വീട് തകർന്നത് തയ്യേനിയിലെ ഉരുൾപൊട്ടലിൽ
വാടകനൽകി നടുവൊടിഞ്ഞ് രണ്ട് പട്ടികവർഗ കുടുംബങ്ങൾ
തയ്യേനി: കാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് ഒന്നരമാസമായി വാടകവീട്ടിൽ കഴിയുന്ന രണ്ട് പട്ടികവർഗ കുടുംബങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സർക്കാർ സഹായം വേണം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ അത്തിയടുക്കത്തെ ഇളയിടത്ത് പാറുവിനും വായിക്കാനത്തെ കുറ്റ്യാട്ട് ഗോപാലനുമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ കനിവുകാത്ത് കഴിയുന്നത്.
ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് തയ്യേനിയിലും പരിസരപ്രദേശങ്ങളിലുമായി ആറ് കുടുംബങ്ങൾ ഭവനരഹിതരായത്. 10 ദിവസത്തോളം ഇവർ തയ്യേനി ഗവ. ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം. ക്യാമ്പ് അവസാനിച്ചപ്പോൾ മൂന്ന് കുടുംബങ്ങളൊഴികെ മറ്റുള്ളവർ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്വന്തം ഭവനത്തിലേക്ക് മടങ്ങി.
വായിക്കാനത്തെ കുറ്റ്യാട്ട് ഗോപാലൻ, മുത്തേടത്ത് അമ്മിണി, അത്തിയടുക്കത്തെ ഇളയിടത്ത് പാറു എന്നിവർക്കാണ് വീട് പൂർണമായും തകർന്നതിനാൽ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാൻ കഴിയാഞ്ഞത്. ഗോപാലനും പാറുവും തയ്യേനിയിലെ വാടകവീട്ടിലേക്കും അമ്മിണി ഒരു ബന്ധുവീട്ടിലേക്കുമാണ് താമസം മാറ്റിയത്.
മണ്ണിടിഞ്ഞുവീണ് ഭിത്തികൾ ഉൾപ്പെടെ തകർന്നാണ് ഗോപാലന്റെ വീട് വാസയോഗ്യമല്ലാതായത്. ആറംഗങ്ങളുള്ള ഗോപാലന്റെ കുടുംബം വൻ തുക വാടക നൽകിയാണ് തയ്യേനിയിൽ താമസിക്കുന്നത്. കൂലിപ്പണിക്കാരായ ഇവർ ഇക്കാരണത്താൽ വലിയ ബുദ്ധിമുട്ടിലാണ്. മലവെള്ളപ്പാച്ചിലിൽ വീടിനുസമീപം വലിയ ചാലുകൾ പ്രത്യക്ഷപ്പെട്ടതാണ് പാറുവിന്റെ വീട് തകരാൻ കാരണം. രണ്ടു പെൺമക്കളുടെ അമ്മയായ 63 വയസ്സുള്ള പാറു ഒറ്റയ്ക്കാണ് തയ്യേനിയിലെ വാടകവീട്ടിൽ കഴിയുന്നത്.
ഒരു സഹായവും ലഭിച്ചില്ല
ഒന്നരമാസം കഴിഞ്ഞിട്ടും സർക്കാരിൽനിന്ന് ഒരു സാമ്പത്തികസഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. കാലവർഷത്തിൽ വീട് തകരുന്നവർക്ക് 12 ലക്ഷം സർക്കാർ സഹായധനം അനുവദിക്കാറുണ്ട്. അത് ലഭിക്കുമെന്ന പ്രത്യാശയിലാണ് ഈ കുടുംബങ്ങൾ. ഇല്ലെങ്കിൽ സഹായം ലഭിക്കുന്നതുവരെ വാടകയെങ്കിലും ലഭിക്കുമോയെന്നാണ് ഇവരുടെ ചോദ്യം.
Published: 19 Sept 2026, 03:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented