രാത്രി പഠിക്കാനിരുന്നപ്പഴേ കറണ്ട് പോയി. അതോടെ ഉമ്മച്ചിക്കൊപ്പം പൂന്തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ഫാത്തിബി. പൂന്തോട്ടത്തിലെ ബെഞ്ചിലിരുന്ന് മനോരാജ്യം കാണവേയാണ് ഒരു മിന്നാമിനുങ്ങ് പറന്നുവന്ന് അവളുടെ ഉടുപ്പിൽ ഇരുന്നത്. അതിനെ കണ്ടോണ്ടിരിക്കേയാണ് അവയെ ആകാശത്തേക്ക് പറത്തിവിട്ടാലോ എന്ന തോന്നലുണ്ടായത്. അവളത് ഉമ്മച്ചിയോട് പറയുകയും ചെയ്തു.
എന്തിനാണ് മിന്നാമിന്നിയെ ആകാശത്തേക്ക് പറഞ്ഞയക്കുന്നതെന്ന് ഉമ്മച്ചി ചോദിച്ചു. ആരൊക്കെയോ പറത്തിവിട്ട മിന്നാമിന്നികളാണ് ആകാശത്തിലെ നക്ഷത്രങ്ങളെന്ന് ഫാത്തിബി പറഞ്ഞു. ''ഉമ്മച്ചി കണ്ടിട്ടില്ലേ... നക്ഷത്രങ്ങൾ മിന്നാമിന്നിയെപ്പോലെ കണ്ണുചിമ്മുന്നത്'' അതും പറഞ്ഞ് അവൾ കണ്ണിറുക്കി ചിരിച്ചു. ആ ചിരികണ്ട് ഉമ്മയ്ക്കും ചിരിവന്നു. പൂന്തോട്ടത്തിൽ നിലാവെളിച്ചം നിറഞ്ഞു.
അന്നൊരിക്കൽ ആമിനയ്ക്കും റാസിക്കുമൊപ്പം ഊഞ്ഞാലാടിക്കൊണ്ടിരിക്കേയാണ് ഏതാനും അപ്പൂപ്പൻതാടികൾ അവരെ തൊട്ടുരുമ്മിപ്പറന്നത്. പതുപതുത്ത പഞ്ഞിത്തുണ്ടുകൾ. എവിടെയായിരിക്കും അപ്പൂപ്പൻതാടികളുടെ വീടെന്ന് ഫാത്തിബി ചിന്തിച്ചുതുടങ്ങിയത് അന്നേരം തൊട്ടാണ്.
ഊഞ്ഞാലാട്ടം നിർത്തി ചിന്തയിലാണ്ടുനിൽക്കവേ അവൾ ആകാശത്തോട്ടുനോക്കി! അപ്പൂപ്പൻതാടി പറന്നുപോയതിനും ദൂരെ ധാരാളം മേഘങ്ങൾ. അപ്പൂപ്പൻതാടികളുടെ കൂട്ടം ചേർന്നായിരിക്കണം മേഘങ്ങൾ ഉണ്ടായത്. കണ്ടില്ലേ... പറന്നുപറന്ന് ആകാശത്തിലെ നീലമേലാപ്പിലെത്തിയിട്ടും അവർ പൊങ്ങിത്താണ് പറന്നുനടപ്പാണ്. മേഘങ്ങൾക്കിടയിലേക്ക് ആമിനയെയും റാസിയെയും തൊട്ടുരുമ്മി പറന്ന അപ്പൂപ്പൻതാടികളും ചെന്നുചേരുമെന്ന് അവളോർത്തു.
ഈ ലോകത്തെ ഏറ്റവും രസകരമായ ജീവിതം അപ്പൂപ്പൻതാടികളുടേതായിരിക്കുമെന്ന് അവൾ ആമിനയോടും റാസിയോടും പറഞ്ഞു. ''അതെന്താ കുഞ്ഞൂ... അങ്ങനെ തോന്നാൻ?'', ആമിന ചോദിച്ചു. കുഞ്ഞൂന്നാണ് ആമിന ഫാത്തിബിയെ വിളിക്കുക. ഇരുവരും ഒരേ പ്രായമാണ്. എങ്കിലും വീട്ടുകാരുടേത് കേട്ടാവണം ആമിന ഫാത്തിബിയെ കുഞ്ഞൂന്ന് വിളിച്ചുതുടങ്ങിയത്.
''അതില്ലേ... അപ്പൂപ്പൻതാടിക്ക് ഇഷ്ടമുള്ളിടത്തൊക്കെ പറന്നുപറന്നുപോവാല്ലോ. അവർക്ക് ഏതെല്ലാം നാടുകൾ കാണാം. അവർക്കാണേൽ ഒട്ടും ധൃതിയില്ല. പൊങ്ങിപ്പറന്നും താണുപറന്നും മടുക്കുമ്പോൾ ഇടയ്ക്ക് അവിടവിടെ തങ്ങിയും ഒക്കെ പറന്നാൽ മതീലോ. പക്ഷികൾക്കാണേൽ ചിറക് കുഴയും. അപ്പൂപ്പൻതാടിക്ക് ആ പേടിയും വേണ്ട'', ഫാത്തിബി പറഞ്ഞു.
''ശരിയാണല്ലോ....മേഘങ്ങൾക്കരികെ എത്തിയാൽ അവർ നക്ഷത്രങ്ങളായി മാറിയ മിന്നാമിന്നികളോട് കൂട്ടാവുമായിരിക്കും. അവർ താഴോട്ടുനോക്കുമ്പോൾ നമ്മൾ ഊഞ്ഞാലാടുന്നത് കാണുന്നുണ്ടാവും'', റാസി അവന്റെ തോന്നൽ പറഞ്ഞു.
സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു അപ്പോഴേക്കും. മേഘപ്പുതപ്പിനിടയിൽനിന്ന് അപ്പൂപ്പൻതാടികൾ എത്തിനോക്കുന്നതായി അവർക്ക് തോന്നി. അവർ കൈവീശി അപ്പൂപ്പൻതാടികളോട് റ്റാറ്റാ പറഞ്ഞു. അകലെ ആകാശത്ത് നേരത്തേയുദിച്ചൊരു നക്ഷത്രം തെളിഞ്ഞുനിൽപ്പുണ്ട്. ഫാത്തിബി അതിനോട് കണ്ണിറുക്കി ചിരിച്ചു.
Content Highlights: An imaginative exploration of nature through a child's eyes.
Published: 29 Apr 2026, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented