കൈകുത്തിക്കളി

To advertise here,

 

കുട്ടികൾ വട്ടത്തിലിരുന്ന് കൈപ്പടം നിലത്ത് പതിപ്പിച്ച് വയ്ക്കണം. ഒരു കുട്ടി രസകരമായ പാട്ട് പാടി മുഷ്ടികൊണ്ട് കൈപ്പത്തിയിൽ മെല്ലെ കുത്തും. പാട്ടിന്റെ അവസാനം കുത്ത് കിട്ടിയയാള് കൈപ്പത്തി മലർത്തിവയ്ക്കണം. മലർത്തിവെച്ച കൈപ്പത്തിയിൽ വീണ്ടും കുത്ത് കിട്ടിയാൽ പിന്നെ മുഷ്ടി ചുരുട്ടിവയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ കളി തുടരാം. മുഷ്ടി ചുരുട്ടിയ കൈപ്പത്തിയിൽ കുത്ത് കിട്ടിയാൽ കൈ പിൻവലിക്കാം. അങ്ങനെ ആദ്യം രണ്ടുകൈകളും പിൻവലിച്ചയാളാണ് വിജയി. കളിയുടെ അവസാനം വരെ തുടരുന്നയാൾ കളിയിൽ തോൽക്കും.

ഞാനൊരാളെ കണ്ടിട്ടുണ്ട്, അക്കുത്തിക്കുത്താന വരമ്പത്ത് എന്നീ പാട്ടുകളാണ് ഈ കളിയിൽ പാടുക.

ചട്ടിപ്പന്ത്

രണ്ട് ടീമായി കളിക്കുന്ന കളിയാണിത്. ഒരു പന്തും കുറച്ച് ഓടിന്റെ കഷണങ്ങളുമാണ് കളിക്കാനാവശ്യമായ സാധനങ്ങൾ. ഒരു ടീം അട്ടിയാക്കിവെച്ച് ഓട്ടുകഷണങ്ങളിലേക്ക് പന്തെറിയുന്നു. അവ വീണാൽ എറിഞ്ഞ ടീം വീണ്ടും ആ കഷണങ്ങൾ അട്ടിയാക്കി വയ്ക്കണം. ആ സമയം എതിർ ടീം അട്ടിയാക്കി വയ്ക്കുന്ന ആൾക്കാർക്കുനേരേ പന്തെറിഞ്ഞ് അവരെ തടസ്സപ്പെടുത്തുന്നു. ആർക്കെങ്കിലും ഏറ് കൊണ്ടാൽ ആ ടീം അയോഗ്യരായി. ഇങ്ങനെ പന്തേറ് കൊള്ളാതെ ഏത് ടീമാണോ ഓട്ടുകഷണങ്ങൾ മുഴുവനായി അട്ടിയാക്കി വയ്ക്കുന്നത്, അവർ കളിയിൽ വിജയിക്കും. ഒരേസമയം രണ്ടുഭാഗത്തേക്കും ശ്രദ്ധ കൊടുക്കേണ്ട ഒരു കളിയാണിത്. ഓലപ്പന്താണ് എറിയാൻ ഉപയോഗിക്കേണ്ടത്.

കക്കുകളി

പരന്ന ചെറിയ കല്ലാണ് 'കക്ക്'. അത് പൊട്ടിയ ഓടിന്റെ കഷണമോ ടൈൽസ് കഷണമോ ഒക്കെയാകാം. നിലത്ത് നാല് കള്ളിയോ എട്ട് കള്ളിയോ ഉള്ള ചതുരം വരയ്ക്കും. ആദ്യം കളിക്കുന്നയാൾ കളത്തിന് പുറത്തുനിന്ന് കക്ക് ഒന്നാമത്തെ കള്ളിയിലേക്കെറിയും. അതിനുശേഷം ഒരു കാൽ മടക്കി, മറ്റേക്കാലിൽ ചാടി, കക്ക് അടുത്ത കളത്തിലേക്ക് തെറിപ്പിക്കണം. ഇങ്ങനെ എല്ലാ കളവും കടന്ന് കക്ക് പുറത്തെത്തിച്ചാൽ, രണ്ടാമത്തെ കളത്തിലേക്ക് കക്ക് എറിയണം. ഇങ്ങനെ, ഓരോ കളത്തിലേക്കും എറിഞ്ഞ് കളി തുടരും. ഇതിനിടയിൽ എറിയുന്ന കക്ക് വരയിൽ വീണാലോ രണ്ട് കാലും കളത്തിൽ കുത്തിയാലോ കളിക്കുന്നയാൾ ഔട്ടാകും.

നൂറ്റാംകൊള്ളി/ റാണിയും മക്കളും
ഈർക്കിൽക്കഷണങ്ങൾകൊണ്ടുള്ള കളിയാണിത്. ചെറിയ പത്ത് ഈർക്കിൽക്കഷണവും അവയെക്കാൾ നീളമുള്ള ഒരു വലിയ ഈർക്കിലുമാണ് ഈ കളിക്ക് വേണ്ടത്. ചെറിയ ഈർക്കിലിന് പത്തും വലുതിന് നൂറുമാണ് വില.

വലിയ ഈർക്കിൽ താഴേ വയ്ക്കണം. ഇതിലേക്ക് ആ പത്ത് ചെറിയ ഈർക്കിൽക്കഷണം ഒന്നിച്ചിടണം. വലിയ ഈർക്കിലിന് പുറത്തുവീണ ഒരു ഈർക്കിൽ ഉപയോഗിച്ച് വലിയ ഈർക്കിലിന്മേലുള്ളതെല്ലാം പതുക്കെ എടുക്കണം. ഒരെണ്ണം എടുക്കുമ്പോൾ മറ്റുള്ളവ ഇളകരുത്. ഇളകിയാൽ കളിയിൽനിന്ന് പുറത്താകും. അങ്ങനെ, ഏറ്റവും കൂടുതൽ ഈർക്കിൽ എടുക്കുന്നയാളാകും വിജയി. മുഴുവൻ ഈർക്കിലും എടുക്കുന്നയാൾക്ക് നൂറിന്റെ മൂല്യമുള്ള വലിയ ഈർക്കിലെടുക്കാം. എടുത്ത ഈർക്കിലുകളുടെ ആകെ മൂല്യമാണ് എടുക്കുന്നയാൾക്ക് കിട്ടുന്ന പോയിന്റ്.

ഗോട്ടികളി
മണ്ണിൽ ചെറിയ കുഴിയുണ്ടാക്കിയശേഷം അല്പം അകലെ ഒരു വരയിടുന്നു. അവിടെനിന്ന് ഗോട്ടി കുഴിയിൽ വീഴ്ത്തുകയാണ് വേണ്ടത്. കുഴിയിൽ വീണ ഗോട്ടി കളിക്കാരന് സ്വന്തമാക്കാം.