
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ജൂലായ് 21 ചാന്ദ്രദിനമായി ആചരിക്കുന്നു. ഇന്ത്യൻ സമയപ്രകാരം ജൂലായ് 21-നും ഗ്രീനിച്ച് സമയപ്രകാരം ജൂലായ് 20-നും ആണ് ചാന്ദ്രദിനം വരുക. നാസയുടെ അപ്പോളോ-11 ദൗത്യത്തിലാണ് മനുഷ്യർ ആദ്യമായി ചന്ദ്രനിലെത്തിയത്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ (ബസ് ആൽഡ്രിൻ), മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. നീൽ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. വീണ്ടും ചന്ദ്രനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകമിപ്പോൾ. ആ ദൗത്യങ്ങളെക്കുറിച്ച് കൂടുതലറിയാം
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിക്കുകയാണ്. എന്നാൽ, പണ്ടത്തെ അപ്പോളോ ദൗത്യങ്ങൾപോലെ പോയി, ചന്ദ്രനെ തൊട്ട്, കല്ലും മണ്ണും ശേഖരിച്ച് പെട്ടെന്ന് തിരിച്ചുവരാനല്ല ഇത്തവണത്തെ യാത്രകൾ. മറിച്ച്, അവിടെ സ്ഥിരമായി താമസിക്കാനാണ് ഇനിയുള്ള പദ്ധതി. ചന്ദ്രനിൽ വൻ ഗവേഷണകേന്ദ്രങ്ങളും അത്യാധുനിക താമസ മൊഡ്യൂളുകളും വൈദ്യുതനിലയങ്ങളും, ഒരുനാൾ ചെറിയ മനുഷ്യവാസകേന്ദ്രങ്ങളും ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ ഇന്ന് ഉറപ്പിച്ചുപറയുന്നു. ഏതാനും വർഷങ്ങൾക്കുമുൻപുവരെ ശാസ്ത്രകഥകളിൽമാത്രം നമ്മൾ വായിച്ചിരുന്ന വിസ്മയങ്ങൾ യാഥാർഥ്യമാകാൻ പോവുകയാണ്.
ചുറ്റിയെത്തിയ ആർട്ടെമിസ്
നാസയുടെ ചരിത്രപ്രസിദ്ധമായ 'ആർട്ടെമിസ്-1', 'ആർട്ടെമിസ്-2' ദൗത്യങ്ങളുടെ വൻവിജയത്തോടെ, ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള പ്രയാണത്തിൽ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. മനുഷ്യരില്ലാതെയുള്ള ആദ്യ പരീക്ഷണത്തിനു ശേഷം, ആർട്ടെമിസ്-2 ദൗത്യത്തിലൂടെ നാല് സഞ്ചാരികൾ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. എന്നാൽ, ഈ പദ്ധതികൾ കേവലം ചന്ദ്രനിൽ വീണ്ടും ഇറങ്ങുന്നതിൽമാത്രം ഒതുങ്ങുന്നില്ല. തുടർച്ചയായ ദൗത്യങ്ങളിലൂടെ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കാനാണ് നാസ ഇപ്പോൾ ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. ആർട്ടെമിസ്-4 പദ്ധതിയിലൂടെ രണ്ടുപേരെ ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ അടുത്ത ലക്ഷ്യം.
ലൂണാർ ഗെയ്റ്റവെ
ചന്ദ്രനിലേക്ക് പോകുംമുൻപ് യാത്രികർക്ക് തങ്ങാനായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ 'ലൂണാർ ഗെയ്റ്റവെ' എന്നൊരു ബഹിരാകാശനിലയം സ്ഥാപിക്കാൻ നാസ പദ്ധതിയിട്ടിരുന്നു. ഭൂമിയിൽനിന്ന് എത്തുന്ന യാത്രികർ ഈ നിലയത്തിൽ ഇറങ്ങി അവിടെയുള്ള ലാൻഡർ ഉപയോഗിച്ച് ചന്ദ്രനിലേക്ക് പോകുക എന്നതായിരുന്നു പ്ലാൻ. എന്നാൽ, ഈ പദ്ധതി താത്കാലികമായി നിർത്തിയിരിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ ചന്ദ്രന്റെ ദക്ഷിണധ്രുവം പിടിച്ചെടുക്കാനുള്ള മത്സരം കടുത്തതോടെ, സമയവും പണവും ലാഭിക്കാൻ നാസ തീരുമാനിച്ചു. ദക്ഷിണധ്രുവത്തിൽ ചൈന ആദ്യം ഒരു ബെയ്‌സ് സ്ഥാപിക്കുമെന്ന ഭയവും നാസയ്ക്കുണ്ട്. അതുകൊണ്ട് ഭ്രമണപഥത്തിലെ നിലയത്തിന് പകരം, നേരിട്ട് ചന്ദ്രന്റെ ഉപരിതലത്തിൽത്തന്നെ താവളങ്ങൾ (Moon Base) നിർമിക്കാനാണ് ഇപ്പോൾ അവരുടെ ശ്രമം.
