതിലുകൾ തുറന്നുവിട്ടത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ഭാരതീയ ഇതിഹാസങ്ങളും പുരാണകഥകളും, ഗ്രീക്ക്പുരാണങ്ങളും, അറബിക്കഥകളും, ഒപ്പം ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര ചരിത്രവും കേട്ടാണ് അദ്ദേഹം വളർന്നത്.
1905-ൽ നെഹ്റു മാതാപിതാക്കൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോയി. ഹാരോയിലെ പ്രസിദ്ധമായ പബ്ലിക് സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. അവിടെനിന്ന് മികച്ച
വിജയം നേടി 1907 ഒക്ടോബറിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. രസതന്ത്രം,സസ്യശാസ്ത്രം, നാച്ചുറൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന മാർക്കോടെ 'ട്രിപ്പോസ്' ബിരുദം കരസ്ഥമാക്കി. അതിനുശേഷം ലണ്ടനിലെ 'ഇന്നർ ടെമ്പിളിൽ' നിന്ന് നിയമപഠനവും പൂർത്തിയാക്കി. നിയമബിരുദം നേടിയ ശേഷം 1912-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. വക്കീൽ ജോലി ചെയ്യുമ്പോൾത്തന്നെ പൊതുപ്രവർത്തനങ്ങളിൽ സജീവമാകുകയും അതുവഴി ദേശീയ പ്രസ്ഥാനത്തോട് അടുക്കുകയും ചെയ്തു. 1916-ലെ ലഖ്നൗ കോൺഗ്രസ് സമ്മേളനത്തിൽ വെച്ചാണ് നെഹ്റു ആദ്യമായി ഗാന്ധിജിയെ കാണുന്നത്. ഗാന്ധിജിയുമായുള്ള സൗഹൃദം നെഹ്റുവിന് കൂടുതൽ ഊർജ്ജവും കരുത്തും പകർന്നു.
തുടർന്ന് പൂർണമായി പൊതുരംഗത്തിറങ്ങിയ നെഹ്റു, 1924-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും 1925-ൽ അലഹബാദ് മുൻസിപ്പൽ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1925-ൽ ഭാര്യ കമലയുടെ ചികിത്സയ്ക്കായി സ്വിറ്റ്സർലാൻഡിലെ മൊണ്ടാനയിൽ എത്തിയപ്പോൾ, നെഹ്റു അവിടുത്തെ സാമൂഹിക മുന്നേറ്റങ്ങളും നഗരവികസനവും യൂറോപ്പിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങളും നേരിട്ടു കണ്ടറിഞ്ഞു. 1927-ൽ റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന്റെ പത്താംവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ പിതാവ് മോട്ടിലാൽ നെഹ്റുവിനൊപ്പം ജവാഹർലാലും മോസ്‌കോ സന്ദർശിച്ചിരുന്നു. റഷ്യൻ സന്ദർശനവും അവിടുത്തെ വികസന രീതികളുമാണ് പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്കായി 'പഞ്ചവത്സര പദ്ധതികൾ' നടപ്പിലാക്കാൻ നെഹ്റുവിന് പ്രേരണയായത്.
1930-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ദണ്ഡി ഉപ്പുസത്യാഗ്രഹത്തെ തുടർന്ന്, ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ നിയമലംഘന സമരങ്ങളിൽ അണിനിരന്നു. ഇതിനെത്തുടർന്ന് ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അറസ്റ്റിലായി. 1942 ഓഗസ്റ്റ് 7-ന് ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ, മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം നെഹ്റുവാണ് ചരിത്രപ്രസിദ്ധമായ 'ക്വിറ്റ് ഇന്ത്യ പ്രമേയം' അവതരിപ്പിച്ചത്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാക്കളെല്ലാം ഒരൊറ്റ ദിവസത്തിനുള്ളിൽ ജയിലിലടയ്ക്കപ്പെട്ടു. നെഹ്റുവിന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽവാസമായിരുന്നു അത് (1942 ഓഗസ്റ്റ് മുതൽ 1945 ജൂൺ വരെ). എന്നാൽ, ഈ കഠിനമായ ജയിൽ ജീവിതത്തിനിടയിലും അമൂല്യമായ ഗ്രന്ഥങ്ങൾ രചിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിന്റെ പ്രശസ്തമായ ആത്മകഥയും ലോകപ്രശസ്ത ഗ്രന്ഥമായ 'ഇന്ത്യയെ കണ്ടെത്തലും' (The Discovery of India) ഈ ജയിൽവാസ കാലത്താണ് രചിക്കപ്പെട്ടത്. ഭാരതം സ്വാതന്ത്ര്യം നേടുന്നതുവരെ ദേശഭക്തിയിൽ അടിയുറച്ചുനിന്ന് സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുൻപന്തിയിൽത്തന്നെ അദ്ദേഹം നിലകൊണ്ടു.
1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ചുമതലയേറ്റു. 1950 ജനുവരി 26-ന് ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറി. 1952-ൽ രാജ്യത്ത് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടുകയും നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മരണം വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനവും വിദേശകാര്യ മന്ത്രിസ്ഥാനവും ഒന്നിച്ച് വിജയകരമായി മുൻപോട്ടുകൊണ്ടുപോയി. 1955-ൽ രാജ്യം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു. 1964 മെയ് 27-ന് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ലോകത്തോട് വിടപറഞ്ഞു.
Content Highlights: Jawaharlal Nehru as the architect of modern India
Published: 27 May 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented