തത്തകളെ ഇഷ്ടമില്ലാത്തവർ ഉണ്ടോ? ഭംഗിയുള്ള തൂവലുകളും

To advertise here,

സംസാരിക്കാനുള്ള കഴിവുകൊണ്ടുമെല്ലാം തത്തകളോട്

ആകർഷണം തോന്നുന്നതിൽ നമ്മെ തെറ്റുപറയാൻ പറ്റില്ല അല്ലേ?

തത്തലോകം!
പക്ഷിലോകത്തെ ബുദ്ധിമാന്മാരായി അറിയപ്പെടുന്ന പക്ഷികളിലൊന്നാണ് നമ്മുടെ തത്തകൾ. ശബ്ദം അനുകരിക്കാനുള്ള കഴിവ് ഇവയെ മനുഷ്യരുടെ അരുമകളാക്കുന്നു. സിറ്റാസിഫോർമസ് പക്ഷിഗോത്രത്തിൽപ്പെട്ട സിറ്റാസിഡേ (Psittacidae) കുടുംബക്കാരാണ് തത്തകൾ. ഏകദേശം 350-ലധികം സ്പീഷീസിലുള്ള തത്തകൾ ലോകത്തിലുണ്ട്. എന്നാൽ എല്ലാ തത്തകളും അത്ര ഓമനകളല്ല കേട്ടോ. തത്തകളിലുമുണ്ട് ചില വില്ലന്മാർ. വിളവ് കൊത്തിനശിപ്പിച്ചും മറ്റും ഇവർ കർഷകരുടെ കണ്ണിലെ കരടാവാറുമുണ്ട്.

കുഞ്ഞനും വലിയവനും!
3.5 ഇഞ്ച് മുതൽ 40 ഇഞ്ചുവരെ വലുപ്പമുള്ള തത്തകൾ ഉണ്ട്. ബഫ് ഫേസ്ഡ് പിഗ്മി പാരറ്റ് ആണ് തത്തകളിൽ കുഞ്ഞൻ. 10 ഗ്രാം ആണ് ഇതിന്റെ ഭാരം. തത്തകളിൽ വലിയവനായ കകാപോയ്ക്ക് 4 കിലോഗ്രാം വരെ ഭാരമുണ്ടാവും.

നോൺ വെജും പ്രിയം!
വെജും നോൺ വെജും ഇവരുടെ ഇഷ്ടഭക്ഷണങ്ങളാണ്. സർവഭോജികൾ ആയതിനാൽ Omnivorse എന്നും ഇവ അറിയപ്പെടുന്നു. ചിലതരം വിത്തുകൾ ഇവരുടെ ഫേവറൈറ്റ് ഫുഡ് ആണ്. ബലമുള്ള താടിയെല്ലുകൾ, കട്ടിയേറിയ ഷെല്ലുകൾ പൊട്ടിച്ച് അതിനുള്ളിലെ വിത്തുകൾ തിന്നാൻ ഇവയെ സഹായിക്കുന്നു. കാലുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ കഴിയുമെന്നത് തത്തകളുടെ മാത്രം സവിശേഷതയാണ്.

ആള് സിംപിളാ!
അറ്റം കൂർത്തതും വളഞ്ഞതുമായ ചുണ്ട്, മെലിഞ്ഞ ശരീരം, ത്രികോണാകൃതിയിൽ നീണ്ട വാൽ, കുറുകിയ കാലുകൾ എന്നിവയാണ് തത്തകളുടെ സവിശേഷതകൾ. തത്തയുടെ കാലിൽ നാല് വിരലുകൾ ഉണ്ട്. ഇതിൽ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടുമാണ്. ഇത് Zygodactyl എന്നറിയപ്പെടുന്നു.

വെറൈറ്റി വിദേശി തത്തകൾ

കിയ തത്തകൾ
പഴങ്ങളും ചെറുപ്രാണികളുമാണ് ഭക്ഷണമെങ്കിലും മാംസഭുക്കുകളായ തത്തകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കഴുകനെപ്പോലെയുള്ള കൊക്കുകൾ ഉള്ളതിനാൽ മൃഗങ്ങളുടെ മാംസം കൊത്തിവലിക്കുന്ന ശീലം ഇവയ്ക്കുണ്ടെന്ന് പറയുന്നു. ന്യൂസിലൻഡുകാരായ ഇവർ പർവതങ്ങളിൽ വസിക്കുന്ന ഏക തത്തകൾ എന്ന വിശേഷണത്തിനും അർഹരാണ്. അതിനാൽ ഇവർക്ക് ആൽപെയ്ൻ പാരറ്റ് എന്ന പേരുമുണ്ട്.

കൊക്കാറ്റൂ
തലയ്ക്കുമുകളിലായി പ്രത്യേക ആകൃതിയിലുള്ള പൂക്കളുള്ള തത്തകളാണ് കൊക്കാറ്റൂകൾ. ഈ വർഗത്തിൽ 21 ഇനം തത്തകളുണ്ട്. ഓസ്ട്രേലിയ, ന്യൂഗിനി, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലാണ് ഇവയെ കാണുന്നത്.

കകാപോ
പറക്കാൻ കഴിയാത്ത ഈ തത്തകൾക്ക് മൂങ്ങയുടെ മുഖസാദൃശ്യമുണ്ട്. ജന്മദേശം ന്യൂസിലൻഡ് ആണ്. മഞ്ഞകലർന്ന പച്ചനിറമാണ് ഇവരുടെ തൂവലിന്. കറുപ്പും തവിട്ടും നിറത്തിലുള്ള പുള്ളികൾ തൂവലുകൾക്ക് അലങ്കാരമായുണ്ട്.