ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ച  ഒന്നാണല്ലോ അമീബിക് മസ്തിഷ്‌കജ്വരം. തലച്ചോറിനേയും സുഷുമ്‌നാനാഡിയെയും പൊതിഞ്ഞുകാണപ്പെടുന്ന സംരക്ഷണപാളിയാണ് മെനിഞ്ചസ്. മെനിഞ്ചസ് പാളിക്കുണ്ടാവുന്ന അണുബാധയാണ് മസ്തിഷ്‌കജ്വരം അഥവാ മെനിഞ്ചൈറ്റിസ് എന്നറിയപ്പെടുന്നത്. മസ്തിഷ്‌കജ്വരത്തിന് പല കാരണങ്ങളുമുണ്ട്. ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളാണ് പൊതുവേ അണുബാധയുണ്ടാക്കുന്നത്. ജലാശയങ്ങളിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗലേറി, അക്കാന്തമീബ, ബലാമുത്തിയ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന അമീബകൾ വഴിയുണ്ടാകുന്ന മസ്തിഷ്‌കജ്വരമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്‌കജ്വരം. 

To advertise here,


വാസം വെള്ളത്തിൽ
ആഴമില്ലാത്ത, കെട്ടിക്കിടക്കുന്ന ജലാശയങ്ങളുടെ പ്രതലത്തിലാണ് രോഗകാരികളായ അമീബകൾ പ്രധാനമായും വളരുന്നത്. കുളങ്ങൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ ജലാശയങ്ങളിൽ ഇവയെ കാണാം. ഒപ്പം മണ്ണിലും ചെളിയിലും അമീബയുണ്ടാവും. എന്നാൽ മണ്ണിൽനിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണ്. അമീബയുള്ള ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴാണ് അവ മനുഷ്യശരീരത്തിൽ കയറുന്നത്. ചാടുമ്പോഴും മുങ്ങുമ്പോഴും വെള്ളം ശക്തിയായി മൂക്കിലേക്ക് കയറും. വെള്ളത്തിനൊപ്പം മൂക്കിലെത്തുന്ന അമീബ മൂക്കിലെ നേർത്തപാളിയിലൂടെ കടന്ന് തലച്ചോറിൽ പ്രവേശിക്കുന്നു. കർണപുടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയും അവ തലച്ചോറിലെത്താറുണ്ട്. നേരിട്ട് തലച്ചോറിലെത്തുന്ന അമീബ വളരെ പെട്ടെന്നുതന്നെ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. 

 

നേരെ തലച്ചോറിലേക്ക്
മസ്തിഷ്‌കജ്വരമുണ്ടാക്കുന്ന മറ്റ് സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയവയെല്ലാം രക്തത്തിലൂടെയാണ് തലച്ചോറിലെത്തുന്നത്. എന്നാൽ, അമീബയാവട്ടെ മൂക്കിലൂടെ നേരിട്ട് തലച്ചോറിലെത്തുന്നു. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുകയും രോഗം ഗുരുതരമാവുകയും ചെയ്യും. നെഗ്ലേറിയ ഫൗലേറി വിഭാഗത്തിൽപ്പെടുന്ന അമീബയുണ്ടാക്കുന്ന രോഗത്തെ പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന് വിളിക്കുന്നു. ഇത് മറ്റ് രോഗങ്ങളെക്കാൾ തീവ്രമാണ്. പലപ്പോഴും മരണകാരണവുമാണ്. കടുത്തപനി, തലവേദന, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. അണുബാധ പെട്ടെന്ന് പടരുകയും വൈകാതെ അസാധാരണമായ പെരുമാറ്റം, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. കുളങ്ങളിലോമറ്റോ കുളിച്ചതിനുശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. 

സൂക്ഷിച്ചാൽ...

  • കിണറ്റിലെയും സ്വിമ്മിങ് പൂളിലെയും വാട്ടർതീം പാർക്കുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യുക. കുളങ്ങൾ സാധ്യമായ രീതിയിൽ ക്ലോറിനേറ്റ് ചെയ്യുക
  • കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുകയോ ചാടുകയോ ചെയ്യരുത് 
  • കെട്ടിക്കിടക്കുന്നതും പായൽ നിറഞ്ഞതുമായ കുളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്
  • ചെവിയിലോ മൂക്കിലോ ശസ്ത്രക്രിയ കഴിഞ്ഞവർ മുങ്ങിക്കുളി ഒഴിവാക്കണം
  • മൂക്ക്, ചെവി എന്നിവ വൃത്തിയാക്കാൻ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക
  • കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതെ സൂക്ഷിക്കുക. 
  • വെള്ളം കയറാതിരിക്കാൻ നേസൽക്ലിപ്പ് ഉപയോഗിക്കാം 
  • വെള്ളക്കെട്ടുകളിലെ കളികൾ ഒഴിവാക്കുക
  • കുറെനാളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം