മഹാ പിടിവാശിക്കാരിയും അഹങ്കാരിയുമായിരുന്നു ചിന്നുത്തത്ത. അതുകൊണ്ടുതന്നെ അവൾക്ക് കൂട്ടുകാരില്ലായിരുന്നു. ഒരുദിവസം തീറ്റതേടാനായി ചിന്നുത്തത്ത കൂടുവിട്ടിറങ്ങി. പറന്നുപറന്ന് അവൾ മനോഹരമായ ഒരു കാട്ടിലെത്തി. 'ഹായ്! എന്തു ഭംഗിയുള്ള കാട്! നിറയെ പൂക്കളും ഇഷ്ടംപോലെ കായ്കനികളും, ഹയ്യട!', ചിന്നുത്തത്ത അദ്ഭുതപ്പെട്ടു. പെട്ടെന്ന് ആ വഴി ഒരു കുഞ്ഞിത്തേനീച്ച പാറിവന്നു. എന്നിട്ടുപറഞ്ഞു:
''തത്തേ... തത്തേ... കുഞ്ഞിത്തത്തേ...
എന്തിനു വന്നൂ കാട്ടിൽ നീ?
വേഗം പോകൂ... വേഗം പോകൂ...
പോയില്ലെങ്കിൽ ആപത്ത്!''
ഇതുംപറഞ്ഞ് കുഞ്ഞിത്തേനീച്ച പാറിപ്പോയി. ''ഹും, ഞാൻ വന്നപ്പോൾ അവളുടെ അസൂയ കണ്ടില്ലേ!'' തേനീച്ച പറഞ്ഞത് ചിന്നുത്തത്ത കാര്യമാക്കിയില്ല. ചിന്നുത്തത്ത പാറിപ്പാറി ഒരു പൂമരക്കൊമ്പിലിരുന്നു. 'ഹായ് നല്ല ഭംഗിയുള്ള പൂമരം! ഇവിടെ ഒരു
കൂടുകൂട്ടി ആരുടേയും ശല്യമില്ലാതെ കഴിയാം!' ചിന്നുത്തത്ത വിചാരിച്ചു.
ഈസമയം ചിന്നുത്തത്തയുടെ അടുത്തേക്ക് ഒരു പൂമ്പാറ്റ പാറിവന്നു പറഞ്ഞു:
''തത്തേ... തത്തേ കുഞ്ഞിത്തത്തേ
എന്തിനു വന്നൂ കാട്ടിൽ നീ?
പോകൂ വേഗം പോകൂ വേഗം
പോയില്ലെങ്കിൽ ആപത്ത്!''
എന്നുപറഞ്ഞ് പൂമ്പാറ്റ പറന്നുപോയി. 'ഹും ഈ പൂമ്പാറ്റയ്ക്കും ഞാനിവിടെ വന്നത് ഇഷ്ടമായില്ലെന്ന് തോന്നുന്നു.' പിന്നീട് പൂക്കളിൽ തേൻ കുടിക്കാൻ വന്ന കരിവണ്ടും ചിന്നുത്തത്തയെ കണ്ടു. കരിവണ്ടും ഇതേ കാര്യംതന്നെ അവളോട് പറഞ്ഞു. എന്നാൽ ആരു പറഞ്ഞതും ചിന്നുത്തത്ത കാര്യമാക്കിയില്ല.
''ഹും എനിക്കാരേയും പേടിയില്ല. ഞാൻ ഈ കാട്ടിൽത്തന്നെ താമസിക്കും!'', ചിന്നുത്തത്ത പറഞ്ഞു. ചിന്നുത്തത്ത പഴുത്തു തുടുത്ത ഒരു പഴം തിന്നുകൊണ്ടിരിക്കെ പെട്ടെന്നൊരു ശബ്ദം, 'ഠേ!'
ഒച്ചകേട്ട് ചിന്നു ഞെട്ടിവിറച്ചു. നോക്കുമ്പോഴതാ ഒരു വേട്ടക്കാരൻ തന്നെ ലക്ഷ്യംവെച്ച് തോക്കുചൂണ്ടി നിൽക്കുന്നു.
'ഇനിയെന്തുചെയ്യും? ഇപ്പം
തന്റെ കഥ കഴിഞ്ഞതുതന്നെ!'
ചിന്നുത്തത്ത പേടിച്ചിരിക്കുമ്പോൾ പെട്ടെന്ന് വേട്ടക്കാരൻ ഒറ്റ നിലവിളി.
''ഹയ്യോ! എന്റെ കാത്പോയേ...'' അയാൾ തോക്കുമായി എങ്ങോട്ടോ ഓടിപ്പോയി. കാര്യമറിയാതെ അമ്പരന്ന് ഇരുന്ന ചിന്നുത്തത്തയുടെ അടുത്തേക്ക് കുഞ്ഞിത്തേനീച്ച പാറിവന്നു. ''നിന്നെ വെടിവെക്കാൻ നോക്കിയ വേട്ടക്കാരന്റെ ചെവിയിൽ ഞാൻ നല്ല കുത്തുകൊടുത്തു.
അതാ അയാൾ ഓടിപ്പോയത്. ഞാൻ പറഞ്ഞതല്ലേ നിന്നോട് ഇവിടംവിട്ട് പോകാൻ! എന്നും വേട്ടക്കാർ വരുന്ന കാടാണിത്. അതാ ഇവിടാരും താമസിക്കാത്തത്!'' തന്റെ അഹങ്കാരം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചിന്നുവിന് മനസ്സിലായി. ഇനിയൊരിക്കലും അഹങ്കാരം കാണിക്കില്ലെന്നുപറഞ്ഞ് ചിന്നു സ്വന്തം കാട്ടിലേക്ക് മടങ്ങിപ്പോയി.
Content Highlights: A cautionary tale about the dangers of being stubborn and arrogant.
Published: 06 Jul 2026, 12:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented