കണ്ണൂർ : നമ്പറുകൾ മരങ്ങളാക്കി മാറ്റുന്ന ദിലീപ് മാഷുടെ പ്രകൃതിസ്നേഹം കണ്ണൂർ സെൻട്രൽ ജയിലിലെ ഗാന്ധിപ്രതിമയ്ക്കരികിൽ ഗാന്ധിജയന്തിനാളിലെത്തി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് കോഡിനേറ്ററും ഈ വർഷത്തെ വനമിത്ര പുരസ്കാരജേതാവുമായ ഡോ. പി. ദിലീപും മകൻ വിധുവേദുമാണ് ഗാന്ധിജിയുടെ 157-ാം പിറന്നാൾനാളിൽ 157-ാമത്തെ മരം കണ്ണൂർ സെൻട്രൽ ജയിലിൽ നട്ടത്.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാർഥികൾക്ക് അവർക്ക് ഇഷ്ടമുള്ള മരം നൽകി 156 എണ്ണം നട്ടശേഷമാണ് 157-ാം മരം കണ്ണൂർ സെൻട്രൽ ജയിൽവളപ്പിൽ നട്ടത്. ഗാന്ധിജിയുടെ 150-ാം പിറന്നാൾവർഷംതൊട്ട് തുടങ്ങിയതാണ് ഈ യജ്ഞം. ഡിസംബർമുതൽ നടാൻ തുടങ്ങിയതാണ് 157 മരങ്ങൾ. മോഹൻലാലിന്റെ ഇഷ്ടനമ്പറായ 2255 മരംനട്ടും ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056 മഴക്കുഴികൾ നിർമിച്ചും ശ്രദ്ധേയനായിരുന്നു ഡോ. ദിലീപ്. ഗാന്ധിജയന്തിയുടെ ഭാഗമായി ഇതുവരെ 1226 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എടച്ചേരി കോട്ടയമ്പ്രം സ്വദേശിയായ ഡോ. ദിലീപ് ഈ യജ്ഞം തുടങ്ങിയതും സ്വന്തം നാട്ടിലാണ്.
ജയിൽവളപ്പിൽ മരംനട്ട വിധുവേദ് ദിലീപിന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് മുഹമ്മദ് സിയാദ് ജില്ലാ ഗാന്ധി സെൻറിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ഉപഹാരം നൽകി. ഡോ. പി. ദിലീപിനെ ഡെപ്യൂട്ടി സൂപ്രണ്ട് നിധിൻ തോമസ് ആദരിച്ചു. സെൻട്രൽ ജയിലിനുള്ള ഉപഹാരം മഹാത്മാമന്ദിരം ഉപാധ്യക്ഷൻ എം.ടി. ജിനരാജ് കൈമാറി. ജയിൽ ജോയിന്റ് സൂപ്രണ്ട് ടി.ജെ. പർവേശ്, മാതൃഭൂമി സീഡ് കോഡിനേറ്റർ സി. സുനിൽകുമാർ, ജയിൽ വെൽഫെയർ ഓഫീസർ ടി. രാജേഷ് കുമാർ, അസിസ്റ്റന്റ് സൂപ്രണ്ട് പി.ടി. സന്തോഷ്, കണ്ണൂർ മഹാത്മമന്ദിരം ഭാരവാഹികളായ പി. വിജയകുമാർ, മുഹമ്മദ് റഷീദ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
Published: 05 Oct 2026, 02:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented