മേരി അമ്മൂമ്മയുടെ വീടിന്റെ തട്ടിൻപുറത്താണ് അമ്മപ്പൂച്ചയുടെയും മക്കളുടെയും താമസം. അമ്മപ്പൂച്ചയ്ക്ക് മൂന്ന് മക്കളാണ്. മൂന്ന് മിടുമിടുക്കൻ പൂച്ചക്കുട്ടൻമാർ. ഒന്നാമന് മഞ്ഞ നിറം. രണ്ടാമന് കറുപ്പ് നിറം. മൂന്നാമനാകട്ടെ വെള്ള നിറവും.

To advertise here,

ഒരു ദിവസം മൂന്ന് പൂച്ചക്കുട്ടന്മാരും പമ്മിപ്പതുങ്ങി മേരി അമ്മൂമ്മയുടെ അടുക്കളയിൽ കയറി.

''മൂന്ന് പൂച്ചക്കുട്ടന്മാർ

പമ്മിപ്പമ്മിച്ചെന്നു

തട്ടിൽനിന്നിറങ്ങി

കട്ടുതിന്നാൻ ചെന്നു!''

അവർ ഓടിയും ചാടിയും തലകുത്തി മറിഞ്ഞും കളി തുടങ്ങി. അതിനിടെ ഒന്നാമൻ മഞ്ഞപ്പൂച്ച അമ്മൂമ്മയുടെ അരിപ്പൊടിപ്പാത്രത്തിൽ ഉരുണ്ടു വീണു. അതുകണ്ട് തല തല്ലിച്ചിരിച്ച കറുമ്പൻ പൂച്ച മഞ്ഞൾപ്പൊടിപ്പാത്രം ഉരുട്ടിയിട്ടു. അടപ്പു തുറന്ന് മഞ്ഞൾപ്പൊടി കറുമ്പൻ പൂച്ചയുടെ മേലാകെ വീണു.

ഇതെല്ലാം കണ്ട വെള്ളപ്പൂച്ച ചിരിച്ച് ചിരിച്ച് വഴി തെറ്റി പുകക്കുഴലിൽ കയറി. അടുക്കള അലങ്കോലമാക്കിയ മൂന്നു പൂച്ചക്കുട്ടന്മാരുടെയും കോലം ഒന്നു കാണേണ്ടതായിരുന്നു. അരിപ്പൊടിയിൽ വീണ ഒന്നാമൻ മഞ്ഞപ്പൂച്ച വെള്ളി വെളുമ്പനായി മാറി. മഞ്ഞൾപ്പൊടിയിൽ മുങ്ങിപ്പോയ രണ്ടാമൻ കറുമ്പൻപൂച്ച ചെണ്ടുമല്ലിപ്പൂവു പോലെ മഞ്ഞ നിറക്കാരനായി. പുകക്കുഴലിൽ ചാടിക്കയറിയ മൂന്നാമൻ വെള്ളപ്പൂച്ച മേലാകെ കരി പൂശി കറുമ്പൻപൂച്ചയായി മാറി.

''ഹയ്യോ, മൂന്നു വമ്പൻമാർ

തക്കിടതകധിമി മേളാങ്കം

അടുക്കളയാകെമറിച്ചിട്ട്

അടിപൊളിമേളം ഡിണ്ടണ്ടം!''

പക്ഷേ, നിറം മാറിയ മൂന്ന് പൂച്ചക്കുട്ടന്മാരും അടുക്കളയിൽ നിന്ന് പുറത്തു കടക്കും മുമ്പ് മേരി അമ്മൂമ്മ അങ്ങെത്തി. കലി കയറിയ അമ്മൂമ്മ ഒരു മുട്ടൻ വടിയെടുത്ത് മൂന്നിന്റെയും പിന്നാലെ പാഞ്ഞു.

അടിപേടിച്ച് ഓടിയ പൂച്ചക്കുട്ടന്മാർ ചാടിയത് വെള്ളം നിറച്ചു വെച്ച കുട്ടകത്തിനുള്ളിലാണ്. എന്തായാലും കുട്ടകത്തിലെ വെള്ളത്തിൽ നിന്നു പുറത്തുചാടിയതോടെ മഞ്ഞപ്പൂച്ച പഴയ മഞ്ഞപ്പൂച്ചയായി. അതുപോലെ വെള്ളപ്പൂച്ച പഴയ വെള്ളപ്പൂച്ചയും കറുമ്പൻ പൂച്ച പഴയ കറുമ്പൻ പൂച്ചയുമായി മാറിക്കഴിഞ്ഞിരുന്നു.