തമിഴ്നാട് ഇ-സ്പോര്ട്സ് അസോസിയേഷന് (TESA) സി.ഇ.ഒ ആണ് ലേഖകന്

പരിശീലനവും ആവശ്യമുള്ള ഒരു പ്രൊഫഷണൽ കായികമേഖലയായി ഇ-സ്പോർട്സ് മാറിയിരിക്കുന്നു. മികച്ച ആസൂത്രണം, അച്ചടക്കം, ബുദ്ധിപരമായ തന്ത്രങ്ങൾ എന്നിവയാണ് ഈ മേഖലയുടെ അടിത്തറ. ഗെയിമിങ് ലോകത്തെ ഈ വിപ്ലവകരമായ മാറ്റം, പുത്തൻ കരിയർ സാധ്യതകൾ തേടുന്ന യുവതലമുറയ്ക്ക് വലിയ വാതിലുകളാണ് തുറന്നിടുന്നത്.
എന്താണ് ഇ-സ്പോർട്‌സ്?
കംപ്യൂട്ടറിലോ മൊബൈലിലോ വീഡിയോ ഗെയിമുകൾ ഉപയോഗിച്ച് നടത്തുന്ന മത്സരങ്ങളെയാണ് ഇ-സ്പോർട്‌സ് (Electronic sports) എന്ന് വിളിക്കുന്നത്. വീഡിയോ ഗെയിമുകൾ ഇന്റർനെറ്റിലൂടെയോ വലിയ വേദികളിലോ വെച്ച് പ്രൊഫഷണലായി കളിക്കുന്ന രീതിയാണിത്. ലോകപ്രശസ്തരായ ഗെയിമർമാർ കളിക്കുന്നത് കാണാൻ ദശലക്ഷക്കണക്കിന് ആളുകൾ ഓൺലൈനായും നേരിട്ടും എത്താറുണ്ട്.
ഏഷ്യൻ ഗെയിംസ് പോലുള്ള വലിയ കായികമേളകളിൽപ്പോലും ഇന്ന് ഇ-സ്പോർട്‌സ് ഒരു മത്സരയിനമാണ്. ചൈനയിലെ ഹാങ്ഷൗവിൽ 2023-ൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഇ-സ്പോർട്‌സ് അരങ്ങേറ്റംകുറിച്ചത്. ഇതിൽ ഇന്ത്യയിൽനിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) 'ഒളിമ്പിക് ഇ-സ്പോർട്സ് ഗെയിംസ്' എന്ന പേരിൽ ഒരു പ്രത്യേക മത്സരപരമ്പര പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമാസക്തമായ ഗെയിമുകൾ ഒളിമ്പിക്സിന്റെ ഭാഗമായിരിക്കില്ലെന്ന് ഐ.ഒ.സി. വ്യക്തമാക്കിയിട്ടുണ്ട്. പകരം വെർച്വൽ സ്പോർട്‌സുകൾക്കും കായികവിനോദങ്ങളുമായി ബന്ധപ്പെട്ട ഗെയിമുകൾക്കുമാണ് മുൻഗണന.
അംഗീകാരം ഇന്ത്യയിൽ
PROG Act, 2025 പ്രകാരം ഇ-സ്പോർട്സിനെ ഒരു ഔദ്യോഗിക കായികയിനമായി ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. മത്സരബുദ്ധിയോടെയുള്ള ഇ-സ്പോർട്സിനെ പണമെറിഞ്ഞുള്ള ചൂതാട്ടത്തിൽനിന്ന് വ്യക്തമായി വേർതിരിച്ച് സർക്കാർ നൽകിയ അംഗീകാരം, ഈ മേഖലയ്ക്ക് വലിയ കരുത്തുപകർന്നു. രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രവേദികളിൽ മെഡലുകൾ നേടാൻ കഴിയുന്ന ഒരു പ്രൊഫഷണൽ കരിയറായി ഇന്ന് ഇ-സ്പോർട്സ് മാറിയിരിക്കുകയാണ്.
എന്ത് പഠിക്കാം?
ഇ-സ്പോർട്‌സുമായി ബന്ധപ്പെട്ട് ഇന്ന് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതൽ ഡിഗ്രിവരെ ലഭ്യമാണ്.
ഗെയിം ഡിസൈൻ & ഡിവലപ്മെന്റ്: ഗെയിമുകൾ നിർമിക്കാൻ പഠിക്കൽ.
ഇ-സ്പോർട്‌സ് മാനേജ്മെന്റ്: ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് പഠിക്കൽ
ഡേറ്റാ അനലിറ്റിക്‌സ്: കളിക്കാരുടെ പ്രകടനം വിശകലനംചെയ്യൽ
ഡിജിറ്റൽ മാർക്കറ്റിങ് & സ്ട്രീമിങ്: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഉള്ളടക്കം പ്രചരിപ്പിക്കൽ.
കരിയർ സാധ്യതകൾ
ഈ മേഖല വളരെ ഉയർന്ന ശമ്പളമുള്ള വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ തുറന്നുനൽകുന്നു:
- പ്രൊഫഷണൽ പ്ലേയർ: മികച്ച സ്‌കില്ലുള്ളവർക്ക് ടീമുകളുടെ ഭാഗമായി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കാം.
- ഇ-സ്പോർട്സ് കോച്ച് & അനലിസ്റ്റ്: ടീമുകൾക്ക് തന്ത്രങ്ങൾ ഉപദേശിക്കാനും ഡേറ്റ വിശകലനംചെയ്യാനും കഴിവുള്ള കളിക്കാർക്ക് ഈ മേഖലയിൽ ശോഭിക്കാം.
- ഗെയിം ഡിസൈനർ & ഡിവലപ്പർ: പുതിയ ഗെയിമുകൾ നിർമിക്കാനും അവയുടെ ഘടന തയ്യാറാക്കാനും സാങ്കേതികവിദഗ്ധർക്ക് ധാരാളം അവസരങ്ങളുണ്ട്.
- ബ്രോഡ്കാസ്റ്റ് & കമന്ററി (Casting): കായികമത്സരങ്ങൾപോലെ ഗെയിമിങ് ടൂർണമെന്റുകൾ തത്സമയം വിശദീകരിക്കുന്ന കാസ്റ്റർമാർക്കും പ്രൊഡക്ഷൻ ടീമിനും വലിയ ഡിമാൻഡുണ്ട്. ടൂർണമെന്റ് അഡ്മിനിസ്‌ട്രേറ്റർ: മത്സരങ്ങൾ സംഘടിപ്പിക്കാനും നിയന്ത്രിക്കാനും അഡ്മിൻമാർ ആവശ്യമാണ്.
- കണ്ടന്റ് ക്രിയേറ്റർ: YouTube, ട്വിച്ച് (Twitch) തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഗെയിമിങ് വീഡിയോകൾ നിർമിക്കുന്നവർക്കും വൻ സാധ്യതകളാണുള്ളത്
കളികൾ പലതരം
വൈവിധ്യമാർന്ന ഗെയിമുകളാൽ സമ്പന്നമാണ് ഇ-സ്പോർട്സ്.
ഫസ്റ്റ് പേഴ്സൺ ഷൂട്ടറുകൾ (FPS): ഗെയിമിലെ കഥാപാത്രത്തിന്റെ കണ്ണിലൂടെ കളി കാണുന്ന രീതിയിലുള്ള ഗെയിമുകൾ (ഉദാഹരണം: കൗണ്ടർ സ്‌ട്രൈക്, വാലറന്റ്).
മൾട്ടിപ്ലേയർ ഓൺലൈൻ ബാറ്റിൽ അരീന (MOBA): രണ്ട് ടീമുകൾ തന്ത്രപരമായി പോരാടി എതിരാളികളുടെ കേന്ദ്രം തകർക്കുന്ന രീതിയിലുള്ള ഗെയിമുകൾ. ഇ-സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വിഭാഗമാണിത്.
(ഉദാ: ഡോട്ട 2, ലീഗ് ഓഫ് ലെജൻഡ്സ്)
റിയൽ ടൈം സ്ട്രാറ്റജി ഗെയിമുകൾ (RTS): ഒരേസമയം വിഭവങ്ങൾ കണ്ടെത്തുകയും സൈന്യത്തെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് തന്ത്രങ്ങൾ മെനയേണ്ടി വരുന്ന ഗെയിമുകളാണിത്. (ഉദാ: സ്റ്റാർക്രാഫ്റ്റ്, എയ്ജ് ഓഫ് എംപയേഴ്‌സ്)
സ്പോർട്‌സ്, റെയ്സിങ് & ഫൈറ്റിങ് ഗെയിമുകൾ: ഫുട്‌ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികമത്സരങ്ങളുടെ വെർച്വൽ രൂപങ്ങളും (FIFA/FC), കാർ റെയ്സിങ്ങും (F1), നേരിട്ടുള്ള പോരാട്ട ഗെയിമുകളും (Tekken/Street Fighter) ഇതിൽ ഉൾപ്പെടുന്നു.
ചെസ് പോലെതന്നെ, എതിരാളിയുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള മികവ് ഇ-സ്പോർട്സിലും പ്രധാനമാണ്. വർഷങ്ങളോളം, വിവിധ എതിരാളികളുമായി മത്സരിച്ച് സ്വന്തം നിലവാരം ഉയർത്തുന്നവർക്ക് ഈ മേഖല മികച്ച കരിയർസാധ്യതയായി മാറിക്കഴിഞ്ഞു.
Content Highlights: Esports recognized as an official sport under the PROG Act 2025 in India., Diverse career paths including professional players, coaches, analysts, and content creators., Academic and certification programs available for game design, management, and data analytics., Global recognition through Asian Games and upcoming Olympic Esports Games., Strategic skill sets are as vital as gaming reflexes in modern esports.
Published: 16 May 2026, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented