കാഞ്ഞങ്ങാട് : അപകടാവസ്ഥയിലായ കാഞ്ഞങ്ങാട് നഗരസഭാ പഴയബസ് സ്റ്റാൻഡ് (കോട്ടച്ചേരി) കെട്ടിടം പൊളിച്ചുനീക്കും. കെട്ടിടത്തിന്റെ ബലപരിശോധനയുമായി ബന്ധപ്പെട്ട് എൻ.ഐ.ടി. വിദഗ്ദസംഘം സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ചേർന്ന അടിയന്തര കൗൺസിലിലാണ് കെട്ടിടം പൊളിക്കാനുള്ള തീരുമാനമെടുത്തത്. 43 വർഷം മുൻപ് കാഞ്ഞങ്ങാട് പഞ്ചായത്ത് നിലവിലുണ്ടായിരുന്ന സമയത്ത് നിർമിച്ച നാലുനില കെട്ടിടമാണ് അപകടാവസ്ഥയിലായതിനെ തുടർന്നത് പൊളിച്ചു നീക്കുന്നത്.

To advertise here,

ഈവർഷം ഫെബ്രുവരിയിലും ജൂലായിലും രണ്ടുഘട്ടമായി വിദഗ്ദസംഘം നടത്തിയ പരിശോധനയിലാണ് കെട്ടിടം പൊളിച്ചുമാറ്റുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് നിർദേശിച്ചത്. കെട്ടിടത്തിന്റെ ഘടനാപരമായ ഭാഗങ്ങളായ ബീം, കോളം, സ്ലാബ് എന്നിവയ്ക്ക് ചുരുങ്ങിയത് 25 മെഗാപാസ്കൽ (എം.പിഎ.) ബലം വേണ്ടിടത്ത് 13 എം.പിഎ. ബലമാണ് പരിശോധനയിൽ കണ്ടെത്തിയത്. കൗൺസിൽ യോഗത്തിൽ എൻ.ഐ.ടി. റിപ്പോർട്ട് അവതരിപ്പിച്ച ചെയർമാൻ വി.വി. രമേശൻ കെട്ടിടം പൊളിച്ചു നീക്കാനുള്ള തീരുമാനമാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ രണ്ടുമാസം മുൻപ് ലഭിച്ച വിദഗ്ദറിപ്പോർട്ട് ചെയർമാൻ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട എം.പി. ജാഫർ ആരോപിച്ചു. ഫെബ്രുവരി എട്ടിന് ആദ്യറിപ്പോർട്ട് നൽകിയതായി സമഗ്രറിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും 1.8 ലക്ഷം രൂപ ഫീസിനത്തിൽ എൻ.ഐ.ടി. ക്ക് അനുവദിക്കുന്നതിനുള്ള അജണ്ട മാത്രമാണ് അന്ന് കൗൺസിൽ മുൻപാകെ എത്തിയത്. മുൻകാലത്ത് കെട്ടിടത്തിൽ നടത്തിയ ഡ്രില്ലിങ് അപകടാവസ്ഥയ്ക്ക് കാരണമായതായി ജാഫർ ആരോപിച്ചു.

ചർച്ചയിൽ മാതൃഭൂമി വാർത്തയും

: ഇത് ഷോ വാളല്ല ഡെമോക്ലീസിന്റെ വാളാണെന്ന മാതൃഭൂമി വാർത്ത ഉദ്ധരിച്ചുകൊണ്ടാണ് അനിൽ വാഴുന്നോരൊടി സംസാരിച്ചു തുടങ്ങിയത്. വിദഗ്ദസംഘത്തിന്റെ രണ്ടാം പരിശോധനയ്ക്ക് മുൻപ് സ്ലാബുകളിലെ തകരാറ് മറയ്ക്കുന്ന രീതിയിൽ മെറ്റൽ ഷീറ്റ് ഘടിപ്പിച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.

അപകടാവസ്ഥയിലായ ബസ് സ്റ്റാൻഡിലേക്ക് പ്രവേശനം നിരോധിച്ച ആർ.ടി.എ. റിപ്പോർട്ടിന്റെ കാര്യവും അലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു. ബസ് സ്റ്റാൻഡ് നിർമാണത്തിൽ നീലേശ്വരത്തെ മാതൃകയാക്കണമെന്ന് എച്ച്.ആർ. സുകന്യ പറഞ്ഞു.

കെട്ടിടം പൊളിച്ചു നീക്കുമ്പോൾ കച്ചവടക്കാരുടെ കാര്യത്തിലുള്ള ആശങ്ക മുഹമൂദ് മുറിയനാവി പങ്കുവച്ചു. പ്രശാന്ത് സൗത്ത്, കെ. സുമതി, ഫൗസിയ ഷെറീഷ്, ലിസി, സേതു കുന്നുമ്മൽ, സന്തോഷ് കുശാൽനഗർ, സെവൻസ്റ്റാർ അബ്ദുൾ റഹിമാൻ, അബ്ദുള്ള പടന്നക്കാട്, എം. ബൽരാജ് എന്നിവർ സംസാരിച്ചു.

ബസ് സറ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കി ഇവിടെ ബഹുനില പർക്കിങ് പ്ലാസ പണിയുമെന്ന് വർഷങ്ങൾക്ക് മുൻപെടുത്ത തീരുമാനം നടപ്പാക്കാൻ കൗൺസിലിന്റെ പിന്തുണ ചെയർമാൻ ആവശ്യപ്പെട്ടു.