മറഞ്ഞിരിക്കും ഐസ് ബാങ്ക്
മുൻപ് മനുഷ്യനെ ചന്ദ്രനിലെത്തിച്ച ആറ് അപ്പോളോ ദൗത്യങ്ങളും ഇറങ്ങിയത് ചന്ദ്രന്റെ മധ്യരേഖാപ്രദേശത്തായിരുന്നു. എന്നാൽ, 2023-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ആദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് സോഫ്റ്റ് ലാൻഡിങ് നടത്തി. നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളും ലക്ഷ്യമിടുന്നത് ദുർഘടംപിടിച്ച ദക്ഷിണധ്രുവമാണ്. കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശമേൽക്കാത്ത ഇവിടത്തെ ഗർത്തങ്ങളിൽ വലിയ അളവിൽ മഞ്ഞുകട്ടരൂപത്തിൽ വെള്ളമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തൽ ചാന്ദ്രപര്യവേക്ഷണത്തിന്റെ ദിശതന്നെ മാറ്റിമറിച്ചു.
ഭാവിയിലെ ചാന്ദ്രവാസത്തിന് ഈ മഞ്ഞുകട്ടകൾ നിർണായകമാണ്. ഇത് ശുദ്ധീകരിച്ച് കുടിക്കാനുള്ള വെള്ളവും ശ്വസിക്കാനുള്ള ഓക്സിജനും നിർമിക്കാം. കൂടാതെ, ഇതിലെ ഹൈഡ്രജനും ഓക്സിജനും വേർതിരിച്ച് റോക്കറ്റുകൾക്കാവശ്യമായ ദ്രാവക ഇന്ധനം ചന്ദ്രനിൽവെച്ചുതന്നെ ഉത്പാദിപ്പിക്കാം. ഭൂമിയിൽനിന്ന് വെള്ളവും ഇന്ധനവും എത്തിക്കുന്ന ഭീമമായ ചെലവ് ഒഴിവാക്കാനും ഈ ഐസ് ബാങ്ക് സഹായിക്കും.
വൈദ്യുതി വേണം ധാരാളം
ചന്ദ്രനിലെ എന്തും പ്രവർത്തിക്കാൻ വൻതോതിൽ വൈദ്യുതി വേണം. ഇതിനായി കൂറ്റൻ സൗരോർജ പാനലുകളായിരിക്കും ഉപയോഗിക്കുക. എന്നാൽ, ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. അത് കഴിഞ്ഞ് വരുന്ന രാത്രിയും 14 ഭൗമദിവസങ്ങൾ നീണ്ടുനിൽക്കും. ഈ രണ്ടാഴ്ചത്തെ കനത്ത ഇരുട്ടിൽ സോളാർ പാനലുകൾ പ്രവർത്തിക്കില്ല. അത്രയും കാലം താവളങ്ങളിൽ വെളിച്ചവും ചൂടും നിലനിർത്താൻ ചെറിയ ആണവവൈദ്യുത നിലയങ്ങളും പ്രത്യേക ബാറ്ററികളും ഉപയോഗിക്കേണ്ടിവരും. ഇതിനായി, സുരക്ഷിതമായ ചെറിയ ആണവ റിയാക്റ്ററുകൾ (Fission Surface Power Systems) വികസിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ നാസ ഇതിനകം ആസൂത്രണംചെയ്തിട്ടുണ്ട്.
