മൊരിച്ച ബ്രെഡിനോടൊപ്പമോ കേക്കുകൾക്ക് മുകളിലോ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ലെമൺ കേഡ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ:

To advertise here,

ചെറുനാരങ്ങാനീര്: ½ കപ്പ് (ഏകദേശം 3-4 വലിയ ചെറുനാരങ്ങയുടെ നീര്)
നാരങ്ങയുടെ തൊലി: 1 ടേബിൾസ്പൂൺ (നാരങ്ങയുടെ മഞ്ഞ ഭാഗം മാത്രം ഗ്രേറ്റ് ചെയ്തത്)
പഞ്ചസാര: 1 കപ്പ്
മുട്ട: 3 എണ്ണം
വെണ്ണ: അര കപ്പ് (8 ടേബിൾ സ്പൂൺ)
ഉപ്പ്: ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

ഒരു സോസ് പാനിൽ മുട്ട, പഞ്ചസാര, നാരങ്ങാനീര്, നാരങ്ങയുടെ തൊലി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പിൽ തീ കുറച്ചുവച്ച് ഈ മിശ്രിതം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഏകദേശം 10 മിനിറ്റ് കൊണ്ട് മിശ്രിതം കുറുകി വരും.

ഓർക്കണേ... തീ കൂട്ടി വെച്ചാൽ മുട്ട പെട്ടെന്ന് വെന്ത് കട്ടപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇളം ചൂടിൽ മാത്രം വേവിക്കുക.

ഈ മിശ്രിതം കുറുകി തുടങ്ങുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി വെക്കുക. ഇതിലേക്ക് വെണ്ണ കുറേശ്ശെയായി ചേർത്ത് നന്നായി ഇളക്കുക. വെണ്ണ പൂർണമായും ഉരുകി മിശ്രിതവുമായി യോജിക്കണം. ലെമൺ കേഡ് റെഡി!

ഒരു അരിപ്പയിലൂടെ ഇത് അരിച്ചെടുത്താൽ കൂടുതൽ സ്മൂത്തായ ടെക്‌സ്ചർ ലഭിക്കും. ഇനിയിത് ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. തണുക്കുമ്പോൾ ഇത് കുറച്ചുകൂടി കട്ടിയുള്ളതായി മാറും.

ടേസ്റ്റി ടിപ്‌സ്

ഒരു ഗ്ലാസ് ജാറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒന്നോ രണ്ടോ ആഴ്ച വരെ ഇത് കേടുകൂടാതെ ഇരിക്കും.

എങ്ങനെയൊക്കെ കഴിക്കാം?

1. ബ്രെഡിനൊപ്പം: ബ്രെഡിനൊപ്പം ഉപയോഗിക്കുമ്പോൾ ലെമൺ കേഡിന്റെ പുളിയും മധുരവും കലർന്ന രുചി കൃത്യമായി അറിയാൻ സാധിക്കും. നന്നായി ടോസ്റ്റ് ചെയ്ത ബ്രെഡ് അല്ലെങ്കിൽ ബണ്ണിന് മുകളിൽ വെണ്ണയ്ക്ക് പകരം ലെമൺ കേഡ് തേച്ച് കഴിക്കാം.

പാൻകേക്ക് & വാഫിൾസ് എന്നിവയിൽ തേനിനോ സിറപ്പിനോ പകരമായി ലെമൺ കേഡ് മുകളിൽ ഒഴിക്കുന്നത് ഒരു വെറൈറ്റി രുചി നൽകും.

2. കേക്കിന്റെ ഫില്ലിംഗായി: കേക്കിന്റെ ലെയറുകൾക്കിടയിൽ ഇത് ഉപയോഗിക്കുമ്പോൾ കേക്കിന് നല്ലൊരു സോഫ്റ്റ് ടെക്സ്ചറും ഫ്രഷ് ഫ്‌ളേവറും ലഭിക്കും. ലെയറുകൾക്കിടയിൽ ഒരു നേർത്ത പാളിയായി ഇത് തേക്കാം. കപ്പ്‌കേക്കുകളുടെ നടുഭാഗം അല്പം കുഴിച്ച് അവിടെ കുറച്ച് ലെമൺ കേഡ് നിറച്ച ശേഷം മുകളിൽ ക്രീം കൊണ്ട് ഐസിംഗ് ചെയ്യാം.