ഒരിക്കൽ ശിവനും ബ്രഹ്‌മാവും തമ്മിൽ എന്തോ കാര്യങ്ങൾ പറഞ്ഞ് വാക്കേറ്റമുണ്ടായി. ദേഷ്യം വന്ന ശിവൻ ബ്രഹ്‌മാവിന്റെ ഒരു തലയങ്ങ് നുള്ളിക്കളഞ്ഞു! കോപിഷ്ഠനായ ബ്രഹ്‌മാവിന്റെ നെറ്റിയിൽ കുറെ വിയർപ്പു തുള്ളികൾ പൊടിഞ്ഞു. ബ്രഹ്‌മാവ് ഈ വിയർപ്പു തുള്ളികൾ വടിച്ചെടുത്ത് നിലത്തെറിഞ്ഞു.
അദ്ഭുതം! ആ വിയർപ്പിൽ നിന്ന് വില്ലും ആവനാഴിയും ധരിച്ച ഒരു പുരുഷൻ ഉയർന്നു വന്നു. ബ്രഹ്‌മാവ് അയാളെ സ്വേദജൻ എന്നു വിളിച്ചു. സ്വേദം എന്നാൽ വിയർപ്പാണല്ലോ? അതു കൊണ്ടാണ് സ്വേദത്തിൽ നിന്നും ജനിച്ചയാൾക്ക് സ്വേദജൻ എന്നു പേരിട്ടത്.
''ഞാൻ എന്ത് ചെയ്യണം?'' സ്വേദജൻ ബ്രഹ്‌മാവിനോട് ചോദിച്ചു. ''ശിവനെ എത്രയും പെട്ടെന്ന് കൊല്ലണം!' ബ്രഹ്‌മാവ് ആജ്ഞാപിച്ചു.
സ്വേദജന്റെ വരവു കണ്ട് പേടിച്ചുപോയ ശിവൻ വിഷ്ണുവിനെ അഭയം പ്രാപിച്ചു. ''എനിക്കെന്തെങ്കിലും തരിക!'' എന്ന് വിഷ്ണുവിനോട് ശിവൻ അപേക്ഷിച്ചു. മറ്റൊന്നും കൈവശമില്ലാതിരുന്ന മഹാവിഷ്ണു തന്റെ വലത്തെ കൈ ശിവന് ഭിക്ഷയായി കൊടുത്തു.
ഉടനെ ശിവൻ തന്റെ ശൂലമെടുത്ത് ആ കൈയിൽ കുത്തി മുറിവേൽപ്പിച്ചു. അതോടെ മുറിവിൽ നിന്ന് രക്തം ഇറ്റു വീഴാൻ തുടങ്ങി. രണ്ടു വർഷക്കാലം തുടർച്ചയായി ശിവൻ ഈ ഭിക്ഷയും സ്വീകരിച്ചു നിന്നു. അവസാനം ശിവനോട് വിഷ്ണു ''നിറഞ്ഞീലയോ?'' എന്നു ചോദിച്ചു. ''നിറഞ്ഞു'' എന്നു ശിവൻ മറുപടി പറഞ്ഞു. അതോടെ വിഷ്ണുവിന്റെ കൈയിൽ നിന്നും രക്തം ഒഴുകുന്നത് നിന്നു.
ശിവൻ ആ രക്തത്തെ ആയിരം വർഷം കണ്ണുകൊണ്ടു നോക്കി കൈ കൊണ്ടു കശക്കി! ക്രമേണ ആ രക്തം ഒരു കുമിളയായിത്തീർന്നു. പിന്നീടത് കിരീടവും ആവനാഴിയും ധരിച്ച തേജസ്സുള്ള ഒരു യുവാവായിത്തീർന്നു. അയാളാണ് രക്തജൻ!
പിന്നീട് സ്വേദജനും രക്തജനും തമ്മിൽ ഘോരയുദ്ധം നടന്നു. ആ യുദ്ധം ദിവസങ്ങളും മാസങ്ങളും നീണ്ടു. ആരു ജയിക്കും ആരു തോൽക്കും എന്നറിയാത്ത യുദ്ധം! ഈ അവസ്ഥയിൽ ഇരുവരുടേയും യുദ്ധം അവസാനിപ്പിക്കാനായി മഹാവിഷ്ണു തന്നെ മുന്നോട്ടു വന്നു. ''അടുത്തജന്മത്തിൽ ബാക്കി യുദ്ധത്തിന് അവസരം ഒരുക്കിത്തരാം!'', വിഷ്ണു അവർക്ക് ഉറപ്പു കൊടുത്തു.
അതോടെ സ്വേദജനും രക്തജനും തമ്മിലുള്ള യുദ്ധം അവസാനിച്ചു. ഇതനുസരിച്ച് അടുത്ത ജന്മത്തിൽ സ്വേദജൻ കർണ്ണനായിട്ടും രക്തജൻ അർജുനനായിട്ടും ജനിച്ചു. അവർ കുരുക്ഷേത്രയുദ്ധത്തിൽ വീണ്ടും യുദ്ധം ചെയ്തതിന്റെ കാരണം ഇപ്പോൾ കൂട്ടുകാർക്ക് മനസ്സിലായില്ലേ?
Content Highlights: Brahma's sweat created Swedaja, who was destined to fight Shiva.
Published: 08 Oct 2026, 12:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented