കാസർകോട് : നഗരത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികളവതരിപ്പിച്ച് കാസർകോട് നഗരസഭ. സർക്കാരിന്റെ നിർമലം ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായാണ് അജൈവ, ജൈവ, ദ്രവ മാലിന്യ സംസ്‌കരണത്തിന് സമഗ്രപദ്ധതികൾ നടപ്പാക്കുന്നത്.

To advertise here,

നഗരസഭാ പരിധിയിലെ അജൈവ മാലിന്യ ശേഖരണം പൂർത്തിയാകാറായി. ജൈവ മാലിന്യ സംസ്‌കരണത്തിനായി വിവിധയിടങ്ങളിൽ തുമ്പൂർമുഴി മാതൃകയിലുള്ള സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇവ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

 

ദ്രവമാലിന്യ സംസ്‌കരണത്തിനായി നഗരസഭയുടെ വിവിധ മേഖലകളെ ഉൾപ്പെടുത്തി മൂന്ന് മലിനജല സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്ലാന്റുകൾ സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലിമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിലയിരുത്തി.

ജലസ്രോതസ്സുകളിലെ മലിനീകരണം തടയുന്നതിനൊപ്പം പ്ലാന്റുകളിൽ സംസ്‌കരിക്കുന്ന വെള്ളം കൃഷിക്കും നിർമാണപ്രവൃത്തനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.