പാവം, ഇത്രയും ഭാരം താങ്ങി നടക്കേണ്ടിവന്നല്ലോ എന്നായിരിക്കും നിങ്ങൾ ഈ ജീവിയെ കാണുമ്പോൾ ചിന്തിക്കുക. എന്നാൽ അങ്ങനെയല്ല. ഉറുമ്പുകളുമായി നടന്നുപോകുന്ന ഈ കക്ഷി ആളത്ര പാവമൊന്നും അല്ല.

To advertise here,

ഈ വിരുതൻ ആരാണെന്നല്ലേ? ഒരിനം കൊലയാളി മൂട്ടയാണ് ഉറുമ്പുകളെ തൂക്കി നടക്കുന്ന ഈ വിരുതൻ. ഇവയുടെ പ്രധാന ഭക്ഷണമാണ് ഉറുമ്പുകൾ. ഉറുമ്പുകളെ വേട്ടയാടി കൊന്ന ശേഷം അവയെ പുറത്തുവെച്ച് നടക്കും. Acanthaspis petax എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. കൊലയാളി മൂട്ട (Assassin bug) എന്ന പേര് കിട്ടാൻ കാരണം അവയുടെ സ്വഭാവം തന്നെയാണ്.

കൊലയാളി മൂട്ടകൾ ആദ്യം അവയുടെ നീണ്ട കൊമ്പ് കൊണ്ട് ഉറുമ്പിന്റെ ശരീരത്തിൽ വിഷം കുത്തി വയ്ക്കും. സെക്കൻഡുകൾക്കുള്ളിൽ, മയങ്ങി വീഴുന്ന ഉറുമ്പിന്റെ ആന്തരികാവയവങ്ങളെ ദഹിപ്പിച്ച് ദ്രാവകരൂപത്തിലാക്കാൻ ആ വിഷത്തിന് കഴിയും. ഇരയുടെ ശരീരത്തിന്റെ ആന്തരിക ഭാഗങ്ങൾ സൂപ്പ് പരുവമാകുമ്പോൾ കൊലയാളി മൂട്ട അത് വലിച്ചുകുടിക്കും. ഉറുമ്പിന്റെ പുറന്തോട് ഒഴിച്ചുള്ള മറ്റുഭാഗങ്ങളെല്ലാം ഊറ്റിക്കുടിച്ച ശേഷം ആ പുറന്തോട് ഒരു പടച്ചട്ടപോലെ സ്വന്തം ദേഹത്ത് അണിയും.

ഉറുമ്പുകളുടെ പുറന്തൊലിയിൽ ഉള്ള ഒട്ടിപ്പിടിക്കുന്ന സ്രവം ഉപയോഗിച്ചാണ് കൊലയാളി മൂട്ടകൾ, ആ ജഡം സ്വന്തം ദേഹത്ത് ഒട്ടിച്ചുനിർത്തുന്നത്. ഇങ്ങനെ ഇരുപതോളം ഉറുമ്പുകളെ സ്വന്തം ശരീരത്തിനുപുറത്ത് കയറ്റിവെച്ച് നടക്കാൻ ഇവയ്ക്ക് കഴിയും.

കൊലയാളി മൂട്ടകളുടെ ഈ പണിക്കു പിന്നിൽ പല കാരണങ്ങളുണ്ടാവാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതിലൊന്ന് തങ്ങളെ ചാടിപ്പിടിക്കുന്ന ചിലന്തികളിൽനിന്ന് രക്ഷപ്പെടലാണ്. കാഴ്ചശക്തി ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ഇത്തരം ചിലന്തികൾ ഉറുമ്പിൻ ജഡം ഒരു ബാഗ് പോലെ പുറത്തുവെച്ച് പോകുന്ന കൊലയാളി മൂട്ടയെ കണ്ടാൽ അത് ഉറുമ്പുകൾ ചത്തുകിടക്കുകയാണ് എന്ന് കരുതി മടങ്ങിപ്പോകും. അല്ലെങ്കിൽ ഉറുമ്പുകൾ ശത്രുവിൽനിന്ന് രക്ഷപ്പെടാൻ വിഷസ്രവം പുറപ്പെടുവിച്ചാലോ എന്നുകരുതി അക്രമി പേടിച്ചോടും.

ചിലപ്പോൾ അടുത്ത ഇരയെ പിടിക്കാനുള്ള കൊലയാളി മൂട്ടകളുടെ വിദ്യയുമാകാം ഇതത്രേ. ഉറുമ്പുകളെ പോലുള്ള സമൂഹ ജീവികളുടെ ഒരു പ്രത്യേക സ്വഭാവമാണ് കൊലയാളി മൂട്ടകൾ ഇവിടെ മുതലെടുക്കുന്നത്. കൂട്ടത്തിലെ ഒരംഗം മരണപ്പെട്ടാൽ മറ്റുള്ളവർ അതിന്റെ ജഡവും ചുമന്ന് പോകുന്ന ഒരു പതിവുണ്ട് ഉറുമ്പുകൾക്ക്. അങ്ങനെ കൂട്ടുകാരന്റെ ജഡം പൊക്കിയെടുക്കാൻ വരുന്ന മറ്റ് ഉറുമ്പുകളെയും കൊലയാളി മൂട്ടകൾ ഇരയാക്കും!