ക്ലാസിലെ മിടുമിടുക്കനാണ് വിനു. പക്ഷേ, അവൻ ഒരുകാര്യത്തിൽ മാത്രം പിന്നിലായിരുന്നു. മറ്റ് കുട്ടികളെപ്പോലെ വരയ്ക്കാനുള്ള കഴിവ്. എന്ത് വരച്ചാലും അതിന് ഭംഗിയില്ല എന്നവന് തോന്നും. അതുകൊണ്ടുതന്നെ അവൻ ഒന്നും വരയ്ക്കാറുമില്ല. മറ്റ് കുട്ടികൾ വരയ്ക്കുമ്പോൾ അവൻ അത് കൊതിയോടെ നോക്കിയിരിക്കും.

To advertise here,

ഒരിക്കൽ അവന്റെ അമ്മാവൻ വിദേശത്തുനിന്ന് ഒരു സെറ്റ് കളർപെൻസിലും ഡ്രോയിങ് ബുക്കും കൊണ്ടുവന്ന് കൊടുത്തു. വരയ്ക്കാൻ താത്പര്യമില്ലാത്ത അവന് ആ സമ്മാനം അത്ര ഇഷ്ടമായില്ല. എങ്കിലും വിനു അതിലെ ഒരുപെൻസിൽ എടുത്ത് ഡ്രോയിങ് ബുക്കിൽ ചുമ്മാതെ ഒരു വട്ടം വരച്ചു. പതിവുപോലെ അതത്ര നല്ല വട്ടമായില്ല. അവന് ദേഷ്യംവന്നു. ''ഹും'', പെൻസിൽ മേശമേലിട്ടിട്ട് അവൻ പോകാൻതുടങ്ങി. അപ്പോൾ ഒരു ശബ്ദം. ''ഹൗ! വിനൂ, എന്നെ ഇങ്ങനെ വരച്ചിട്ടിട്ട് പോകല്ലേ.''

ശബ്ദം കേട്ട് വിനു തിരിഞ്ഞുനോക്കി. അതാ താൻ വരച്ച വട്ടം തന്നെ നോക്കി സംസാരിക്കുന്നു. ''വിനൂ, വന്ന് എന്നെ വരച്ച് പൂർത്തിയാക്കിയിട്ട് പോകൂ. ആദ്യം രണ്ട് കണ്ണ് വരയ്ക്ക്.'' വട്ടം പറഞ്ഞത് കേട്ട് വിനു ആദ്യമൊന്ന് അമ്പരന്നു. പിന്നീട് അവൻ വേഗം പെൻസിൽ എടുത്ത് വട്ടത്തിൽ കണ്ണിന്റെ സ്ഥാനത്ത് രണ്ട് കുത്തുകളിട്ടു.

''ഹ!ഹ! കൊള്ളാം, കണ്ണ് വന്നപ്പോൾ എനിക്ക് എല്ലാം കാണാം. ശ്ശെ, എന്നാലും ഈ വട്ടം ഒന്നുകൂടി നന്നാക്കാമായിരുന്നു.'' വട്ടം പറഞ്ഞു.

വിനു നാണത്തോടെ തല ചൊറിഞ്ഞു: ''എനിക്ക് നന്നായി വരയ്ക്കാൻ അറിയില്ല ചങ്ങാതീ.''

''ഹ!ഹ! ആര് പറഞ്ഞു അറിയില്ലെന്ന്? നിനക്ക് ഇതിനെക്കാൾ നന്നായി വരയ്ക്കാൻപറ്റും. ഞാനത് പഠിപ്പിച്ചുതരാം. അതിനുമുമ്പ് എന്നെ മൊത്തം മായ്ച്ചുകളഞ്ഞിട്ട് ഒന്നുകൂടി വരയ്ക്ക്.''

വിനു റബ്ബർ എടുത്ത് ചിത്രം മായ്ച്ചുകളഞ്ഞിട്ട് വീണ്ടും വട്ടം വരച്ചു.

'' ശ്ശെടാ, നീ വീണ്ടും കണ്ണ് വരയ്ക്കാൻ മറന്നല്ലോ.''

''ഓ, ശരിയാ,'' വിനു രണ്ട് കണ്ണുകൾ വരച്ചു.

''ഇനി ഒരു മൂക്കുകൂടി വരച്ചുനോക്കൂ.''

അവൻ മൂക്ക് വരച്ചു.

അങ്ങനെ വട്ടം പറയുന്നതിനനുസരിച്ച് വിനു ഓരോന്ന് വരച്ചുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം വട്ടം ''ആഹാ, അത് നന്നായിട്ടുണ്ടല്ലോ!'' എന്ന് പ്രോത്സാഹിപ്പിക്കും. അല്ലെങ്കിൽ ''അതൊന്ന് മായ്ച്ചുകളഞ്ഞ് വീണ്ടും വരച്ചുനോക്ക്'' എന്ന് തിരുത്തും. അല്ലെങ്കിൽ ''ഹൗ, അങ്ങനെ അമർത്തല്ലേ എനിക്ക് വേദനിക്കുന്നു'' എന്ന് കരയും. ''ഇനി കുറച്ച് മുടി വരച്ചേ, ശ്രദ്ധിച്ച് വരയ്ക്കൂ'', എന്നൊക്കെ വട്ടം പറഞ്ഞുകൊണ്ടേയിരുന്നു.

കഴുത്ത് വരച്ചുകഴിഞ്ഞപ്പോൾ വട്ടം പറഞ്ഞു: ''ഇപ്പോൾ എന്നെ കണ്ടാൽ ലോലിപോപ്പുപോലെയുണ്ട്. ഒന്നുകൂടി ഒന്ന് മാറ്റിവരച്ചുനോക്ക്.''

ഇങ്ങനെ വിനു പിന്നെയും പിന്നെയും ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു. നന്നായില്ലെങ്കിൽ അത് മായ്ച്ചുകളഞ്ഞ് വീണ്ടും വരയ്ക്കും.

അങ്ങനെ വൈകുന്നേരമായപ്പോഴേക്കും അവന് വരയ്ക്കാനുള്ള ഒരു ആത്മവിശ്വാസം കൈവന്നു. രാത്രിയായപ്പോഴേക്കും മനുഷ്യരൂപം കൈവന്ന വട്ടത്തെ നോക്കി വിനു പറഞ്ഞു: ''മെനി മെനി താങ്ക്‌സ് മൈ ഡിയർ ഫ്രൻഡ്.''

അപ്പോൾ വട്ടം ചിരിച്ചു. ''എന്തിന് എന്നോട് നന്ദിപറയുന്നു. ഞാനൊന്നും ചെയ്തില്ലല്ലോ. വരയ്ക്കാൻ താത്പര്യമില്ലാതിരുന്ന നീ ഇത്രയും വരച്ചില്ലേ. നീയത് നന്നായി ആസ്വദിക്കുകയും ചെയ്തു. അല്ലേ?''

വിനു അല്പനേരം ആലോചിച്ചു. 'ശരിയാണ്. താൻ ഇതുവരെ ഇത്ര ക്ഷമയോടെ വരച്ചിട്ടില്ല. വരച്ചുതുടങ്ങുമ്പോഴേ അത് ശരിയായില്ലെന്ന് കരുതി ആ ശ്രമം ഉപേക്ഷിക്കും. ഇപ്പോഴിതാ താൻതന്നെ ഒരുപാട് ചിത്രങ്ങൾ വരച്ചിരിക്കുന്നു.'

''വിനൂ, അപ്പോൾ ഗുഡ്നൈറ്റ്!'', ആലോചിച്ചുനിൽക്കുന്ന വിനുവിനെ നോക്കി അവൻ വരച്ച മനുഷ്യരൂപം കൈ വീശി.

വിനു തന്റെ പെൻസിലും ഡ്രോയിങ് ബുക്കും മേശപ്പുറത്ത് ഭദ്രമായി വെച്ചിട്ട് ഉറങ്ങാൻകിടന്നു.

പിറ്റേന്ന് അവൻ നേരത്തേ എണീറ്റ് മേശപ്പുറത്തിരിക്കുന്ന കളർ പെൻസിലും ഡ്രോയിങ് ബുക്കും എടുക്കാൻ ഓടി. പക്ഷേ, അവിടെച്ചെന്ന അവൻ ഞെട്ടിപ്പോയി. അങ്ങനൊരു സാധനമേ അവിടില്ല. പകരം വരച്ച് മായ്ച്ചുകളഞ്ഞ ഒരു കടലാസും ഒരു സാധാരണ പെൻസിലും മാത്രം.

അപ്പോൾ ഇന്നലെ താൻ വരയ്ക്കാൻപഠിച്ചതൊക്കെ വെറുതേയായിരുന്നോ? സംശയം മാറ്റാനായി അവൻ ആ പെൻസിലും കടലാസുമെടുത്ത് ഒരുവട്ടം വരച്ചു. 'ആഹാ' താൻ എന്നും വരയ്ക്കുന്നതിനെക്കാൾ നല്ലൊരു വട്ടമായിരിക്കുന്നല്ലോ. അതിൽ രണ്ട് കണ്ണുകൂടി വരച്ചു. ''ഉഗ്രൻ!'' വിനു സന്തോഷംകൊണ്ട് തുള്ളിച്ചാടി.