കണ്ണൂർ : കലാ സാംസ്കാരിക പരിപാടികളുടെയും ദീപാലങ്കാരങ്ങളുടെയും വർണപ്രപഞ്ചം തീർത്ത് കണ്ണൂർ ദസറയ്ക്ക് കളക്ടറേറ്റ് മൈതാനത്ത്‌ പ്രൗഢഗംഭീരമായ തുടക്കം. കോർപ്പറേഷന്റെ നേതൃത്വത്തിൽ 'ഒരുമയ്ക്കായി ദസറ ലഹരിക്കെതിരെ തൂഫാൻ' എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു.

To advertise here,

ഡെപ്യൂട്ടി മേയർ കെ.പി.താഹിർ അധ്യക്ഷത വഹിച്ചു. ടി.ഒ.മോഹനൻ എം.എൽ.എ. ഭദ്രദീപം തെളിച്ചു. നടൻ സന്തോഷ്‌ കീഴാറ്റൂർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി, അസി. കളക്ടർ എസ്.സ്വാതി, ഡി.ഐ.ജി. കെ.കാർത്തിക് എന്നിവർ മുഖ്യാതിഥികളായി.

പരിസ്ഥിതിപ്രവർത്തകൻ പി.പി.കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. റിജിൽ മാക്കുറ്റി, ലിഷ ദീപക്, എം.സി.സുനിൽകുമാർ, അബ്ദുൾകരീം ചേലേരി, കെ.കെ.രാഗേഷ്, കെ.കെ.വിനോദ് കുമാർ, സി.പി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനശേഷം കെ.എസ്.ഹരിശങ്കർ അവതരിപ്പിച്ച സംഗീതനിശയും മറ്റ് കലാപരിപാടികളും അരങ്ങേറി. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീതനൃത്ത സന്ധ്യകൾക്ക് പുറമെ 240-ൽപരം പ്രാദേശിക കലാകാരന്മാരുടെ 74-ഓളം കലാപരിപാടികളും 10ദിവസത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഉത്സവരാവുകൾക്ക് സമാപനം കുറിച്ച്‌ 21-ന് ജവാഹർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ഡ്രോൺ ഷോ ആണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ദസറയിൽ ഇന്ന്

സാസ്കാരിക സമ്മേളനം: ഉദ്ഘാടനം പി.സന്തോഷ് കുമാർ എം.പി 5.30, തുടർന്ന് ഫെജോ ലൈവ് റാപ്പ് ഷോ, ശാസ്ത്രീയനൃത്തങ്ങൾ, ഫ്യൂഷൻ ഡാൻസ്, കൈകൊട്ടിക്കളി.