പൊയിനാച്ചി : വിദ്യാലയത്തിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയ വിദ്യാർഥിക്ക് കളഞ്ഞുകിട്ടിയത് ഒന്നേകാൽ പവന്റെ കൈചെയിൻ. പോലീസ് സ്റ്റേഷനിൽ ഏല്പിച്ച സ്വർണം യഥാർഥ ഉടമയ്ക്ക് നേരിട്ട് കൈമാറിയതിന്റെ സന്തോഷത്തിലാണ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസിലെ നിയോഗ് നാരായണൻ. വെള്ളിയാഴ്ച രാവിലെ കോളിയടുക്കത്തുനിന്ന്‌ യാത്രചെയ്യവേയാണ് റിക്ഷയുടെ പ്ലാറ്റ് ഫോമിൽ കൈചെയിൻ വീണുകിടക്കുന്നത് കണ്ടത്.

To advertise here,

 

ഉച്ചയ്ക്ക് സ്കൂൾ വിട്ടപ്പോൾ സ്വർണമാണോ എന്നുറപ്പിച്ചശേഷം കൂട്ടുകാരനായ അശ്വിനുമൊത്ത് നിയോഗ് നാരായണൻ ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി കൈചെയിൻ ഏല്പിച്ചു. അതിനുമുൻപേ കീഴൂർ ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ അധ്യാപിക കെ.പി.അശ്വതി തന്റെ കൈചെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞിരുന്നു. പയ്യന്നൂർ എരമത്തുനിന്ന്‌ കെ.എസ്.ആർ.ടി.സി. ബസിൽ മേൽപ്പറമ്പിലിറങ്ങി ഓട്ടോയിലാണ് അശ്വതി വിദ്യാലയത്തിൽ എത്തിയിരുന്നത്. ബസിൽ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് അവർ സംശയിച്ചിരുന്നത്. പോലീസ് വിവരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ അറിയിച്ചിരുന്നു. ഇതിനിടയ്ക്കാണ് നിയോഗ് നാരായണൻ വീണുകിട്ടിയ കൈചെയിനുമായി സ്റ്റേഷനിലെത്തുന്നത്.

 

ശനിയാഴ്ച രാവിലെ മേൽപ്പറമ്പ് എസ്.ഐ. ടി.അഖിൽ, എ.എസ്.ഐ. കെ.രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ നിയോഗ് നാരായണനിൽനിന്നുതന്നെ അശ്വതി സ്വർണം കൈപ്പറ്റി. മേൽപ്പറമ്പിൽനിന്ന്‌ കീഴൂരിലേക്ക് അശ്വതി യാത്രചെയ്ത ഓട്ടോയിലാണ് കൈചെയിൻ നഷ്ടപ്പെട്ടിരുന്നത്. ഇതൊന്നുമറിയാതെ യാത്രതുടർന്ന ഓട്ടോറിക്ഷാ ഡ്രൈവർ വഴിയിൽനിന്നാണ്‌ നിയോഗിനെ കയറ്റിയത്‌. കോളിയടുക്കം വയലാംകുഴി സൗപർണികയിലെ പി.നാരായണന്റെയും വി.വി.പൂമണിയുടെയും മകനായ നിയോഗിന് ഇത് രണ്ടാംതവണയാണ് സ്വർണം വീണുകിട്ടുന്നത്. ഓഗസ്റ്റിൽ സ്കൂൾവിട്ട് വീട്ടിലേക്ക് വരുമ്പോൾ ഒന്നരപ്പവന്റെ താലിമാലയാണ് വയലാംകുഴി റോഡരികിൽനിന്ന് കിട്ടിയത്.

പിന്നീട് അതിന്റെ ഉടമസ്ഥയെ കണ്ടെത്തി നിയോഗ് കൈമാറുകയായിരുന്നു. നിയോഗിന്റെ സദ്പ്രവൃത്തിയെ ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. അനുമോദിച്ചു.