ചിത്രാംഗൻ മരംകൊത്തി (Heart-spotted Woodpecker) എന്നൊരിനം നമ്മുടെ നാട്ടിലുണ്ട്. മലമ്പ്രദേശത്ത് കാണുന്ന ഈ പക്ഷിയുടെ നിറം കറുപ്പാണ്. തെളിഞ്ഞുകാണാവുന്ന രീതിയിൽ പിൻകുടുമയുണ്ട്. വളരെ കുറിയ വാലാണുള്ളത്. പൂവന് വെളുത്ത താടിയും തൊണ്ടയുമൊഴികെ തലയും മുഖവുമെല്ലാം കറുപ്പാണ്.

To advertise here,

നെറ്റിയിലും മൂർധാവിലും കുറെ ചെറിയ വെള്ളക്കുത്തുകൾ കാണാം. പിടയ്ക്ക് നെറ്റിയും മൂർധാവും മങ്ങിയ വെള്ളയായിരിക്കും. പിടയ്ക്കും പൂവനും ചിറകുകളിൽ ചുമലിൽനിന്ന് മുതുകുവരെ തൂങ്ങുന്ന ഒരു ചങ്ങലപോലെ ഇളംവെള്ളപ്പട്ടകൾ കാണാം. ഇതിൽ മുഴുവനായി ഹൃദയാകൃതിയിലുള്ള കറുത്ത പൊട്ടുകളുണ്ട്. 

'സുസീ-സുസീ' എന്നും 'ച്ലിക്-ച്ലിക്' എന്നും മറ്റുമുള്ള നേരിയ ശബ്ദങ്ങളുണ്ടാക്കും. അങ്ങാടിക്കുരുവിയെക്കാൾ അല്പം വലിയ ഈ മരംകൊത്തിക്ക് ചെറിയ ശാഖകൾക്കിടയിൽ ഇരതേടാനാണിഷ്ടം.

മറാഠാ മരംകൊത്തി (Yellow-fronted Pied Woodpecker), മുണ്ടൻ മരംകൊത്തി (Brown-crowned Pygmy Woodpecker), മരംകൊത്തിച്ചിന്നൻ (Speckled Piculet), നാട്ടുമരംകൊത്തി (Kerala Golden-backed Woodpecker), ത്രിയംഗുലി മരംകൊത്തി (Golden-backed Three-toed Woodpecker), വലിയ പൊന്നി മരംകൊത്തി (Larger Golden-backed Woodpecker), പാണ്ടൻപൊന്നി മരംകൊത്തി (Black-backed Woodpecker), മഞ്ഞപ്പിടലി മരംകൊത്തി (Small Yellownaped Woodpecker), മഞ്ഞക്കാഞ്ചി മരംകൊത്തി (Scaly-bellied Green Woodpecker), ചെമ്പൻ മരംകൊത്തി (Rufous Woodpecker), കാക്കമരംകൊത്തി (Great Black Woodpecker) എന്നിവയാണ് നാട്ടിൽ കാണുന്ന മറ്റു മരംകൊത്തികൾ.