അയൽപക്കത്തെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന ശബ്ദം ജനാലയിൽക്കൂടി കേൾക്കാം. അതൊന്നും ശ്രദ്ധിക്കാതെ മൊബൈൽ ഗെയിമിൽ മതിമറന്നിരിക്കുകയാണ് റോണി. കുട്ടികൾ ഓടിച്ചാടി കളിക്കുന്നതിനേക്കാൾ നല്ലത് ഒരിടത്തിരുന്ന് ഗെയിം കളിക്കുന്നതാണെന്ന് വിശ്വസിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാൽ കൂട്ടുകൂടിക്കളിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കൂ.

To advertise here,

കൂട്ടുകൂടി കളിക്കുന്നത് സമൂഹവുമായി ഇടപെടാനുള്ള ഒരു പരിശീലനം കൂടിയാണ്. ഇതുവഴി മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് അവൻ സ്വയം പരിശീലിക്കുന്നു. പങ്കുവെക്കൽ, മറ്റൊരാളെക്കൂടി പരിഗണിക്കൽ തുടങ്ങിയ ഗുണങ്ങൾ അവർക്കുകിട്ടുന്നു.

കളിക്കിടയിലുണ്ടാകുന്ന ചെറിയ പരാജയങ്ങൾ തോൽവിയെക്കൂടി നേരിടാൻ അവരെ പ്രാപ്തരാക്കുന്നു. സന്തോഷവും സങ്കടവും പങ്കുവെക്കാൻ കൂട്ടുകാർ ഉണ്ടെന്ന ചിന്ത അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

ഗെയിമിലും ടിവിയിലും പാഴാക്കിക്കളയുന്ന ഊർജം നല്ല രീതിയിൽ വിനിയോഗിക്കാൻ കഴിയുന്നു.സർവോപരി ശാരീരികമായ വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും കൂട്ടുകൂടി ഓടിച്ചാടിക്കളിക്കുന്നത് നല്ലതാണ്. അവരുടെ കൂട്ടുകാർ നല്ലതാണോയെന്ന് നിങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രം മതി. ഇത്തിരിനേരത്തെ ദേഹമനങ്ങിക്കളി കഴിഞ്ഞാൽ അവർ കൂടുതൽ ഊർജസ്വലരായി പഠിക്കാൻ എത്തുന്നത് കാണാം.