മാതമംഗലം : മാതമംഗലം കുഞ്ഞിതോട്ടം പാലത്തിന്റെ വടക്കുഭാഗത്തുള്ള കുടുംബങ്ങൾ

To advertise here,

ആശങ്കയിലാണ്. ഇവരുടെ വീട്ടിലെത്താനുള്ള ഏകവഴിയായ പുഴയോര റോഡുതന്നെ ഇല്ലാതാകുമോയെന്ന ഭയപ്പാടിലാണിവർ. ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക റോഡ് കരയിടിച്ചിൽ ഭീഷണിയിലാണ്.

എരമം-കുറ്റൂർ പഞ്ചായത്തിലെ മാതമംഗലം കുഞ്ഞിതോട്ടം പാലത്തിന്റെ വടക്കുഭാഗത്തുള്ള കുടുംബൾക്കാണ് ഗതാഗതവും പുറംയാത്രയും പ്രതിസന്ധിയിലാകാൻ പോകുന്നത്. പുഴയുടെ കരയൊന്ന് ഇടിഞ്ഞാൽ, റോഡ് ഇല്ലാതാകുന്ന അവസ്ഥയാണ്.

തുമ്പത്തടം കുഞ്ഞിത്തോട്ടം പാലംകടന്ന് വടക്കുഭാഗം പ്രദേശത്ത് ഇരുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. സമീപ പ്രദേശത്തുള്ളവരുടെ നിരവധി കൃഷിസ്ഥലങ്ങളും ഇവിടെയുണ്ട്. കേവലം ഒരുകിലോമീറ്റർ മാത്രമുള്ള റോഡിൽ 50 മീറ്റർ സ്ഥലത്താണ് പുഴയോട് ചേർന്ന് കരയിടിച്ചൽ ഭീഷണിയുള്ളത്. ഓരോ വർഷവും കാലവർഷത്തിൽ മലവെള്ളപ്പാച്ചിലിൽ കരയിടിയുകയാണ്. ഇതുമൂലം റോഡ് ചുരുങ്ങി ഇല്ലാതാകുന്ന അവസ്ഥയാണ്.

കരിങ്കൽഭിത്തികെട്ടി കൈവരി സ്ഥാപിക്കണം

റോഡിനോട് ചേർന്ന് കരയിടിയുന്ന ഭാഗത്ത് കരിങ്കൽഭിത്തി കെട്ടി റോഡ് സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

ഗ്രാമസഭ മുതൽ മന്ത്രിതലം വരെ പലകുറി നിവേദനങ്ങളുമായി കയറിയിറങ്ങിയ നാട്ടുകാർക്ക് ഇന്നും നിരാശയാണ് ഫലം. പ്രദേശവാസികളുടെ നിരന്തര ഇടപെടലുകളിൽ ജലസേചനവകുപ്പ് ഇതിനായി 20 ലക്ഷത്തിന്റെ അടങ്കൽ തയ്യാറാക്കിയിരുന്നു. എന്നാൽ, ഭരണാനുമതി നീളുകയാണ്. കാലവർഷത്തിൽ പുഴവെള്ളം റോഡിൽ നിറഞ്ഞുപൊങ്ങിയാൽ പ്രദേശത്തുകാർക്ക് പുറംലോകത്തെത്താൻ പറ്റാത്ത നിലയാണ്. മഴയൊന്ന് പെയ്താൽ, ചെളിമയമാകുന്ന മൺറോഡ് ടാർചെയ്ത് യാത്ര സുഗമമാക്കണമെന്നതും പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ്.

സംരക്ഷണ ഭിത്തി നിർമാണം നീണ്ടാൽ റോഡ് ഇല്ലാതാകും

കുഞ്ഞിതോട്ടം പാലത്തിന് സമീപത്തുകൂടി പോകുന്ന പുഴയോര മൺറോഡ് കരയിടിച്ചിൽ ഭീഷണി കാരണം തകരുകയാണ്. പുഴയ്ക്ക് സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ റോഡ് പൂർണമായും ഇല്ലാതാകും. ഓരോ വർഷവും കരയിടിയുന്ന ഇവിടെ അടിയന്തര പ്രാധാന്യത്തോടെ പുഴഭിത്തി പണിയണം.