ആകാശത്ത് രണ്ട് മേഘക്കുട്ടന്മാരുണ്ടായിരുന്നു. ജാക്കെന്നും ജില്ലെന്നുമായിരുന്നു അവരുടെ പേര്. വലിയ ചങ്ങാതിമാരായിരുന്നു രണ്ടുപേരും. എന്നും വൈകുന്നേരം അവർ കാറ്റത്തൊഴുകിയൊഴുകി കുന്നിൻ ചെരുവിൽ ചെല്ലും. അവരെ നോക്കി ആ സമയം സൂര്യമാമൻ പാടും:

To advertise here,

''ജാക്ക് ആൻഡ് ജിൽ

വെന്റ് അപ് ദ ഹിൽ

ടു ഫെച്ച് എ

പെയിൽ ഓഫ് വാട്ടർ!''

അതുകേൾക്കുമ്പോൾ ജാക്കിനും ജില്ലിനും ചിരിപൊട്ടും. പാട്ടുപാടിത്തീർത്ത ശേഷം രണ്ടുപേരോടും റ്റാറ്റാ ബൈബൈ പറഞ്ഞേ സൂര്യമാമൻ മടങ്ങിപ്പോകൂ. അങ്ങനൊരു ദിവസം സൂര്യമാമൻ പോയിക്കഴിഞ്ഞ് ജാക്കും ജില്ലും പതുക്കെ നീങ്ങിനീങ്ങി വരുമ്പോഴാണ് ഒരു തണുത്ത കാറ്റടിച്ചത്. ഉറക്കം വന്ന ജാക്കൊന്നു കണ്ണടച്ചു. മേഘമല്ലേ അവൻ? അതോടെ ജാക്ക് മഴയായി പൊഴിയാൻ തുടങ്ങി. ജാക്ക് പോയത് കണ്ട് ജില്ലും പിന്നാലെ പെയ്തു. അങ്ങനെ ജാക്ക് മഴയും ജില്ല് മഴയും ചറപറാ പെയ്യാൻ തുടങ്ങി. അപ്പോൾ മേരിമോൾ കുടയും പിടിച്ച് അവളുടെ കുഞ്ഞാടിനേയും തിരഞ്ഞ് പുൽമേട്ടിൽ നടക്കുകയായിരുന്നു. കുഞ്ഞാടിനെ കാണാതെ മേരി ഇങ്ങനെ പാടി:

''മേരിക്കുണ്ടൊരു കുഞ്ഞാട്

മേനി വെളുത്തൊരു കുഞ്ഞാട്

കളിയതു നിർത്തി പോന്നോളൂ

മഴയും കാറ്റും വരണുണ്ട്!''

മേരി പറഞ്ഞതുകേട്ടിട്ടോ എന്തോ കളി നിർത്തി മേരിയെത്തേടി വരികയായിരുന്നു കുഞ്ഞാട്. കുഞ്ഞാടിനെ കണ്ടതും അവൾക്കു സന്തോഷമായി. മേരിയപ്പോൾ കൈയിൽപ്പിടിച്ച കുട മാറ്റി കുഞ്ഞാടിന്റെ കൂടെ മഴയത്ത് നൃത്തം ചെയ്യാൻ തുടങ്ങി. ജാക്ക് മഴയും ജില്ലു മഴയും അവർക്കൊപ്പം കൂടി. മഴ തീർന്നപ്പോൾ ജാക്കും ജില്ലും ഒഴുകിയൊഴുകി ആറ്റിലേക്ക് പോയി. സൂര്യന്റെ ചൂട് തട്ടുമ്പോൾ പുഴയിലേയും കടലിലേയുമെല്ലാം വെള്ളം നീരാവിയായി ആകാശത്തേക്കു പോകും. ആ വെള്ളത്തുള്ളികൾ ചേർന്ന് മേഘങ്ങളുമാകും. ദിവസങ്ങൾക്കുള്ളിൽ സൂര്യമാമൻ വന്ന് ജാക്കിനേയും ജില്ലിനേയും ആകാശത്തേക്കു തന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെച്ചെന്ന് അവർ വീണ്ടും സൂര്യമാമനൊപ്പം പാട്ടുപാടി രസിച്ചു.