സെപ്റ്റംബര് 10, വക്കം അബ്ദുൾ ഖാദർ രക്തസാക്ഷിത്വദിനം

കേരളത്തിന്റെ ഭഗത് സിംഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ധീരദേശാഭിമാനി വക്കം അബ്ദുൾ ഖാദറിന്റെ രക്തസാക്ഷിത്വദിനം കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശോണിമ നിറഞ്ഞ ഒരേടാണ്. ഇരുപത്തിയാറാം വയസ്സിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ആ യുവാവിന്റെ ജീവിതം ദേശാഭിമാനത്തിന്റെയും ധീരതയുടെയും ത്യാഗത്തിന്റെയും അസാധാരണമായ അധ്യായമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.
വക്കം അബ്ദുൾ ഖാദറിന്റെ ജീവിതത്തെ മനസ്സിലാക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ വക്കം മൗലവിയുടെ നവോത്ഥാന പ്രവർത്തനങ്ങളെയും ഓർക്കേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നവോത്ഥാനത്തിന്റെ വെളിച്ചം പടർത്തിക്കൊണ്ടിരുന്ന കാലത്താണ് മൗലവി തന്റെ സമുദായത്തിന്റെ സംസ്‌കരണ-വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. 1905 ജനുവരി 19-ന് സി.പി.ഗോവിന്ദപ്പിള്ള പത്രാധിപരും വക്കം മൗലവി ഉടമയുമായി ആരംഭിച്ച 'സ്വദേശാഭിമാനി', 1907-ൽ രാമകൃഷ്ണപ്പിള്ളയുടെ പത്രാധിപത്യത്തിൽ മർദിതരുടെയും സാധാരണക്കാരുടെയും ശബ്ദമായി മാറി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കുമെതിരെ, മനുഷ്യാവകാശങ്ങൾക്കും സാമൂഹ്യനീതിക്കും വേണ്ടി ആ പത്രം നിർഭയം നിലകൊണ്ടു. 1910-ൽ ഭരണകൂടം പത്രം കണ്ടുകെട്ടിയെങ്കിലും, അതിന്റെ ശബ്ദം കേരളത്തിന്റെ പൊതുബോധത്തിൽ നിന്ന് മായിച്ചുകളയാനായില്ല. 'സ്വദേശാഭിമാനി'യുടെ കണ്ടുകെട്ടലിനുശേഷം അദ്ദേഹം അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും വഴിയിലൂടെ തന്റെ ദൗത്യം തുടർന്നു. അത്തരമൊരു സാമൂഹിക-ബൗദ്ധിക അന്തരീക്ഷത്തിലാണ് വക്കം അബ്ദുൾ ഖാദർ വളർന്നുവന്നത്.
1917 മെയ് 25-ന് വക്കത്ത് ജനിച്ച മുഹമ്മദ് അബ്ദുൾ ഖാദർ മെട്രിക്കുലേഷൻ പൂർത്തിയാക്കിയശേഷം ഉപജീവനത്തിനായി സിംഗപ്പൂരിലെത്തി. എന്നാൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അദ്ദേഹത്തിന്റെ മനസ്സിനെ കീഴടക്കി. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിദേശത്ത്, പ്രത്യേകിച്ചും ഏഷ്യയിലുള്ള ഇന്ത്യക്കാർ സംഘടിച്ചിരുന്നു. ബ്രിട്ടീഷ് വൈസ്രോയിയായ ഹാർഡിഞ്ച് പ്രഭുവിനെ ഡൽഹിയിൽ വെച്ച് ബോംബെറിഞ്ഞ വിപ്ലവകാരിയായ രാഷ് ബിഹാരി ബോസായിരുന്നു അതിലെ പ്രമുഖൻ. ഇന്ത്യയിൽ നിന്ന് ഒളിച്ച് കടന്ന് ജപ്പാനിലെത്തിയ അദ്ദേഹം 1942 മാർച്ചിൽ 'ഇന്ത്യൻ ഇൻഡിപെൻഡന്റെ എന്നൊരു സംഘടനയും, സൈനിക മുന്നേറ്റത്തിനായി സെപ്റ്റംബർ 1 ന് ഇന്ത്യൻ നാഷണൽ ആർമിയും (INA) രൂപീകരിച്ചു. പിന്നീട് യുവാക്കളുടെ ആവേശമായി മാറിയ നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ജൂലൈയിൽ ഐഎൻഎ നേതൃത്വം ഏറ്റെടുത്തു.
സുഭാഷ് ചന്ദ്രബോസ് രണ്ട് സംഘടനകളെയും പുനഃസംഘടിപ്പിക്കുകയും സിവിലിയൻ മാർക്കുള്ള സൈനിക പരിശീലനം നൽകാനായി മലയായിലെ പെനാങ്ക് ഫ്രീ സ്‌കൂളിൽ 'സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട്' എന്നൊരു സൈനിക സ്ഥാപനം ആരംഭിക്കുകയും ചെയ്തു. സിവിലിയൻ മാർക്കുള്ള സൈനിക പരിശീലനവും ചാരപ്രവർത്തന ക്ലാസുകളും ആത്മഹത്യാ സ്‌ക്വാഡുകാർക്കുള്ള പരിശീലനവുമായിരുന്നു അവിടെ നടന്നിരുന്നത്. ദേശീയ പ്രസ്ഥാനത്തോട് തീവ്രമായ അഭിനിവേശമുള്ള അബ്ദുൾ ഖാദർ തന്റെ ജോലി രാജിവെച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് സമരമുഖത്തിലേക്കിറങ്ങി. ഗാന്ധിജി കേരള സന്ദർശനത്തിന്റെ ഭാഗമായി കടക്കാവൂരിൽ എത്തിയപ്പോൾ ഖാദർ നേരിട്ട് ഗാന്ധിജി വന്ന ട്രെയിനടുത്തെത്തി, അദ്ദേഹത്തെ തൊട്ടു. അന്നു മുതൽ ഖാദർ സ്വാതന്ത്ര്യസമര സേനാനിയായിക്കഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് അദ്ദേഹം ജീവിതം തന്നെ സ്വാതന്ത്ര്യസമരത്തിന് സമർപ്പിച്ചു.
1942 സെപ്റ്റംബർ 18. രാത്രി പത്ത് മണി. പെനാങ്ക് തുറമുഖത്ത് നിന്ന് ഒരു ജപ്പാനീസ് അന്തർവാഹിനി ഇന്ത്യയിലേക്കുള്ള രഹസ്യ ദൗത്യത്തിനായി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. ആത്മഹത്യാ സ്‌ക്വാഡിലെ അഞ്ചു പേരാണ് അതിലെ യാത്രികർ. കടൽ നിരീക്ഷണത്തിനുപയോഗിക്കുന്ന ആ മുങ്ങിക്കപ്പലിൽ കയറുമ്പോൾ ഓരോരുത്തരുടെയും കൈകളിൽ രണ്ട് കവറുകൾ ഏൽപ്പിക്കപ്പെട്ടു. ഒന്നിൽ ആവശ്യമായ പണവും മറ്റൊന്നിൽ ദൗത്യത്തിനുള്ള നിർദേശങ്ങളുമായിരുന്നു. നിർദേശങ്ങൾ പരസ്പരം കൈമാറുകയോ ചോദിച്ചറിയുകയോ ചെയ്യരുതെന്ന കർശന മുന്നറിയിപ്പും അവർക്കുണ്ടായിരുന്നു. ഇന്ത്യയുടെ തീരത്ത് ഇറങ്ങുന്നതിനുമുമ്പ് നിർദേശങ്ങളടങ്ങിയ കവർ അന്തർവാഹിനിയുടെ ക്യാപ്റ്റനെ ഏൽപ്പിക്കണമെന്നായിരുന്നു നിർദേശം. പന്ത്രണ്ട് തിരകൾ നിറച്ച ഓരോ തോക്കും അവർക്കു കൈമാറി. ഒരു യുദ്ധത്രില്ലർ സിനിമയെ അനുസ്മരിപ്പിക്കുന്ന ആ അതീവ സാഹസിക ദൗത്യത്തിന് ഐ.എൻ.എയുടെ 'ഫൈവ് മെൻ ആർമി' യാത്ര തുടങ്ങി. ഒൻപത് ദിവസത്തെ മുങ്ങിക്കപ്പൽ യാത്രയ്‌ക്കൊടുവിൽ അവർ ഇന്ത്യൻ സമുദ്രമേഖലയിലെത്തി. കോഴിക്കോടിനടുത്ത് താനൂർ തീരത്ത് അന്തർവാഹിനി നിർത്തി. ഇനി കടലിൽ നിന്ന് കരയിലേക്കുള്ള യാത്ര ചെറിയ റബ്ബർ ബോട്ടുകളിൽ. അബ്ദുൾ ഖാദർ, കെ.എ.ജോർജ്, സി.പി.ഈപ്പൻ, മുഹമ്മദ് ഘാനി, അനന്തൻ നായർ തുടങ്ങി അഞ്ച് സേനാനികൾ രണ്ട് ചെറുബോട്ടുകളിലായി കരയിലേക്കുള്ള സാഹസിക യാത്ര ആരംഭിച്ചു. ഭക്ഷണത്തിനായി ടിന്നിലടച്ച മാംസം, ബിസ്‌ക്കറ്റ്, കുടിവെള്ളം എന്നിവ ജപ്പാനീസ് സൈനികർ അവർക്കു നൽകിയിരുന്നു.
