1976 ഏപ്രിൽ 1. കാലിഫോർണിയയിലെ ലോസ് ആൽറ്റോസിലുള്ള വീടിന്റെ ചെറിയ ഗാരേജിൽ രണ്ട് സുഹൃത്തുക്കൾ ഒത്തുചേർന്നു. സ്റ്റീവ് ജോബ്‌സും സ്റ്റീവ് വോസ്‌നിയാക്കും. അവർക്ക് വലിയൊരു സ്വപ്നമുണ്ടായിരുന്നു. സാധാരണക്കാർക്ക് വീട്ടിലിരുന്ന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ചെറിയ കംപ്യൂട്ടർ നിർമിക്കണം. അന്ന് അവർ ചെറുപ്പക്കാരായിരുന്നു. ഓഫീസ് മുറി വാടകയ്‌ക്കെടുക്കാനുള്ള പണം അവരുടെ കൈവശമുണ്ടായിരുന്നില്ല. അതിനാൽ അവർക്ക് ലഭ്യമായ ഏറ്റവും സൗകര്യപ്രദമായ ഇടം സ്റ്റീവ് ജോബ്‌സിന്റെ വീട്ടിലെ ഗാരേജായിരുന്നു. ജോബ്‌സിന്റെ ഫോക്‌സ്‌വാഗൺ മിനിബസും വോസ്‌നിയാക്കിന്റെ പ്രോഗ്രാമബിൾ കാൽക്കുലേറ്ററും വിറ്റ് അവർ ഒരു കംപ്യൂട്ടർ നിർമിച്ചു. ഇതിന് ആപ്പിൾ 1 എന്ന് പേരിട്ടു. ആ ഗാരേജിൽനിന്ന് തുടങ്ങിയ ചെറിയ പരീക്ഷണം ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായി മാറി. ആപ്പിൾ 1 കംപ്യൂട്ടറിന് 666 ഡോളറായിരുന്നു വിലയിട്ടത്. 1977 ജനുവരി മൂന്നിന് ആപ്പിൾ കംപ്യൂട്ടർ ഇൻകോർപ്പറേറ്റഡ് (Apple Computer Inc.) എന്ന കമ്പനി നിലവിൽവന്നു. നിക്ഷേപങ്ങളും വിദഗ്‌ദേപദേശങ്ങളും ലഭിച്ചതോടെ ആപ്പിൾ വളർന്നു. പതിയെ ഓഫീസുകളും ബിസിനസ് ലോകവും ആപ്പിൾ കീഴടക്കി.

To advertise here,

മാകിന്റോഷ് എന്ന മാക്
ആപ്പിൾ കമ്പനി വികസിപ്പിച്ചെടുത്ത പേഴ്‌സണൽ കംപ്യൂട്ടറുകളുടെ ഒരു നിരയാണ് മാകിന്റോഷ് അഥവാ മാക് എന്നറിയപ്പെടുന്നത്. അക്കാലത്ത് കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ സങ്കീർണമായ കോഡുകൾ പഠിക്കണമായിരുന്നു. എന്നാൽ ഐക്കണുകളും വിൻഡോകളും ഉപയോഗിച്ച് ലളിതമായ രീതിയിൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം മാകിന്റോഷ് നൽകി. സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപകല്പനചെയ്ത ആദ്യത്തെ വാണിജ്യ കംപ്യൂട്ടറുകളിൽ ഒന്നാണ് മാക്. 1984 ജനുവരി 24-നാണ് ആദ്യത്തെ മാക് പുറത്തിറങ്ങിയത്.

കമ്പനി വിട്ട സ്റ്റീവ് ജോബ്‌സ്
മാകിന്റോഷ് കംപ്യൂട്ടറിന് വേഗമില്ല എന്ന പരാതിയോടൊപ്പം കമ്പനിയിൽ മറ്റുപല പ്രശ്നങ്ങളും ഉടലെടുത്തതോടെ 1985-ൽ സ്റ്റീവ് ജോബ്‌സ് ആപ്പിൾ കമ്പനി വിട്ടു.

മാകിന്റോഷിന്റെ അതേ സവിശേഷതകളുള്ള കംപ്യൂട്ടറുകൾ മറ്റുകമ്പനികൾ കുറഞ്ഞ വിലയ്ക്ക് വിറ്റതോടെ ആപ്പിൾ പ്രതിസന്ധിയിലായി. ഉത്പന്നങ്ങൾ വിപണിയിൽ തുടർച്ചയായി പരാജയപ്പെട്ടു. കടക്കെണിയിലേക്ക് നീങ്ങിയ ആപ്പിൾ കമ്പനിയെ കൈപിടിച്ചുയർത്താൻ വീണ്ടും സ്റ്റീവ് ജോബ്‌സ് തിരികെയെത്തേണ്ടിവന്നു.

