അപ്പുവും രാമുവും അയൽക്കാരായ കുട്ടികളായിരുന്നു. ഒരുദിവസം അപ്പുവിന് അവന്റെ അമ്മാവൻ ഒരു നല്ല പന്ത് സമ്മാനമായി നൽകി. അപ്പു ഉടനെ പന്തുമായി കളിക്കാനിറങ്ങി. രാമുവും ഒപ്പം കളിക്കാൻ കൂടി. പക്ഷേ, വികൃതിയായ അപ്പു രാമുവിന് പന്ത് കളിക്കാൻ കൊടുക്കാതെ പന്തുമായി ഓടിനടന്നു. പാവം രാമു! ഒന്നും പറയാതെ മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു.

To advertise here,

അപ്പു രാമുവിന്റെ മുമ്പിലൂടെ പന്തടിച്ചുനടന്ന് രാമുവിനോട് പറഞ്ഞു:

''പന്തുരുട്ടി കളിക്കാൻ

എന്തു രസം നോക്കൂ!

പന്തു തട്ടിക്കളിക്കാൻ

കൂട്ടുവേണ്ട ആരും!''

പാവം രാമു ഇതുകേട്ട് മിണ്ടാതെ മരത്തിന്റെ ചുവട്ടിലിരുന്നതേയുള്ളൂ.

കുറച്ചുകഴിഞ്ഞപ്പോൾ അപ്പു തട്ടിയ പന്ത് ഉയർന്നുപൊങ്ങി മരത്തിന്റെ കൊമ്പിൽ തങ്ങിനിന്നു.

'ഇനി എന്തുചെയ്യും? മരക്കൊമ്പാണെങ്കിൽ എത്ര ഉയരത്തിലാണ്! പന്തുകിട്ടാൻ ഒരു മാർഗവുമില്ല!', അപ്പു ചിന്തിച്ചുനിന്നു. ഇതുകണ്ട രാമു വേഗം തന്റെ വീട്ടിലേക്കോടിപ്പോയി. ഒരു ഏണിയും തോട്ടിയും കൊണ്ടുവന്നു. ഏണി മരത്തിൽ ചാരിവെച്ച് തോട്ടികൊണ്ട് പന്ത് കുത്തിയെടുക്കാൻ ശ്രമംതുടങ്ങി. രാമുവിന്റെ സഹായം കണ്ടപ്പോൾ അപ്പുവിന് തന്റെ പ്രവൃത്തിയിൽ ദുഃഖം തോന്നി.

ഒടുവിൽ രാമു അപ്പുവിന് പന്ത് എടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു:

''ചങ്ങാതീ, നീ പന്തു കളിക്ക്

ഞാനത് കണ്ട് രസിച്ചോളാം

പന്തുകളിക്കാനായില്ലേലും

പന്തെടുക്കാൻ കൂടാലോ!''

അപ്പുവിന് ഇത് കേട്ടപ്പോൾ വളരെ സങ്കടം തോന്നി.

'ഇനി ഞാൻ ഒരിക്കലും ചങ്ങാതിമാരുമായി എന്റെ കളിസാധനങ്ങൾ പങ്കുവയ്ക്കാതിരിക്കില്ല!', അപ്പു തീരുമാനിച്ചു.

തെറ്റ് മനസ്സിലാക്കിയ അപ്പു രാമുവിനോട് മാപ്പുചോദിച്ചു.

രാമു സന്തോഷത്തോടെ അപ്പൂനെ കെട്ടിപ്പിടിച്ചു. പിന്നീട് ഇരുവരും പന്തെടുത്തുകൊണ്ട് മാവിൻചോട്ടിൽ പന്തുകളിച്ച് രസിച്ചു.