ഒരു കുഞ്ഞു കൈയിലൊരു തൈ കാണണം

To advertise here,

ഒരു കുഞ്ഞു തയ്യിലൊരു തരു കാണണം

ഒരു തരുവിലൊരു നല്ല കനി കാണണം

കനിയൊന്നു തിന്നുവാൻ കിളിയെത്തണം

കിളി, കൂടൊരുക്കുന്ന വഴികാണണം

കൂട്ടിലായ് കുഞ്ഞിന്റെ കളികാണണം

കുഞ്ഞുങ്ങളാകാശ വഴിതേടണം

തളരവേ, തരുവിന്റെ തണൽ തേടണം

തണൽമരം നിറയുന്ന വഴികാണണം

വഴിയിലായ് പഥികന്നു പശിമാറണം

പശിമാറ്റുവാൻ നിറയെ ഫലമേകണം

ഫലമൊട്ടുനുകരവേ മധുവൂറണം

പ്രകൃതിക്കു വൃക്ഷപ്പുതപ്പേകണം

അവിടെ കിനാവിന്റെ തളിർ കാണണം

തളിരിട്ട സ്വപ്നങ്ങൾ പൂവാകണം

പൂപോലെ കുഞ്ഞിന്റെ ചിരികാണണം!