കുളങ്ങളും പാടങ്ങളും കാവുകളും സംരക്ഷിക്കും
തളിപ്പറമ്പ് : തളിപ്പറമ്പിന്റെ ജൈവവൈവിധ്യവും പ്രകൃതി-ചരിത്ര പൈതൃകവും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുന്നതിന് സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നു. തളിപ്പറമ്പ് നഗരസഭ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി (ബി.എം.സി.)യും സർ സയ്യിദ് കോളേജ് സസ്യശാസ്ത്രവിഭാഗവും സഹകരിച്ചാണ് ‘ജൈവ പൈതൃകം’ എന്നപേരിൽ പദ്ധതിക്ക് രൂപം നൽകുന്നത്. മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി 14-ന് സർ സയ്യിദ് കോളേജ് സെമിനാർ ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ബി.എം.സി. അംഗങ്ങൾ, ശാസ്ത്രജ്ഞർ, ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ, ജൈവവൈവിധ്യ-പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
പഴയ കുളങ്ങൾ, ജലാശയങ്ങൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, പഴക്കമേറിയ വൃക്ഷങ്ങൾ, ക്ഷേത്ര-പള്ളി പരിസരങ്ങളിലെ സസ്യവൈവിധ്യം, പക്ഷികൾ, ശലഭങ്ങൾ, ജലജീവികൾ എന്നിവയുടെ ശാസ്ത്രീയരേഖ തയ്യാറാക്കും. രാജരാജേശ്വരക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വലിയ മരങ്ങളും ക്ഷേത്രക്കുളങ്ങളും കാവുകളും പ്രകൃതി-സാംസ്കാരികപൈതൃകത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.നഗരസഭയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാംഘട്ടമായ പി.വി.ആർ-രണ്ട് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ശില്പശാലയോടെ തുടക്കമാകും. വൈദേശിക അധിനിവേശ സസ്യങ്ങളുടെ വ്യാപനവും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും രേഖപ്പെടുത്തും. വാർഡ് തലത്തിലുള്ള വിവരശേഖരണവും ഫീൽഡ് സർവേയും ഇതിന്റെ ഭാഗമായി നടത്തും. വൃക്ഷപൈതൃക രജിസ്റ്റർ തയ്യാറാക്കും. പഴയ കുളങ്ങളുടെയും ജലാശയങ്ങളുടെയും പട്ടിക തയ്യാറാക്കി അവയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള നിർദേശങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും. ഹരിതവത്‌കരണ പ്രവർത്തനങ്ങൾ നടത്തും
വിദ്യാർഥികൾ ജൈവവൈവിധ്യവൊളന്റിയർമാർ
സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് സസ്യപരിചയം, വൃക്ഷം തിരിച്ചറിയൽ, പക്ഷി–ശലഭ നിരീക്ഷണം, ജലാശയപഠനം, ജൈവവൈവിധ്യം രേഖപ്പെടുത്തൽ, നാട്ടറിവ് ശേഖരണം, ഡിജിറ്റൽ വിവരശേഖരണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. ഇവരെ ഉൾപ്പെടുത്തി ‘ജൈവവൈവിധ്യ വൊളന്റിയർ സേന’ രൂപവത്കരിക്കും.ഡിജിറ്റൽ ജൈവവൈവിധ്യ ഡാറ്റാബേസ് തയ്യാറാക്കും. പ്രധാന മരങ്ങൾക്കും ജൈവവൈവിധ്യ കേന്ദ്രങ്ങൾക്കും ക്യു.ആർ. കോഡ് അടിസ്ഥാനത്തിലുള്ള വിവരസംവിധാനം ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. നഗരവികസനവും പ്രകൃതിസംരക്ഷണവും കൈകോർക്കുന്ന സുസ്ഥിര നഗരവികസന മാതൃക രൂപപ്പെടുത്തുകയാണ് മാസ്റ്റർപ്ലാനിന്റെ ദീർഘകാല ലക്ഷ്യം. നഗരസഭാധ്യക്ഷൻ പി.കെ.സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എം.സി. കൺവീനർ ഡോ. എ.കെ.അബ്ദുസ്സലാം, ഗിരീഷ് പൂക്കോത്ത്, കെ.വി.ടി.മുസ്തഫ, എ.വി.വാസന്തി, എം.കെ.ഷബിത, സി.മനോഹരൻ, കെ.അനീഷ് കുമാർ, ടി.ഇ.ശ്രീലത, ടി.പി.ലത. നഗരസഭ സെക്രട്ടറി കെ.പി.സുബൈർ എന്നിവർ പങ്കെടുത്തു.
Published: 03 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented