അപ്പുണ്ണിയും അനുജത്തി അമ്മിണിയും കൂടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് അമ്മ അവരെ കാപ്പി കുടിക്കാൻ വിളിച്ചത്. അപ്പുണ്ണിയും അമ്മിണിയും കളി മതിയാക്കി അടുക്കളയിലേക്ക് ഒറ്റ ഓട്ടം! അമ്മ, അപ്പുണ്ണിക്കും അമ്മിണിക്കും കഴിക്കാൻ വാഴപ്പഴവും പലഹാരങ്ങളും നൽകി. പലഹാരം കഴിച്ചതോടെ വാഴപ്പഴവുമെടുത്ത് അപ്പുണ്ണിയും അമ്മിണിയും വീണ്ടും കളിക്കാനായി മുറ്റത്തേക്ക് ഓടി. അപ്പുണ്ണിയുടെയും അമ്മിണിയുടെയും ഉത്സാഹം കണ്ടപ്പോൾ അമ്മ അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു:

To advertise here,

''വാഴപ്പഴമത് തിന്നിട്ട്

തൊലി മുറ്റത്തെറിയല്ലേ!

പശുവിൻ കാടിയിലിട്ടോളൂ

പൂവാലിപ്പശു തിന്നോളും!''

എന്നാൽ അമ്മ പറഞ്ഞതൊന്നും കേൾക്കാതെ കുട്ടികൾ പഴം തിന്നിട്ട് പഴത്തൊലി 'ശൂ!' എന്നൊരേറുകൊടുത്തു. പഴത്തൊലി ഉമ്മറപ്പടിയിൽ ചെന്ന് വീണു. കളിയുടെ ഉത്സാഹത്തിൽ അപ്പുണ്ണിയും അമ്മിണിയും പഴത്തൊലിയുടെ കാര്യം പാടേ മറന്നുപോയി. കളി കഴിഞ്ഞപ്പോൾ ഓടി ഉമ്മറത്തേക്ക് കയറുന്നതിനിടെ അപ്പുണ്ണിയും അമ്മിണിയും പഴത്തൊലിയിൽ അറിയാതെ ചവിട്ടി. 'ശ്ശ്' കാലുതെറ്റി, അവർ 'ധിം!' എന്ന് നിലത്ത് വീണു. അയ്യോ! അമ്മേ!', രണ്ടുപേരും നിലവിളിച്ചു. അതുകേട്ട് അമ്മ ഓടിവന്നു. കാര്യം മനസ്സിലായ അമ്മ പറഞ്ഞു, 'രണ്ടുപേർക്കും ഇപ്പോൾ മനസ്സിലായില്ലേ? തെന്നിവീണത് കണ്ടില്ലേ? ഇനി ഇങ്ങനെ അബദ്ധം കാട്ടല്ലേ! ''ഇല്ല അമ്മേ! ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ അശ്രദ്ധകൊണ്ടാ ഇങ്ങനെ പറ്റിയത്!, രണ്ടുപേരും പറഞ്ഞു. അമ്മ അവരെ വാരിയെടുത്ത് മുത്തം കൊടുത്ത് സമാധാനിപ്പിച്ചു. പിന്നീട് ഒരിക്കലും അപ്പുണ്ണിയും അമ്മിണിയും, പാഴ്‌വസ്തുക്കളും മാലിന്യങ്ങളും പഴത്തൊലിയും ചപ്പുചവറുകളുമൊന്നും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടില്ല.