നടുവിൽ : വയോജനങ്ങളുടെ പകൽ സംരക്ഷണ കേന്ദ്രങ്ങൾ വയോജന ദിനത്തിലും അടഞ്ഞുകിടന്നു. നടുവിൽ ഗ്രാമപ്പഞ്ചായത്തിൽ മാത്രം 12 പകൽവീടുകളാണ് തുറക്കാതെ കിടക്കുന്നത്. 12 യൂണിറ്റുകളിലായി 1000 ൽ അധികം അംഗങ്ങളുണ്ട്.

To advertise here,

15 ലക്ഷത്തിനു മുകളിൽ രൂപ ചെലവിട്ടാണ് മിക്ക കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് അനുവദിച്ച മേശ,കസേര പോലുള്ള ഫർണിച്ചറുകളും നശിച്ചു കൊണ്ടിരിക്കുന്നതായി വയോജനങ്ങൾ പരാതി പറയുന്നു.

മണ്ടളം,നടുവിൽ പടിഞ്ഞാറ്, പള്ളിത്തട്ട്, പുലിക്കുരുമ്പ, പാത്തൻപാറ, വെള്ളാട്, കരുവഞ്ചാൽ, വായാട്ടുപറമ്പ്, കനകക്കുന്ന്, തേർമല എന്നിവിടങ്ങളിലാണ് പകൽ വീടിന് കെട്ടിടങ്ങൾ പണിതിട്ടുള്ളത്. വെള്ളാടും കരുവഞ്ചാലും രണ്ടു വീതം പകൽ വീടുകളുണ്ട്.

ഇതിൽ മണ്ടളത്തെ പകൽ വീടാണ് സജീവമായി പ്രവർത്തിക്കുന്നത്. ഇവിടെ കുടിവെള്ള സൗകര്യവും വൈദ്യുതിയും അംഗങ്ങൾ തന്നെ ഒരുക്കുകയാണ് ചെയ്തത്. വ്യായാമത്തിനായി നൽകിയ ഉപകരണം കേടായി കിടക്കുകയാണ്.

പകൽവീടുകളിൽ വയോജനങ്ങൾക്ക് ആരോഗ്യ പരിപാലനത്തിനും മറ്റുമായി വേണ്ടിവരുന്ന ഉപകരണങ്ങൾ ഇല്ലാത്തതാണ് പ്രധാന പോരായ്മ. കെയർ ടേക്കർമാരെയും നിയമിച്ചിട്ടില്ല. 20 വാർഡുകളിലേക്കുമായി ഒരു കെയർടേക്കർ മാത്രമാണുള്ളത്.

കെട്ടിടങ്ങളിൽ വയോജനങ്ങളുമായി ബന്ധമില്ലാത്ത പരിപാടികളാണ് അപൂർവമായെങ്കിലും നടക്കുന്നത്.

പള്ളിത്തട്ട്, വായാട്ടു പറമ്പ് എന്നിവിടങ്ങളിലെ പകൽവീട് അങ്കണവാടി കെട്ടിടങ്ങളുടെ രണ്ടാം നിലയാണ്. ഇവിടെ റാമ്പ് സൗകര്യമില്ല. അതിനാൽ തന്നെ പടികയറി എല്ലാ ആംഗങ്ങൾക്കും മുകളിലെത്താൻ കഴിയുന്നില്ല. കരുവഞ്ചാലിലെ ഒരു കെട്ടിടം വാതിലും ജനാലകളും ദ്രവിച്ച് ജീർണാവസ്ഥയിലാണ്. കനകക്കുന്നിൽ നിർമിച്ച കെട്ടിടം അനാഥാവസ്ഥയിലാണുള്ളത്.

നടുവിൽ പടിഞ്ഞാറുള്ള പകൽവീട് അടുത്ത കാലത്ത് അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇതും മറ്റു കാരണങ്ങളാൽ അടഞ്ഞു കിടക്കുകയാണ്.