മുയലമ്മ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ മുയലമ്മയുടെ മകൻ ഉണ്ണിമുയൽ അമ്മയോട് ചോദിച്ചു. ''അമ്മയെന്താ ഒറ്റയ്ക്കിരുന്ന് ചിരിക്കുന്നത്? കാര്യമെന്താണെന്നു പറഞ്ഞാൽ എനിക്കും ചിരിക്കാമല്ലോ!'' അപ്പോൾ മുയലമ്മ പറഞ്ഞു: ''രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ കഥയ്ക്കു പകരം ഇന്ന് അമ്മ ചിരിച്ചതിന്റെ കാര്യമാണ് മോനോട് പറയാൻ പോകുന്നത്. അതു കേട്ടാൽ മോനും ചിരിച്ചുപോകും!''
അത്താഴം കഴിഞ്ഞ് അവർ ഉറങ്ങാൻ കിടന്നപ്പോൾ ഉണ്ണിമുയൽ അമ്മയോട് പറഞ്ഞു:
''നേരത്തേയമ്മ ചിരിച്ച കാര്യം
ചൊല്ലുവാനിപ്പോൾ സമയമായി
അതുകേട്ടെനിക്ക് ചിരിച്ചിടേണം
എന്നിട്ടു നന്നായുറങ്ങിടേണം!''
മുയലമ്മ ഉണ്ണിമുയലിനോടു കാര്യം പറയാൻ തുടങ്ങി:
''ചന്തയിൽ പോയി മടങ്ങിവരുമ്പോഴാണ് ഒരു പഴയകാല സുഹൃത്തായ എലിയണ്ണനെ ഞാൻ കണ്ടത്. വളരെക്കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയതുകൊണ്ട് ഞങ്ങൾക്ക് കുറെയേറെ വിശേഷങ്ങൾ പറയാനുണ്ടായിരുന്നു.
അങ്ങനെ വിശേഷങ്ങൾ പറഞ്ഞുനടക്കുമ്പോൾ ഞങ്ങളുടെ മുമ്പിലേക്ക് ഭയങ്കരനായ ഒരു മുറിവാലൻപൂച്ച ഓടിവന്നു. എന്നിട്ടവൻ മീശ വിറപ്പിച്ചുകൊണ്ട് എലിയണ്ണനോട് ചോദിച്ചു: ''എന്താടാ നീ എന്നെ കണ്ടിട്ട് ഓടാത്തത്? ഇരയെ ഓടിച്ചിട്ട് പിടിക്കുന്നതാണ് എനിക്കിഷ്ടം.'' ഇതു കേട്ടപ്പോൾ എലിയണ്ണൻ ആകെയൊരു അവശത നടിച്ചുകൊണ്ട് മുറിവാലനോട് പറഞ്ഞു: ''എനിക്ക് ഓടാനൊന്നും വയ്യ ചേട്ടാ. പനിപിടിച്ച് ഞാൻ ഇപ്പോൾ മഹാകഷ്ടത്തിലാ!''
ഇതുകേട്ടതും മുറിവാലൻ പൂച്ച പേടിച്ചൊന്നു ഞെട്ടി. ''അപ്പോൾ നിനക്ക് എലിപ്പനിയാണല്ലേ. നിന്നെ പിടിയ്ക്കാതിരുന്നത് എത്ര നന്നായി!'' ഇതും പറഞ്ഞ് മുറിവാലൻ പൂച്ച അവിടെനിന്നും ജീവനും കൊണ്ടോടി. അതോർക്കുമ്പോൾ ഇപ്പോഴും ചിരിവരും.
വീണ്ടും ഞങ്ങൾ നടക്കാൻ തുടങ്ങി. അതിനിടയിൽ ഞാൻ എലിയണ്ണനോട് ചോദിച്ചു: ''ശരിക്കും എലിയണ്ണന് പനി തന്നെയാണോ?'' അപ്പോൾ എലിയണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു: ''എനിക്ക് പനിയൊന്നുമില്ല മുയലമ്മേ. മുറിവാലൻ പൂച്ച എന്നെ പിടിക്കാതിരിക്കാൻ വേണ്ടി ഞാൻ പ്രയോഗിച്ച ഒരു സൂത്രമല്ലേ അത്. ബുദ്ധി വേണ്ടപ്പോൾ വേണ്ടതുപോലെ പ്രയോജനപ്പെടുത്തണമെന്ന് മാത്രം!''
അങ്ങനെ മുറിവാലൻ പൂച്ചയുടെ പിടിയിൽ പെടാതെ രക്ഷപ്പെട്ട എലിയണ്ണൻ സന്തോഷത്തോടെ യാത്രപറഞ്ഞുപോയി.'' മുയലമ്മ ഇങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ ഉണ്ണി എന്തു ചെയ്തെന്നോ?
''ഓടുന്ന പൂച്ചതൻ കാര്യമോർത്ത്
ഉണ്ണിയും പൊട്ടിച്ചിരിച്ചുപോയി
അമ്മയെ കെട്ടിപ്പിടിച്ചവൻ വേഗം
കൂർക്കം വലിക്കാൻ തുടങ്ങി മെല്ലെ!''
Content Highlights: Highlights the importance of presence of mind in dangerous situations
Published: 09 Jun 2026, 01:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented