പണ്ട് റഷ്യയിലെ ഒരു വ്യാപാരിക്ക് മൂന്നു പെൺമക്കളുണ്ടായിരുന്നു. ഒരിക്കൽ ദൂരയാത്രയ്ക്കൊരുങ്ങിയ വ്യാപാരി അവരോട് ചോദിച്ചു: ''യാത്ര കഴിഞ്ഞു വരുമ്പോൾ ഞാൻ നിങ്ങൾക്ക് എന്താണ് കൊണ്ടു വരേണ്ടത്?''

To advertise here,

''എനിക്കൊരു സ്വർണക്കിരീടം വേണം!'', മൂത്ത മകൾ പറഞ്ഞു. ''എനിക്ക് തിളങ്ങുന്ന കണ്ണാടി മതി!'', രണ്ടാമത്തെയാളും പറഞ്ഞു.

''എനിക്ക് ഒരു ചുവന്ന സ്‌കാർലറ്റ് പൂവ് കൊണ്ടു വരാമോ?'', ഇളയമകൾ വിനയത്തോടെ അച്ഛനോട് ചോദിച്ചു. ''അതിനെന്താ. എല്ലാം കൊണ്ടുവരാം!'', വ്യാപാരി യാത്ര പറഞ്ഞിറങ്ങി.

മൂത്ത മക്കൾ പറഞ്ഞ സ്വർണക്കിരീടവും കണ്ണാടിയുമെല്ലാം വ്യാപാരി എളുപ്പത്തിൽ വാങ്ങി. എന്നാൽ ഇളയമകൾ പറഞ്ഞ സ്‌കാർലറ്റ് പൂവ് എങ്ങും കണ്ടില്ല. അയാൾ അത് തേടി അലഞ്ഞു.

കുറേ നാൾ കഴിഞ്ഞപ്പോൾ വ്യാപാരി കൊടുങ്കാട്ടിലെ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു കൊട്ടാരത്തിൽ എത്തി.അവിടെയെങ്ങും ആരെയും കണ്ടില്ല.

എന്നാൽ വ്യാപാരിയെ അദ്ഭുതപ്പെടുത്തിയ മറ്റൊന്നുണ്ടായിരുന്നു അവിടെ. കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ അതാ ഒരു ചുവന്ന സ്‌കാർലറ്റ് പൂവ് !സന്തോഷത്തോടെ അയാളത് പൊട്ടിച്ചെടുത്തു.

'ങ്റൂൂൂംംംം...' അടുത്തനിമിഷം വലിയ അലർച്ചയോടെ ഒരു രാക്ഷസൻ മുന്നോട്ടു വന്നു.

''എന്തിനാണ് നീയെന്റെ പൂന്തോട്ടത്തിൽ കടന്ന് പൂ പൊട്ടിച്ചെടുത്തത്?'' അത് വ്യാപാരിയോട് അലറി!

പേടിച്ചു വിറച്ച് വ്യാപാരി നടന്നതെല്ലാം ആ രാക്ഷസനോട് പറഞ്ഞു.

''ഓഹോ, എങ്കിൽ നിന്റെ ഇളയമകൾ ഇനിമുതൽ ഇവിടെ താമസിക്കട്ടെ. ഇല്ലെങ്കിൽ ജീവനോടെ നീ പോകില്ല.'', രാക്ഷസൻ വീണ്ടും അലറി.

ഗത്യന്തരമില്ലാതെ വ്യാപാരി എല്ലാം സമ്മതിച്ചു. വീട്ടിലെത്തിയപ്പോൾ അയാൾ സങ്കടത്തോടെ ഇളയമകളോട് കാര്യങ്ങളെല്ലാം പറഞ്ഞു. അതുകേട്ട് അവൾ പറഞ്ഞു: ''അച്ഛൻ പേടിക്കേണ്ട. ഞാൻ ആ കൊട്ടാരത്തിൽ കഴിഞ്ഞോളാം!''

അങ്ങനെ അവൾ കാട്ടിലെ കൊട്ടാരത്തിൽ താമസമാക്കി. നല്ലവളായ അവളുടെ പെരുമാറ്റം ഇഷ്ടമായ രാക്ഷസൻ അവൾക്ക് വലിയ സമ്മാനങ്ങളും നല്ല ആഹാരവും നൽകി. എന്നാൽ ഒരിക്കൽപ്പോലും രാക്ഷസൻ അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം അവളൊരു സ്വപ്നം കണ്ടു. തന്റെ അച്ഛനെന്തോ അപകടം പറ്റിയിരിക്കുന്നു! എത്രയും വേഗം അച്ഛനടുത്തെത്തണം.

അവൾ രാക്ഷസനോട് അനുവാദം ചോദിച്ചു. രാക്ഷസൻ പറഞ്ഞു: ''നീ പൊയ്ക്കോളൂ. പക്ഷേ, വൈകുന്നേരത്തിനുള്ളിൽ തിരിച്ചു വരണം. ഇല്ലെങ്കിൽ എനിക്കെന്റെ ജീവൻ നഷ്ടപ്പെടും!''

''ഞാൻ വേഗം തിരികെ എത്താം!'', അവൾ ഉറപ്പു നൽകി.

അങ്ങനെ അവൾ തന്റെ അച്ഛന്റെ അടുത്തെത്തി. അവൾ പറഞ്ഞു: ''വൈകുന്നേരമാകുമ്പോഴേക്കും എനിക്ക് തിരിച്ചു പോകണം. ഇല്ലെങ്കിൽ നല്ലവനായ രാക്ഷസന് മരണം സംഭവിക്കും.''

ഇതെല്ലാം അവളുടെ അസൂയാലുക്കളായ മൂത്ത സഹോദരിമാർ ഒളിച്ചു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. അവൾ മടങ്ങിപ്പോകാതിരിക്കാൻ അവർ ഒരു സൂത്രം ചെയ്തു. വീട്ടിലെ ക്ലോക്കിന്റെ സൂചി പിറകിലേക്ക് തിരിച്ചു വച്ചു.

സമയം പോകുന്നതറിയാതെ പെൺകുട്ടി അച്ഛനോടൊപ്പമിരുന്നു. പെട്ടെന്നാണ് അവൾക്ക് ബോധമുണ്ടായത്. ''അയ്യോ,സമയമെത്രയോ കഴിഞ്ഞിരിക്കുന്നു.'' അവൾ വേഗം തന്നെ കൊട്ടാരത്തിലേക്ക് തിരിച്ചു.

എന്നാൽ ഏറെ വൈകിയിരുന്നു. കൊട്ടാരത്തിലെ പൂന്തോട്ടത്തിനുള്ളിൽ സ്‌കാർലറ്റ് പൂവിൽ തലചായ്ച്ച് രാക്ഷസൻ മരിച്ചു കിടന്നു. ഇതുകണ്ടതും സങ്കടം സഹിക്കാതെ ആ പെൺകുട്ടി കരഞ്ഞു.

അവളുടെ കണ്ണുനീർ രാക്ഷസന്റെ ശരീരത്തിൽ വീണു. അദ്ഭുതം! രാക്ഷസൻ കണ്ണുതുറന്നു. പതുക്കെപ്പതുക്കെ രാക്ഷസന്റെ രൂപം മാറാൻ തുടങ്ങി. പകരം ഒരു രാജകുമാരൻ അവിടെ പ്രത്യക്ഷനായി. ശാപം കിട്ടി ഭീകരരൂപിയായിത്തീർന്നതായിരുന്നു ആ രാജകുമാരൻ.

പിന്നീടുള്ള കാലം അവർ സുഖമായി ആ കൊട്ടാരത്തിൽ ജീവിച്ചു.