തലവര മാറ്റിയ ഐഫോൺ
ലോകം ഇന്ന് കാണുന്ന സ്മാർട്ട്‌ഫോൺ എന്ന ആശയത്തിന്റെ പിതാവാണ് ഐഫോൺ. 2007-ലാണ് ജോബ്‌സ് ഇത് അവതരിപ്പിച്ചത്. 'മ്യൂസിക് പ്ലെയർ ആയ ഐപോഡ്, ഒരു ഫോൺ, പിന്നെ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള ഒരു ഉപകരണം. ഈ മൂന്നുകാര്യങ്ങളും വെവ്വേറെ വാങ്ങുന്നതിനുപകരം മൂന്നുംചേർന്ന ഒരൊറ്റ ഉപകരണം ഞങ്ങൾ അവതരിപ്പിക്കുന്നു' എന്നാണ് ജോബ്‌സ് പ്രഖ്യാപിച്ചത്. കീബോർഡ് ഇല്ലാത്ത ഫോൺ ആരും വാങ്ങില്ലെന്ന് പലരും വിമർശിച്ചു. പിന്നീട് വിമർശകർക്കും ഐഫോണിന്റെ പാത പിന്തുടരേണ്ടിവന്നു. പിന്നാലെ ആപ്പിൾ ആപ്പ് സ്റ്റോർ അവതരിപ്പിച്ചു. ഒരു സാധാരണ ഡിജിറ്റൽ ക്യാമറയുടെ ഗുണമേന്മയുള്ള ചിത്രങ്ങൾ സാധാരണക്കാർക്ക് ഐഫോൺ ലഭ്യമാക്കി.

പ്രോജക്ട് പർപ്പിൾ
പ്രോജക്ട് പർപ്പിൾ എന്ന രഹസ്യനാമത്തിലാണ് ഐഫോണിന്റെ വികസനം നടന്നത്. ആപ്പിളിലെ ഏറ്റവും മികച്ച എൻജിനിയർമാരും ഡിസൈനർമാരും പുറംലോകമറിയാതെ വർഷങ്ങളോളം അധ്വാനിച്ചു. സാധാരണ ഗ്ലാസ് പെട്ടെന്ന് പൊട്ടിപ്പോകും എന്ന് മനസ്സിലാക്കിയ സ്റ്റീവ് ജോബ്‌സ് പ്രത്യേകതരം ഗ്ലാസാണ് ഐഫോണിൽ ഉപയോഗിച്ചത്. ഇതാണ് പിന്നീട് ലോകം മുഴുവൻ അറിഞ്ഞ ഗോറില്ല ഗ്ലാസ്.

പേരിനുപിന്നിലെ ലാളിത്യം
കമ്പനിക്ക് എന്തുകൊണ്ട് ആപ്പിൾ എന്ന് പേരിട്ടു എന്നതിന് സ്റ്റീവ് ജോബ്‌സ് പറഞ്ഞ മറുപടി വളരെ ലളിതമായിരുന്നു. ആപ്പിൾ പഴം അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. കൂടാതെ അക്കാലത്ത് വീഡിയോ ഗെയിം നിർമാണത്തിൽ പ്രശസ്തമായിരുന്ന അറ്റാരി എന്ന കമ്പനിയെക്കാൾ ഫോൺ ഡയറക്ടറിയിൽ ആപ്പിൾ എന്ന പേര് മുകളിൽ വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അക്ഷരമാലാക്രമത്തിൽ A ആദ്യം വരുന്നതുകൊണ്ട് എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടും എന്ന തന്ത്രവും അവർ പയറ്റി.

ഐഫോണിന്റെ സമയം
ആപ്പിളിന്റെ എല്ലാ പരസ്യങ്ങളിലും സ്‌ക്രീനിൽ കാണിക്കുന്ന സമയത്തിന് ഒരു പ്രത്യേകതയുണ്ട്. 9:41 ആണിത്. 2007-ൽ സ്റ്റീവ് ജോബ്‌സ് ആദ്യത്തെ ഐഫോൺ വേദിയിൽ അവതരിപ്പിച്ച കൃത്യമായ സമയം ഇതായിരുന്നു.