ചൊവ്വയിലേക്കുള്ള ചവിട്ടുപടി
ചന്ദ്രനിലെ മനുഷ്യവാസം വെറുമൊരു ശാസ്ത്രീയപരീക്ഷണമല്ല. നാസയുടെ ഏറ്റവും പുതിയ മൂൺ ടു മാഴ്‌സ് (Moon to Mars) പദ്ധതിയുടെ പ്രധാന ഭാഗമാണിത്. നാളെ നമുക്ക് ചൊവ്വാഗ്രഹത്തിലേക്കും അതിനപ്പുറമുള്ള ദൂരലോകങ്ങളിലേക്കും മനുഷ്യരെ അയക്കേണ്ടതുണ്ട്. അതിനുമുൻപ് മറ്റൊരു ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് പഠിക്കാനുള്ള ഒരു മികച്ച പരിശീലനകേന്ദ്രംകൂടിയാണ് ചന്ദ്രൻ. ഭൂമിക്ക് പുറത്തുള്ള മനുഷ്യന്റെ ആദ്യത്തെ സ്ഥിരകോളനി അവിടെയായിരിക്കും സ്ഥാപിക്കപ്പെടുക.
എന്ന് വീടുവയ്ക്കും?
2030-കളുടെ തുടക്കത്തിൽത്തന്നെ ചന്ദ്രനിൽ ചെറിയ മനുഷ്യത്താവളങ്ങൾ ഉണ്ടാക്കാനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ആദ്യഘട്ടമായി ഏതാനും ബഹിരാകാശയാത്രികർ ചന്ദ്രനിൽ താമസിച്ച് ഗവേഷണങ്ങൾ നടത്തും. പിന്നീട്, കൂടുതൽ ആളുകൾ അവിടെ എത്തിത്തുടങ്ങും. ചന്ദ്രനിൽ വീടുകൾ നിർമിക്കുന്നത് ഭൂമിയിലെപ്പോലെ അത്ര എളുപ്പമാവില്ല. അവിടെ വായുവില്ല, കാറ്റില്ല, മഴയുമില്ല. പകൽ കൊടുംചൂടും രാത്രിയിൽ അതിശൈത്യവും മാറിമാറി വരും. കൂടാതെ, സൂര്യനിൽനിന്നും ബഹിരാകാശത്തുനിന്നും വരുന്ന അപകടകരമായ വികിരണങ്ങളും കുഞ്ഞൻ ഉൽക്കാപതനങ്ങളും ചന്ദ്രനിൽ നിരന്തരം ഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ, ഭൂമിയിലെപ്പോലെ സാധാരണ കോൺക്രീറ്റ് വീടുകൾ അവിടെ പറ്റില്ല. അവ വലുപ്പമേറിയതും തടിച്ച ഭിത്തിയുള്ളതോ കവചങ്ങളുള്ളതോ ആയിരിക്കും. അല്ലെങ്കിൽ ചന്ദ്രന്റെ മണ്ണിനടിയിലായിരിക്കും നിർമിക്കുക. വീടുണ്ടാക്കാൻ ഭൂമിയിൽനിന്ന് സിമെന്റും കല്ലുമെല്ലാം റോക്കറ്റിൽ അവിടെ എത്തിക്കുന്നതും അസാധ്യമാണ്. അതിനായി ശാസ്ത്രജ്ഞർ ഒരു സൂത്രപ്പണി കണ്ടുപിടിച്ചിട്ടുണ്ട്. ചന്ദ്രനിലെ മണ്ണുപയോഗിച്ച് 3ഡി പ്രിന്ററുകൾ വഴി റോബോട്ടുകളെക്കൊണ്ട് ഇഷ്ടികകളും ഭിത്തികളും നിർമിക്കും. അതിനായുള്ള പരീക്ഷണങ്ങൾ ഭൂമിയിലെ ലബോറട്ടറികളിൽ വിജയകരമായി നടക്കുന്നുണ്ട്.
മാനത്തെ കൃഷി
ആദ്യകാലത്ത് പാക്കറ്റുകളിലാക്കിയ ഭക്ഷണം ഭൂമിയിൽനിന്ന് കൊണ്ടുപോകുമെങ്കിലും പിന്നീട് ചന്ദ്രനിൽത്തന്നെ പച്ചക്കറികൾ വളർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കും. പ്രത്യേകം തയ്യാറാക്കിയ ചെറിയ ഹരിതഗൃഹങ്ങളിൽ കൃത്രിമ വെളിച്ചം നൽകി ഉരുളക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയവ വളർത്താനുള്ള പദ്ധതികൾ ശാസ്ത്രജ്ഞർ രൂപകല്പന ചെയ്തുകഴിഞ്ഞു. ഒരുപക്ഷേ, ഭൂമിക്ക് പുറത്ത് മനുഷ്യൻ ആദ്യമായി കൃഷിചെയ്യുന്നത് നമ്മുടെ ചന്ദ്രനിലായിരിക്കും.
Content Highlights: Transition from short-term lunar exploration to permanent human habitation
Published: 20 Jul 2026, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented