ചെറുവത്തൂർ : മാറിമാറിവരുന്ന സർക്കാരിനും കാസർകോട് ജില്ലയിൽ ജോലിക്കെത്തുമ്പോൾതന്നെ സ്ഥലംമാറ്റ ഉത്തരവും തരപ്പെടുത്തുന്ന ഇതര ജില്ലകളിൽ നിന്നുള്ള ജീവനക്കാർക്കും കോഴിക്കോടിനിപ്പുറവും കേരളത്തിലാണെന്ന ബോധ്യമുണ്ടാകണമെന്ന് സന്ദീപ് വാരിയർ എം.എൽ.എ. പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപെടുത്തി ചെറുവത്തൂർ കൊത്തങ്കരയിൽ നിർമ്മിക്കുന്ന ജനകീയാരോഗ്യ കേന്ദ്രം മെയിൻ സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ഉത്തരമലബാർ സർവ മേഖലകളിലും അവഗണിക്കപ്പെടുന്നു. കാസർകോട് ജോലി ചെയ്യാൻ എളുപ്പമാണ്. അത്രയേറെ സാധ്യതകളുള്ള പ്രദേശമാണ് തൃക്കരിപ്പൂർ ഉൾപ്പെടുന്ന കാസർകോട് ജില്ല. ശിക്ഷാ നടപടിയുടെ ഭാഗമായി ജീവനക്കാരെ കാസർകോട്ടേക്ക് മാറ്റുമ്പോൾ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് ഇവിടുത്തെ ജനങ്ങളാണ് - അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടർന്ന് ലഭിച്ച പദ്ധതിയാണിത്. കേന്ദ്ര സർക്കാർ അനുവദിച്ച 55 ലക്ഷം രൂപ ചെലവഴിച്ചാണ് കൊത്തങ്കരയിൽ ജനകീയാരോഗ്യ കേന്ദ്രം മെയിൻ സെന്റർ നിർമ്മിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. മിനിമോൾ, പി. ശശിധരൻ, വി. പദ്മിനി, പി. സുകുമാരൻ, ജി.എസ്. അരുണിമ, ഡോ. ടി.എ. രാജ്‌മോഹനൻ, എ.എസ്. അഞ്ജു, സി.കെ. അരുൺ കുമാർ, ഡോ. ഇ. സിയാദ് എന്നിവർ സംസാരിച്ചു.