ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം ഉണ്ണാനിരുന്നതാണ് ഹരിക്കുട്ടന്‍. ലഞ്ച് ബോക്‌സ് ഒന്നു തുറന്നുനോക്കിയതേയുള്ളൂ അവന്‍ നെറ്റി ചുളിച്ചു. പിന്നെ ഒന്നും മിണ്ടാതെ ലഞ്ച്‌ബോക്‌സ് അതേ പോലെ അടച്ചു വച്ചു. വൈകുന്നേരം ലഞ്ച് ബോക്‌സ് കണ്ട് അമ്മ ഒച്ചയിട്ടു. ഹരിക്കുട്ടന്റെ കണ്ണുകള്‍ നിറഞ്ഞു. ''അമ്മേ... എനിക്കിനി ഉച്ചയ്ക്ക് ചോറ് വേണ്ട. വേറെ എന്തെങ്കിലും മതി!'', അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആദ്യം ദേഷ്യം വന്നെങ്കിലും അപ്പോഴാണ് അമ്മ ചിന്തിച്ചത്, ഹരിക്കുട്ടന് ഒാംലെറ്റ് വലിയ ഇഷ്ടമാണ്. അത് കൊണ്ടാണ് എന്നും അവന് ഒാംലെറ്റ് കൊടുത്തുവിടുന്നത്. പക്ഷേ, ദിവസവും ഉച്ചയ്ക്ക് ചോറും ഒാംലെറ്റും കഴിച്ച് അവന് മടുത്തുകാണും. ഹരിക്കുട്ടന്റെ അമ്മയും ജോലിക്കാരിയായതിനാല്‍ രാവിലെ അത്രയൊക്കെയേ ഉണ്ടാക്കാനും പറ്റാറുള്ളൂ.
നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മള്‍ കുട്ടികളുടെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കും.കുട്ടി ഉച്ചയ്ക്ക് കൊണ്ടുപോയ ഭക്ഷണം അതേപോലെ തിരിച്ചുകൊണ്ടുവരുന്നുണ്ടെങ്കില്‍ കൊടുത്തുവിടുന്ന ഭക്ഷണത്തിന്റെ മെനു മാറ്റാറായിരിക്കുന്നു എന്ന് തന്നെയാണ് അര്‍ത്ഥം. എന്നും ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ ആര്‍ക്കായാലും മടുക്കും. കൂട്ടുകാര്‍ കൊണ്ടുവരുന്ന ഭക്ഷണമാണ് നല്ലതെന്ന് തോന്നുന്നതും സ്വാഭാവികം. 
സ്‌കൂളിലേക്ക് ഭക്ഷണം കൊടുത്തുവിടുമ്പോള്‍ എപ്പോഴും രുചികള്‍ മാറ്റിക്കൊണ്ടിരിക്കുക. ഒരുദിവസം പച്ചക്കറികളാണ് കൂടുതല്‍ എങ്കില്‍ അടുത്തദിവസം നോണ്‍വെജ് ആവാം. ഇടയ്ക്ക് രാവിലത്തെ പലഹാരങ്ങളും കൊടുത്തുവിടുന്നതില്‍ തെറ്റില്ല. കുട്ടി എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കുക. സ്‌പെഷ്യല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അല്പം കൂടുതല്‍ കൊടുത്തുവിടണം. 'ഇന്ന് ലഞ്ച്, മോന്റെ കൂട്ടുകാര്‍ക്ക് കൂടി വച്ചിട്ടുണ്ട്' എന്നുപറയുമ്പോള്‍ കുട്ടിക്ക് ഭക്ഷണം കഴിക്കാനുള്ള താല്പര്യം കൂടും. മാത്രമല്ല പങ്കുവയ്ക്കലിന്റെ പാഠങ്ങളും പഠിക്കും. സമയമില്ലെന്നു പറഞ്ഞ് കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ചകള്‍ വരുത്തുന്നത് ഒട്ടും ശരിയല്ലെന്ന് ഓര്‍ക്കണേ!

To advertise here,