വിമാനങ്ങൾ ഉയരുന്നതിൽ അതിന്റെ ചിറകുകൾക്ക് വലിയ പങ്കുണ്ട്. ചിറകിന്റെ ആകൃതി വിമാനങ്ങൾ ഉയരാൻ ഏറെ സഹായിക്കുന്നുണ്ട്. വിമാനച്ചിറകിന്റെ ആകൃതിയുമായി ബന്ധപ്പെട്ട ഒരു ചെറിയ പരീക്ഷണം ചെയ്തു നോക്കിയാലോ?

To advertise here,

വേണ്ട സാധനങ്ങൾ:
A4 പേപ്പർ (കട്ടിയുള്ളത്), ഒരു മീറ്റർ നീളമുള്ള നൂല്, ഒരു ചെറിയ കഷണം സ്‌ട്രോ, പശ.

നിർമ്മാണ രീതി:
A4 പേപ്പർ നീളത്തിൽ പകുതിയാക്കി മുറിച്ചെടുക്കുക. അത് പകുതിയാക്കി മടക്കി കടലാസിന്റെ ഒരറ്റം അല്പം ഉള്ളിലേക്ക് കയറ്റിവെച്ച് പശ തേച്ച് ഒട്ടിക്കുക. ഇതിന്റെ മധ്യത്തിലായി ഒരു ദ്വാരമിട്ട് അതിലൂടെ സ്‌ട്രോയുടെ കഷ്ണം തിരുകി വെക്കുക.

സ്‌ട്രോയ്ക്ക് ഉള്ളിലൂടെ നൂല് കോർത്തെടുക്കുക. നൂലിന്റെ രണ്ടറ്റവും കൈകളിലാക്കി വലിച്ചു പിടിക്കുക. ഒരു വശത്തേക്ക് വലിച്ചുപിടിച്ച നൂൽ പെട്ടെന്ന് ചലിപ്പിച്ചു നോക്കൂ. നൂൽ കോർത്തിരിക്കുന്ന പേപ്പർ മുകളിലോട്ട് ഉയരുന്നത് കണ്ടില്ലേ? എന്തുകൊണ്ടാണ് പേപ്പർ മുകളിലേക്ക് ഉയർന്നത്?

ശാസ്ത്ര തത്വം:
പ്രത്യേക രീതിയിൽ മടക്കിയ പേപ്പറിന്റെ മുകളിലൂടെ വായു പെട്ടെന്ന് സഞ്ചരിക്കുമ്പോൾ ആ ഭാഗത്തുള്ള മർദ്ദം കുറയും. അപ്പോൾ പേപ്പറിന് താഴെയുള്ള മർദ്ദം കൂടിയ വായു പേപ്പർ തള്ളി മുകളിലേക്ക് ഉയർത്തും. ഇതേ രീതിയിൽ വായുവിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ ചിറകിന്റെ പ്രത്യേക ആകൃതി മൂലം താഴെനിന്നുള്ള വായു വിമാനത്തെ മുകളിലേക്ക് തള്ളി ഉയർത്തി നിർത്തും.

ബർണോളിയുടെ തത്വം ആണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത് എന്ന് കൂട്ടുകാർ ഓർക്കുമല്ലോ.

വേഗത്തിൽ ചലിക്കുന്ന വായുവിന് മർദ്ദം കുറവായിരിക്കും എന്നതാണ് ബർണോളിയുടെ തത്വം.