ചുറ്റും കൂരാക്കൂരിരുട്ട്. കടൽ കാറ്റിലും കോളിലും ക്ഷോഭിച്ചുകൊണ്ടിരുന്നു. ഒൻപത് ദിവസത്തെ അന്തർവാഹിനി യാത്ര തന്നെ അവരെ തളർത്തിയിരുന്നു. അതിനുപുറമെ അഞ്ചാറു മണിക്കൂർ നീണ്ട തുഴച്ചിൽ. ഒടുവിൽ അവർ മലപ്പുറത്തിനടുത്തുള്ള താനൂർ തീരത്ത് കരയ്ക്കണഞ്ഞു. യാത്രാക്ഷീണം, മരവിപ്പ്, ഛർദി, വയറിളക്കം എല്ലാം ചേർന്ന് അവർ തീർത്തും അവശരായി. വിശപ്പും ദാഹവും കൊണ്ട് പൊറുതിമുട്ടിയ അവർ ചുറ്റും സഹായത്തിനായി പരതി. എന്നാൽ അവർ അറിഞ്ഞിരുന്നില്ല. ഇരുട്ടിന്റെ മറവിൽ ഒരാളുടെ കണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കടൽത്തീര നിരീക്ഷണത്തിനായി സർക്കാർ നിയോഗിച്ച താത്കാലിക കോസ്റ്റൽ പട്രോളിങ് കോൺസ്റ്റബിൾ ചെറിയപുരയ്ക്കൽ മുഹമ്മദലിയായിരുന്നു അത്. യൂണിഫോം ധരിക്കാത്ത ഈ വിഭാഗത്തിന്റെ ചുമതല, കടലിലോ കടപ്പുറത്തോ അസാധാരണമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കുക എന്നതായിരുന്നു. ആ രാത്രിയിലെ ആ നിശ്ശബ്ദ നിരീക്ഷണം, വക്കം അബ്ദുൾ ഖാദറിന്റെയും സഹപ്രവർത്തകരുടെയും സാഹസിക ദൗത്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുകയായിരുന്നു.
ബ്രിട്ടീഷ് സൈനികരുടെ പിടിയിലായതോടെ ദൗത്യം പരാജയപ്പെട്ടു. കോഴിക്കോട്, മദ്രാസ് എന്നിവിടങ്ങളിലെ തടവറകളിൽ കടുത്ത ചോദ്യം ചെയ്യലിനും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. തടവറയിലെ കഠിനമായ ജീവിതവും മരണശിക്ഷയുടെ ഉറപ്പും ഖാദറിന്റെ മനസ്സിനെ തളർത്തിയില്ല. പിതാവിനയച്ച അവസാന കത്തിൽ ഒരു വിപ്ലവകാരിയുടെ ധീരതയും തത്വചിന്തകന്റെ പക്വതയും ഒരുപോലെ തെളിഞ്ഞുനിന്നു. മരണത്തെ ഭയന്നല്ല, സ്വാതന്ത്ര്യത്തിനായുള്ള ആത്മത്യാഗമായി സ്വീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹം അവസാന നിമിഷങ്ങളെ നേരിട്ടത്.
1943 സെപ്റ്റംബർ 10 ന് അബ്ദുൾ ഖാദറിനും സഹപ്രവർത്തകർക്കും വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. തൂക്കുമരത്തിലേക്ക് കയറുന്നതിന് മുമ്പും അദ്ദേഹത്തിന്റെ മനസ്സിൽ മതവിഭജനമല്ല, മതസൗഹാർദത്തിന്റെ സന്ദേശമായിരുന്നു. തന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ഹിന്ദു-മുസ്ലിം മൈത്രിയുടെ പ്രതീകമായി. ഒടുവിൽ തൂക്കുമരത്തിലേക്ക് നടന്ന ആ ധീരയുവാവിന്റെ അധരങ്ങളിൽ മുഴങ്ങിയത് ''ഭാരത് മാതാ കീ ജയ്'' എന്ന മുദ്രാവാക്യമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ആ അവസാന വിളി ഒരു യുവാവിന്റെ മരണനിമിഷത്തിലെ ശബ്ദം മാത്രമായിരുന്നില്ല; സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ ഒരു തലമുറയുടെ സ്വപ്നത്തിന്റെ പ്രതിധ്വനിയായിരുന്നു.
വക്കം അബ്ദുൾ ഖാദർ ഒരു രക്തസാക്ഷി മാത്രമല്ല; കേരളത്തിന്റെ സ്വാതന്ത്ര്യബോധത്തിന്റെയും മതസൗഹാർദത്തിന്റെയും ദേശാഭിമാനത്തിന്റെയും ജ്വലിക്കുന്ന പ്രതീകം കൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതവും ത്യാഗവും പുതിയ തലമുറ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് നമ്മുടെ ചരിത്രബോധത്തിന്റെ അനിവാര്യമായ ഭാഗമാണ്.
Content Highlights: Vakkom Abdul Khader is celebrated as Kerala's Bhagat Singh for his supreme sacrifice for Indian independence.
Published: 09 Sept 2026, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented