വെള്ളൂർ : പ്രവർത്തനത്തിന്റെ 50 വർഷം പിന്നിടുമ്പോൾ ജനത ചാരിറ്റബിൾ സൊസൈറ്റി ഹൈടെക് പശുഫാം പ്രവർത്തനസജ്ജമാകുന്നു. പെരിങ്ങോം-വയക്കര ഗ്രാമപ്പഞ്ചായത്തിലെ അരവഞ്ചാൽ പൂക്കലിൽ പത്തേക്കറിലാണ്‌ ഫാം ഒരുക്കിയത്. ആദ്യഘട്ടത്തിൽ 200 പശുക്കളെ പരിപാലിക്കുന്നതിനുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സൊസൈറ്റിയുടെ ആവശ്യത്തിനുള്ള പാൽ ഫാമിൽനിന്ന് ലഭ്യമാക്കുക എന്നതാണ്‌ ലക്ഷ്യം. പശുക്കളെ കെട്ടിയിടാതെ വളർത്താനുള്ള സൗകര്യവും ആവശ്യത്തിന് വെള്ളവും തീറ്റയും ലഭ്യമാക്കുന്ന അത്യാധുനികരീതിയിലുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.

To advertise here,

ലോകോത്തര നിലവാരത്തിലുള്ള മിൽക്കിങ് യൂണിറ്റും ഫാമിൽ സ്ഥാപിച്ചിട്ടുണ്ട്. ക്ഷീരകർഷകർക്ക് ശാസ്ത്രീയ പശുപരിപാലന രീതികളിൽ പരിശീലനം നൽകാനും സൊസൈറ്റി ലക്ഷ്യമിടുന്നു. പുതുതലമുറയെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാനുള്ള പരിശീലന-ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. അത്യുത്പാദനശേഷിയുള്ള പശുക്കളുടെ ഉത്പാദനവും പരിപാലനവും വഴി ക്ഷീരമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പരീക്ഷണങ്ങളും ഫാമിൽ നടക്കും. ചാണകം ഉണക്കിപ്പൊടിച്ച് ചാക്കിലാക്കി ആവശ്യക്കാർക്ക് നൽകും. 50 ചതുരശ്രമീറ്റർ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.

തീറ്റ തയ്യാറാക്കുന്നതിനുള്ള സൈലേജ് നിർമാണ യൂണിറ്റും ഒരുക്കിയിട്ടുണ്ട്‌. പുല്ലും ചോളവും സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്യും. ഫാമിെന ടൂറിസവുമായി ബന്ധപ്പെടുത്തി കാർഷികപഠനകേന്ദ്രമാക്കി വികസിപ്പിക്കാനും സൊസൈറ്റി ലക്ഷ്യമിടുന്നു.

എ.വി. കുഞ്ഞിക്കണ്ണൻ പ്രസിഡന്റായും ടി. ശ്രീജിത്ത് സെക്രട്ടറിയുമായുള്ള ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഫാം യാഥാർഥ്യമാകുന്നത്.

ഹൈടെക് പശുഫാമിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 10-ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിക്കും. മുൻ എം.പി. കെ.കെ. രാഗേഷ് ഓട്ടോമാറ്റിക് മിൽക്ക് യൂണിറ്റിന്റെ സ്വിച്ച് ഓൺ നിർവഹിക്കും.