കണ്ണൂർ : ഭാഗ്യവശാൽ സാമൂഹികമാധ്യമങ്ങളെന്ന സാമൂഹികവിരുദ്ധമാധ്യമങ്ങളിൽ തനിക്ക് യാതൊരു പങ്കാളിത്തവുമില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജവാഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിച്ച കണ്ണൂർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ഇത്തരം പരിപാടികളിൽ കൊണ്ടുവരണമെന്ന് പറയാറുണ്ട്. ഒരു പ്രായം കഴിഞ്ഞവരെ മാത്രമേ പരിപാടികളിൽ കാണുന്നുള്ളു. കുട്ടികൾ റീൽസിന് പിറകെയാണ്. മൊബൈൽഫോണിൽ വ്യർഥമായ വ്യായാമമാണ് നടക്കുന്നത്. അതിൽ വരുന്നത് കാണുന്നതിന് പകരം പുസ്തകങ്ങൾ വായിക്കണമെന്നാണ് പറയാനുള്ളത്.
പാവം വായനക്കാരനെന്നാണ് ഞാൻ സ്വയം വിശേഷിപ്പിക്കുന്നത്. വായനശാല പ്രസ്ഥാനമാണ് ജീവിതത്തെ കരുപ്പിടിപ്പിച്ചത്-അടൂർ പറഞ്ഞു.
സാഹിത്യത്തിന്റെ നിലവാരത്തിലേക്ക് വരാനാണ് എല്ലാ കലകളും ശ്രമിക്കുന്നതെന്നാണ് വിഖ്യാത സംവിധായകൻ തർക്കോവ്‌സികി അഭിപ്രായപ്പെട്ടത്. സാഹിത്യമാണ് അനുഭവം നേരിട്ടെത്തിക്കുന്നത്. സിനിമയിൽ ഇടയ്ക്കൊരു മാധ്യമത്തിന്റെ കൈകടത്തലുണ്ട്.
ഇന്ന് പല സംവിധായകരും അനുഭവത്തെ നേരിട്ടെത്തിക്കാനാണ് ശ്രമിക്കുന്നത്. ആധുനികകാലത്ത് സിനിമ സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. നിർമിതബുദ്ധി ഭയപ്പെടുത്തുന്നതാണ്. ഏറ്റവും സാധ്യതയുള്ള നിർമിതബുദ്ധി കൈവശമുള്ളവർ ലോകം ഭരിക്കും-അടൂർ പറഞ്ഞു.
ഫെസ്റ്റിവൽ ഡയറക്ടർ സി.വി. ബാലകൃഷ്ണൻ ആമുഖഭാഷണം നടത്തി. ടി.ഒ. മോഹനൻ എം.എൽ.എ. അധ്യക്ഷനായി. കെ. സുധാകരൻ എം.പി. വിശിഷ്ടാതിഥിയായി. കളക്ടർ പി. വിഷ്ണുരാജ് അടൂരിനെ ആദരിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, എം. രത്‌നകുമാർ എന്നിവർ സംസാരിച്ചു.
സാഹിത്യോത്സവത്തിൽ ഇന്ന്
:മുഖാമുഖം: അടൂർ ഗോപാലകൃഷ്ണൻ-സി.വി.ബാലകൃഷ്ണൻ 10.00; പരിസ്ഥിതി-ചെറുവയൽ രാമൻ-സി.ആർ.നീലകണ്ഠൻ 11.00, ജീവചരിത്രം-ഡോ. കെ.ശ്രീകുമാർ, ബൈജു ചന്ദ്രൻ 12.00, സിനിമ-സി.എസ്.വെങ്കിടേശ്വരൻ, പി.പ്രേമചന്ദ്രൻ, പി.കെ.സുരേന്ദ്രൻ 2.00; കവിത-വി.എം.ഗിരിജ, പി.രാമൻ, എസ്.കലേഷ്, ഷീജ വക്കം 3.30
ഗാന്ധിജിയിൽനിന്ന് അംബേദ്കറെ കണ്ടെത്താൻ ശ്രമിക്കരുത്-എം.എൻ.കാരശ്ശേരി
: ഗാന്ധിജിയിൽനിന്ന് അംബേദ്കറെയും അംബേദ്കറിൽനിന്ന് ഗാന്ധിജിയെയും കണ്ടെത്താൻ ശ്രമിക്കരുതെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ എം.എൻ.കാരശ്ശേരി പറഞ്ഞു.
കണ്ണൂർ സാഹിത്യോത്സവത്തിൽ ‘ഗാന്ധിജിയുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറയാനാകില്ല. ബുദ്ധൻ ചെറുപ്പകാലത്ത് ഭാര്യയെയും മകനെയും ഉപേക്ഷിച്ചുപോയത് തെറ്റാണ്.
നാടിന്റെ കാര്യം നോക്കുമ്പോൾ വീട്ടുകാര്യം ചെയ്യാനാകാതെപോയെന്നുവരാം. ഗാന്ധിജിക്കും തെറ്റുപറ്റാം. ഗാന്ധിജിയെന്നത് വീഴ്ചകളുംകൂടി അടങ്ങിയതാണ്. ഗാന്ധിജിയെക്കുറിച്ച്, മൗനം പാലിക്കുകയോ അതിശയോക്തി പറയുകയോ വേണ്ട. ഏത് മഹാനാണ്, ഏത് മനുഷ്യനാണ് തെറ്റുപറ്റാത്തത്. ഗാന്ധിജിക്ക് പറ്റിയത് തെറ്റാണെങ്കിൽ തെറ്റെന്നും പറയണം -കാരശ്ശേരി അഭിപ്രായപ്പെട്ടു.
കണ്ണൂർ ജവാഹർ ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ വിവിധ സെഷനുകളിലായി എൻ.പി.സജീഷ്, സോണിയ ചെറിയാൻ, ഡോ. എ.കെ.ജയശ്രീ, ജെ.പ്രഭാഷ് തുടങ്ങിയവർ സംസാരിച്ചു.
Published: 03 Oct 2026, 03:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented