കണ്ടന്നൂർ കാട്ടിലെ കുന്നിൻചെരുവിലായിരുന്നു കുഞ്ഞൻമുയലും കുടുംബവും കാരറ്റ് കൃഷിചെയ്തിരുന്നത്. നല്ലവനായ കുഞ്ഞൻമുയൽ എല്ലാവരേയും സഹായിക്കും. ഒരിക്കൽ തൊട്ടടുത്ത കാട്ടിൽ നിന്നും കോമണ്ടൻ എന്നൊരു കാട്ടുപന്നി കണ്ടന്നൂരെത്തി. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞായിരുന്നു അവന്റെ വരവ്. നടന്നുനടന്ന് ഒടുവിൽ കോമണ്ടൻ കുന്നിൻമേട്ടിൽ തലകറങ്ങി വീണു.
ഈ സമയം ചന്തയിൽ നിന്നും വിത്തുംവളവും വാങ്ങി വരികയായിരുന്നു കുഞ്ഞൻ മുയൽ. വഴിയിൽ വീണുകിടക്കുന്ന കാട്ടുപന്നിയെ അവൻ കണ്ടു. ''അയ്യോ,പാവം!'', കുഞ്ഞൻ വേഗം കാട്ടുപന്നിക്ക് ചൂടു കഞ്ഞിയും കാട്ടുകിഴങ്ങും കൊണ്ടുകൊടുത്തു. ക്ഷീണംമാറിയ കാട്ടുപന്നി കുഞ്ഞനോട് അപേക്ഷിച്ചു:
''കുഞ്ഞൻമുയലേ ചങ്ങാതീ
നിവർന്നുനിൽക്കാൻ കെൽപില്ല
എന്നെക്കൂടെക്കൂട്ടേണം
ഇന്നൊരു രാത്രി നിർത്തേണം!''
കോമണ്ടൻ കാട്ടുപന്നി പറഞ്ഞതുകേട്ട് പാവം തോന്നിയ കുഞ്ഞൻ അവനെ വീട്ടിലേക്കു കൊണ്ടുപോയി. കാട്ടുപന്നിയെ കണ്ട് കുഞ്ഞന്റെ മക്കൾ പേടിച്ചു. അപ്പോൾ കുഞ്ഞൻ പറഞ്ഞു:
''പന്നിയെ കണ്ടു ഭയപ്പെടണ്ട
പാവം വഴി തെറ്റി വന്നതാണേ
ക്ഷീണോം തളർച്ചേം മാറുംവരെ
നമ്മളോടൊപ്പം കഴിഞ്ഞിടട്ടേ!''
ഈ സമയത്താണ് കുഞ്ഞന്റെ വീടിനോട് ചേർന്ന് ഉഗ്രൻ കാരറ്റ് തോട്ടം കോമണ്ടൻ കണ്ടത്. അവന്റെ വായിൽ വെള്ളമൂറി. ദുഷ്ടനായ കാട്ടുപന്നി ഉടനെ ഒരു സൂത്രം പ്രയോഗിച്ചു. ''കുഞ്ഞാ, പുറത്ത് നല്ല കാറ്റുണ്ട്. ഞാനീ പുളിമരച്ചോട്ടിൽ കിടന്നോളാം!'', അവൻ പറഞ്ഞു. കോമണ്ടൻ പറഞ്ഞതു വിശ്വസിച്ച് കുഞ്ഞനും കുടുംബവും ഉറങ്ങാൻ പോയി.
പാതിരാത്രിയായപ്പോൾ കോമണ്ടൻ പമ്മിപ്പതുങ്ങി തോട്ടത്തിലെത്തി. കുറേ കാരറ്റുചെടികൾ അവൻ വെറുതെ പിഴുതുകളഞ്ഞു. അതുകഴിഞ്ഞ് കാരറ്റ് തിന്നാനൊരുങ്ങിയതും പെട്ടെന്ന് കാൽ എന്തിലോ കുടുങ്ങി. ''ഹമ്മേ, രക്ഷിക്കണേ!'', കോമണ്ടൻ അറിയാതെ ഉച്ചത്തിൽ കരഞ്ഞുപോയി. കാരറ്റ് കള്ളനെ കുടുക്കാൻ കുഞ്ഞൻ വച്ച കെണിയായിരുന്നു അത്. കോമണ്ടന്റെ കരച്ചിൽ കേട്ട് കുഞ്ഞനും മറ്റ് മൃഗങ്ങളുമെല്ലാം ഓടിയെത്തി. തന്നെ കഷ്ടപ്പാടിൽ സഹായിച്ച കുഞ്ഞനെ ചതിച്ചതിന് മറ്റു മൃഗങ്ങൾ കോമണ്ടനെ കുറ്റപ്പെടുത്തി.
കുഞ്ഞനാകട്ടെ കോമണ്ടനോട് ദേഷ്യപ്പെടാതെ തിരിച്ചുവീട്ടിലേക്കു തന്നെപോയി. അപ്പോഴേക്കും കോമണ്ടന് തന്റെ തെറ്റ് മനസ്സിലായിക്കഴിഞ്ഞിരുന്നു. അവൻ കുഞ്ഞനെ ചെന്നുകണ്ട് മാപ്പ് പറഞ്ഞു. പിന്നീടവൻ ആരെയും ചതിക്കാൻ നോക്കിയിട്ടില്ല.
Content Highlights: A heartwarming Malayalam moral story perfect for children., Teaches the values of kindness, trust, and the consequences of betrayal., Features memorable characters: Kunjan the kind rabbit and Komandan the boar.
Published: 26 Feb 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented