പേടിയില്ലാത്തവർ ആരെങ്കിലുമുണ്ടോ? ഒന്നല്ലെങ്കിൽ മറ്റൊരു കാര്യത്തോട് നമ്മളിൽ പലർക്കും പേടിയുണ്ടാവും. ജീവികൾ, വസ്തുക്കൾ, പ്രകൃതി പ്രതിഭാസങ്ങൾ, വികാരങ്ങൾ, ബന്ധങ്ങൾ അങ്ങനെ ഓരോ സാഹചര്യങ്ങളോടും പേടി തോന്നുന്നവരുണ്ട്. പേടിക്ക് ഇംഗ്ലീഷിൽ ഫോബിയ എന്നു പറയുന്നു. വിചിത്രമായ ചില ഫോബിയകൾ പരിചയപ്പെടാം.

To advertise here,

വിമാനത്തിൽ കയറാനുള്ള ഭയം അല്ലെങ്കിൽ പറക്കാനുള്ള പേടിയാണ് എയറോഫോബിയ. വിമാനം അപകടത്തിൽപ്പെടുമോ എന്ന ചിന്തയോ വിമാനയാത്രയിൽ ഉണ്ടായ മോശം അനുഭവങ്ങളോ ഒക്കെയാണ് ഇങ്ങനെ പേടി ഉണ്ടാകാനുള്ള കാരണം.

കണ്ണാടികളോട് പേടിയുള്ള ചില കൂട്ടരുണ്ട്. കണ്ണാടിയിൽ സ്വന്തം രൂപം കാണാനുള്ള പേടിയാണിത്. കൂടാതെ കണ്ണാടിയോട് തോന്നുന്ന ഭയവുമുണ്ട്. ഈസോപ്‌ട്രോഫോബിയ എന്നാണ് ഇത് അറിയപ്പെടുന്നത്. സ്‌പെക്ട്രോ ഫോബിയ, കാറ്റോപ്‌ട്രോഫോബിയ എന്നും പറയാറുണ്ട്.

കണക്ക് എന്നു കേൾക്കുമ്പോഴേ പേടി തോന്നുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ന്യുമെറോഫോബിയയുണ്ട്! കണക്കിനോടുള്ള പേടിയാണിത്. നിരവധി ആളുകളാണ് സംഖ്യകളെ ഭയപ്പെടുന്നത്. സ്‌കൂളിൽ ഒരു ഗണിത പ്രശ്‌നം പരിഹരിക്കുന്നതിനോ നിത്യജീവിതത്തിൽ കണക്കുകൂട്ടലുകൾ നടത്തുകയോ ചെയ്യേണ്ട അവസ്ഥ ഇവരിൽ പരിഭ്രാന്തി ഉണ്ടാക്കുന്നു.

മഴയെ പേടിക്കുന്നവരും ഈ ലോകത്തുണ്ട്. മഴയോടുള്ള പേടിയാണ് ഓംബ്രോഫോബിയ. മുതിർന്നവരേക്കാൾ ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.

വെള്ളപ്പൊക്കമോ, വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങളോ ഉണ്ടാവുമോയെന്ന പേടി, ഇടിമിന്നലിനോടുള്ള പേടി, മഴയുമായി ബന്ധപ്പെട്ട നെഗറ്റീവ് ഓർമകൾ എന്നിവയെല്ലാം ഇതിനു കാരണമാണ്.

സ്മാർട്ഫോൺ ഇന്ന് എല്ലാവരുടെ കൈയിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണല്ലോ. ഫോൺ അൽപനേരം കണ്ടില്ലെങ്കിൽ അസ്വസ്ഥരാവുന്നവരാണ് നമ്മൾ. ഫോണിനെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയാണ് നോമോഫോബിയ. ഫോൺ കേടാവുന്നതോചാർജ് തീരുന്നതോ പോലും ഇവർക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്.

ഭക്ഷണത്തോടുള്ള ഭയമാണ് സിബോഫോബിയ. മറ്റാരെങ്കിലും തയ്യാറാക്കുന്ന ഭക്ഷണം കഴിക്കാനും പരിചിതമല്ലാത്ത ചേരുവകൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നതുമെല്ലാം ഇക്കൂട്ടർക്ക് പേടിയാണ്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവിത നിലവാരത്തെ വരെ ഈ ഭയം ബാധിക്കും.

മഞ്ഞനിറത്തോട് ഭയമുള്ള ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ട്. മഞ്ഞനിറം കാണുന്നത് ഇവർക്ക് അലർജിയാണ്. സാന്തോഫോബിയ (Xanthophobia) എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ലോകത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 5% ആളുകൾക്ക് ഈ പേടി ഉണ്ട്.

അമിതവൃത്തിക്കാരായ ചിലരെയെങ്കിലും നിങ്ങൾക്കറിയാമായിരിക്കും അല്ലേ? കൈകൾ എപ്പോഴും സോപ്പിട്ടു കഴുകുക, ഡോർ നോബുകൾ, കപ്പ്, കണ്ണട തുടങ്ങി നിത്യവും സമ്പർക്കം പുലർത്തുന്ന എല്ലാ സാധനങ്ങളും അണുവിമുക്തമാക്കുക. ഇങ്ങനെ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഫോബിയ മെസോഫോബിയ എന്നറിയപ്പെടുന്നു.

സുന്ദരികളായ സ്ത്രീകളോട് ഭയം തോന്നുന്നവരും ഉണ്ട്. സൗന്ദര്യമുള്ള സ്ത്രീകളെ കാണുമ്പോഴോ സംസാരിക്കുമ്പോഴോ ഉത്കണ്ഠയിൽ ആവും ഇത്തരക്കാർ. വെനുസ്‌ട്രോഫോബിയ എന്നാണ് ഈ ഭയം അറിയപ്പെടുന്നത്.

കാറ്റിനെ പേടിക്കുന്നവർ ഉണ്ടാവുമോ? കൊടുങ്കാറ്റൊക്കെ വന്നാൽ എല്ലാവർക്കും പേടി തോന്നും അല്ലേ. എന്നാൽ ആൻക്രോഫോബിയ എന്ന കാറ്റിനെ പേടിയുള്ളവർ കതക്, ജനാല എന്നിവ ഉള്ളിടങ്ങളിൽ നിന്നെല്ലാം അകലം പാലിക്കാൻ ശ്രമിക്കുന്നു. അതുപോലെ വിൻഡ് മില്ലുകൾ, എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം ഇവരെ പേടിപ്പെടുത്തുന്നു.

ഇൻജക്ഷനു പകരം ഗുളിക തന്നുകൂടേ ഡോക്ടറേ എന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാറുണ്ട്. സൂചി എന്നു കേൾക്കുമ്പോൾ തന്നെ ഭയക്കുന്ന അവസ്ഥയായാൽ ഇതൊരു ഫോബിയ ആണെന്ന് മനസിലാക്കാം. ട്രിപ്പാനാഫോബിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നതെങ്കിലും കുട്ടി വളരുമ്പോൾ ഭയവും കൂടെ വളരാതിരിക്കാൻ ശരിയായ ചികിത്സ നടത്തണം.