തീ കൂട്ടിയും പടക്കം പൊട്ടിച്ചു ഉറങ്ങാതെ നാട്ടുകാർ
വെള്ളരിക്കുണ്ട് : യാത്രാദുരിതത്തിനൊപ്പം കട്ടാനക്കലികൂടി ഭയപ്പെടണം മലയോരഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ. കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കൂർ നേരമാണ് മലയോരഹൈവേയിലെ മരുതോം വനപ്രദേശത്ത് ഒറ്റക്കൊമ്പൻ ഭീതിപരത്തിയത്. തീകൂട്ടിയും പടക്കംപൊട്ടിച്ചും ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നാടിന്റെ ഉറക്കംകെടുത്തിയ ആനയെ വനത്തിനകത്തേക്ക് വിരട്ടി ഓടിച്ചത്.
നാലാംറീച്ചിൽ ചുള്ളിക്കും കോളിച്ചാലിനും ഇടയിലാണ് മലയോരഹൈവേ വനത്തിലൂടെ കടന്നുപോകുന്നത്. തീർത്തും ദുർഘടമാണ് ഈ ഭാഗം. അരക്കിലോമീറ്ററിലധികം വരുന്ന ദൂരം കയറ്റം കയറിവരൽ സാഹസംതന്നെ. പലയിടത്തും ടാറിങ് പൂർണമായും തകർന്നനിലയിലാണ്. കോളിച്ചാലിൽനിന്ന് മെക്കാടം ചെയ്ത രാജപാതയിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ കുരുക്കിലാകുന്നു.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വളരെ സാവധാനത്തിൽ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. കാട്ടുമൃഗങ്ങളെ കരുതിയിരിക്കണമെന്ന വനംവകുപ്പിന്റെ മുന്നറിയിപ്പ് ബോർഡും വനത്തിനകത്ത് റോഡുവക്കിലുണ്ട്. ഇത് കാണുന്നതോടെ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂടുന്നു.
ഇതിനൊപ്പമാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടാനയിറക്കം. കേരള-കർണാടക വനങ്ങളിൽനിന്ന് മലയിറങ്ങിയാണ് ഇവ എത്തുന്നത്. മുമ്പ് പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇത്രയധികം നേരം നാടിനെ മുൾമുനയിൽനിർത്തിയത് ആദ്യം. ആന ഹൈവേയിൽ ഇറങ്ങുന്നതാണ് യാത്രക്കാർക്ക് ഭീഷണി. കഴിഞ്ഞദിവസം സന്ധ്യയോടെ ആനയുടെ ചിന്നംവിളികേട്ട് പരസരത്തെ കുടുംബങ്ങൾ ഞെട്ടി. പിന്നീട് വനപാലകരെത്തി. നാട്ടുകാരും സംഘടിച്ചു. മരുതോംതട്ടിൽ ഉണങ്ങിയ കാട്ടുമരങ്ങൾ കൂട്ടി കത്തിച്ചു. പടക്കംപൊട്ടിച്ച് വിരട്ടി ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. വനപാലകരും നാട്ടുകാരും കാവലിരുന്നു. പുലർച്ചെ ആന ഉൾക്കാട്ടിലേക്ക് തിരിച്ചതിനുശേഷമാണ് എല്ലാവരും മടങ്ങിയത്. റോഡ് ദുർഘടമായതിനാൽ ആനയുടെ മുമ്പിൽപ്പെട്ടാൽ വേഗത്തിൽ രക്ഷപ്പൊൻ പറ്റില്ലെന്ന് വാഹനയാത്രക്കാർ പറയുന്നു. ആനയെതടയാൻ നിർമിച്ച വനാതിർത്തിയിലെ കമ്പിവേലിയെല്ലാം ആന തകർക്കുന്നു. കേരള-കർണാടക വനാതിർത്തിയിൽ കിടങ്ങ് നിർമിക്കണമെന്നാണ് ആവശ്യം.
Published: 25 Nov 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented