ഏതൊരു നാടിന്റെ ചരിത്രം ചികയുമ്പോഴും കാലപ്രവാഹത്തിൽ മൂടിപ്പോയ പല കഥകളും നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മറനീക്കി വരും. കോഴിക്കോട് പേരാമ്പ്രനിവാസിയായ തണ്ടോറമീത്തൽ കല്ല്യാണിയമ്മ, തന്റെ 98-ാം വയസ്സിൽ, അന്ന് ചരിത്രവിദ്യാർഥിയായിരുന്ന, പേരക്കുട്ടിയായ ഈ ലേഖകന് പങ്കുവെച്ചുതന്ന 'അടുമാറി' എന്ന കൃഷിരീതിയുടെ ചരിത്രം അത്തരത്തിൽ ഒന്നാണ്.

To advertise here,

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനംവരെ മലബാറിൽ സജീവമായി നടന്നിരുന്ന ഒരു കൃഷിരീതിയാണ് അടുമാറി. കുംഭമാസമാകുന്നതോടെ മലയിലെ അടുമാറികൃഷിക്ക് തുടക്കമാകും. കാട് വെട്ടിത്തെളിച്ച് കൃഷിക്ക് പാകമാക്കുന്നു. കുംഭമാസംതൊട്ട് തുലാമാസം വരെ രാവുംപകലും മലയിൽ നിറയെ ആളുകളായിരിക്കും. ഓരോരുത്തരും കൃഷിചെയ്യാനുദ്ദേശിക്കുന്ന ഭാഗം 'കാട് വാരി' പരിധി നിശ്ചയിക്കും. ഇതിന് 'അടുമാറി' എന്നാണ് പറയുന്നത്. മേടം ഒന്ന് (വിഷു) വെളുപ്പിന് കൊയ്യാള, വെളുത്തകൊയ്യാള, കറുത്ത കൊയ്യാള, കരുവാള, വില്ലൻ, എറയൻ തുടങ്ങിയ വിത്തുകൾ വിതയ്ക്കുന്നു. കൊയ്യാള കൃഷിയെന്നും ഈ കൃഷിയെ പറയുന്നുണ്ട്. വിത്തിട്ടുകഴിഞ്ഞാൽ, കാട്ടാനകളുടെ ശല്യമുള്ളതുകൊണ്ട് പുരുഷന്മാർ കാവൽ തുടങ്ങും. തുലാം പത്തിന് മുൻപ് കൊയ്ത്ത് കഴിയുന്നു. തുലാമാസം കഴിഞ്ഞിട്ട് കൊയ്യുന്നത് കരുവാള വിത്തിട്ട നെൽപ്പാടം മാത്രമാണ്. കൊയ്തെടുത്ത നെല്ല് പതം അളന്ന് കൂലിയായി കൊടുക്കും. ബാക്കി നെല്ല് കുഴിക്കളത്തിലിട്ട് മൂടും. ഏഴുദിവസം കഴിഞ്ഞേ തുറക്കുകയുള്ളൂ. ഏഴാംദിവസം വെള്ളാട്ടവും കൊടുക്കയും (മല ദൈവങ്ങൾക്കും പൂർവികർക്കുമുള്ള അർച്ചന) കഴിച്ച് കുഴിക്കളം തുറക്കുന്നു. കുഴിയടയ്ക്കുമ്പോൾ നെല്ല് പകുതിയാണ് ഉണ്ടായിരുന്നതെങ്കിൽ കുഴി തുറക്കുമ്പോൾ അത് കവിഞ്ഞൊഴുകുമത്രേ. ഇത് മലദൈവപ്രീതിയായാണ് കർഷകർ കരുതിയിരുന്നത്. എന്നാൽ, വായുകടക്കാതെ ഭദ്രമായി അടച്ച കുഴിക്കകത്തെ ചൂട് നിമിത്തം നെല്ല് വീർത്തുവരുന്നതായിരുന്നു നെല്ല് കളം കവിയാൻ കാരണം. ചതുപ്പുപോലുള്ള വയലുകളെ അടുമാറി വയൽ എന്ന് വിളിച്ചിരുന്നു. അതായത്, എളുപ്പത്തിൽ കൃഷിചെയ്യാൻ പറ്റാത്ത ഭൂമിയെ കൃഷിക്ക് പാകമാക്കുന്ന രീതിയാണ് അടുമാറി. കൊളോണിയൽ കാലത്തിനും മുൻപ് മലബാറിൽ അടുമാറിക്കൃഷി സജീവമായിരുന്നു. ചോക്കൂർ (കോഴിക്കോട് ജില്ല), കണ്ണപുരത്തെ കുറുവക്കാവ് (കണ്ണൂർ ജില്ല) ക്ഷേത്രങ്ങളിൽ കണ്ടെത്തിയ പതിനൊന്നാം നൂറ്റാണ്ടിലെ വട്ടെഴുത്ത് ലിഖിതങ്ങളിലും 20-ാം നൂറ്റാണ്ടിലെ സെറ്റിൽമെന്റ് രജിസ്റ്ററുകളിലും കാണുന്ന അടുമാറി വയലുകളെക്കുറിച്ചുള്ള പരാമർശങ്ങൾ അതിന്റെ തെളിവാണ്.

ചുരുക്കത്തിൽ, ഏതാണ്ട്, 25-നൂറ്റാണ്ടിനപ്പുറത്ത് തുടങ്ങി 1970-കൾ വരെയൊക്കെ മലബാറിൽ തുടർന്നുപോന്നിരുന്ന കാർഷികസംസ്‌കാരത്തിന്റെ ചരിത്രമാണ് അടുമാറിയുടെ ഓർമ്മകൾ നമ്മോട് പറയുന്നത്.

നമ്മുടെ വീടുകളിൽ വിശ്രമജീവിതം നയിക്കുന്ന പ്രായമായവരുടെ ഓർമ്മകൾക്ക് ഇനിയും എന്തൊക്കെ നമ്മോട് പറയാനുണ്ടാകും! ഇത് വായിക്കുന്ന കുട്ടികളോട് ഒരു അഭ്യർഥന: അവരെ കേൾക്കൂ, നാടിന്റെ ചരിത്രം അവരിൽ ലയിച്ചുകിടപ്പുണ്ട്. കേൾക്കാനാളുണ്ടെങ്കിൽ അത് പറയാൻ അവർക്ക് വലിയ ഇഷ്ടമാണ്.