തിമിംഗിലം, സ്രാവ്, കൊഞ്ച്, സീൽ, കടൽപക്ഷികൾ, സസ്യങ്ങൾ  തുടങ്ങി അനേകം ജീവജാലങ്ങൾ സുഖമായി താമസിക്കുന്നൊരു കാടുണ്ട് കടലിൽ. 
ഒരുപാട്പേർക്ക് ആഹാരവും അഭയവും ശുദ്ധവായുവും നൽകി ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് വലിയ പങ്കു വഹിക്കുന്ന കെൽപ് വനങ്ങൾ. ഭൂമിയിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ ഈ കടൽക്കാടുകളെ അറിയാം...

To advertise here,

വള്ളികൾ തീർത്ത വനം!
കെൽപുകൾ എന്നാൽ സമുദ്രതീരങ്ങളിൽ കടലിനടിയിലായി കാണപ്പെടുന്ന നീളത്തിലുള്ള വള്ളികളാണ്. കടൽത്തീരത്തോട് ചേർന്ന് സൂര്യപ്രകാശം കിട്ടാനായി അവർ വെള്ളത്തിന്റെ മുകൾഭാഗത്തേക്ക് വളരുന്നു. ചെടികളെ പോലെ തന്നെ ആൽഗകൾക്കും ഭക്ഷണം പാകം ചെയ്യാൻ സൂര്യപ്രകാശം വേണം. കാടുപോലെ തിങ്ങി നിറഞ്ഞ് നിന്ന് ഇവർ സമുദ്രത്തിൽ വലിയൊരു ആവാസവ്യവസ്ഥ നിർമിക്കും. ലോകത്തിലെ 25% തീരപ്രദേശങ്ങളിലായി കെൽപ് വനങ്ങൾ ഉണ്ട്. 


കടലിനടിയിലെ ശ്വാസകോശം!
കടൽ ജീവികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ കാട്. അവർക്ക് വേണ്ട ഭക്ഷണവും താമസിക്കാനുള്ള സ്ഥലവും കെൽപുകൾ വേണ്ടുവോളം നൽകുന്നു. നമ്മുടെ കാലാവസ്ഥ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ഇവയ്ക്ക് കഴിയുന്നുണ്ട്. കാർബണും കൂടുതലായി എത്തുന്ന നൈട്രജനും ഫോസ്ഫറസും വലിച്ചെടുത്ത് കടലിന്റെയും ഭൂമിയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നവരാണിവർ. നമ്മുടെ ജീവവായുവായ ഓക്സിജൻ  കൂടുതലായും ലഭിക്കുന്നത് സമുദ്രസസ്യങ്ങളിൽ നിന്നാണ് കേട്ടോ. 

 

placeholder
കെൽപുകൾ വളരെയധികം പേടിക്കുന്ന ഒരു ജീവിയുണ്ട്- സീ അർച്ചിൻ(കടൽച്ചേന). മുള്ളൻ പന്നിയെ പോലെ ശരീരം മുഴുവൻ മുള്ളുകളോടു കൂടി പന്തിന്റെ ആകൃതിയിലുള്ള ജീവിയാണ് അർച്ചിൻ. കെൽപ് ചെടിയുടെ ഭാഗങ്ങൾ ഭക്ഷണമാക്കാറുണ്ട് അർച്ചിനുകൾ.  അർച്ചിനുകൾ നശിപ്പിച്ച വനങ്ങളെ തരിശുഭൂമി എന്നർത്ഥം വരുന്ന  അർച്ചിൻ ബാരനുകൾ എന്നാണ് വിളിക്കുന്നത്. കെൽപുകളുടെ നാശത്തിന് സമുദ്രമലിനീകരണവും വലിയൊരു കാരണമാണ്. ശക്തമായ കൊടുങ്കാറ്റുകൾ കാരണവും കെൽപ് വനങ്ങൾ അപ്രത്യക്ഷമാകാറുണ്ട്. 

placeholder
കടലിൽ തന്നെ നമ്മുടെ കെൽപുകൾക്ക് രക്ഷകന്മാരുമുണ്ട്. നീർനായ ഇനത്തിൽപ്പെട്ട സീ ഓട്ടറുകൾ എന്ന് വിളിക്കുന്ന ജീവിയാണ് ആ രക്ഷകൻ. അർച്ചിനുകളെ ഇവർ വേട്ടയാടി എണ്ണം കുറയ്ക്കും. നക്ഷത്രമീനുകളും അർച്ചിനുകളെ വേട്ടയാടാറുണ്ട്. അങ്ങനെ കെൽപ് വനങ്ങൾ സംരക്ഷിക്കപ്പെടുന്നു. ഇതുപോലെ നമുക്കും ഈ വിശിഷ്ട വനങ്ങളുടെ രക്ഷകരാകാം. എങ്ങനെയെന്നല്ലേ? നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ സംരക്ഷിക്കുന്നതും  മലീനികരണം കുറയ്ക്കുന്നതും വഴി സമുദ്രത്തെ രക്ഷിക്കാം.