പാനൂർ : പൊട്ടിപ്പൊളിഞ്ഞ് പൂർണമായും തകർന്ന് കാൽനടയാത്രപോലും പ്രയാസകരമായ റോഡ് ഒന്ന് നന്നാക്കിക്കിട്ടാൻ ഇനിയുമെത്രകാലം കാത്തിരിക്കണം? തൃപ്രങ്ങോട്ടൂരിലെ പൊയിലൂർ-വെങ്ങത്തോട്-കടവന്നൂർ റോഡിന്റെ ദുരവസ്ഥയ്ക്ക് 40 വർഷത്തോളം പഴക്കമുണ്ട്. 1984-87 കാലയളവിൽ റോഡ് ആദ്യമായി ടാർചെയ്തതിനുശേഷം നവീകരണം നടക്കാത്ത റോഡാണിത്.

To advertise here,

പൊയിലൂർ മേഖലയെ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെടുത്തുന്ന റോഡിന് 3.420 കി.മീറ്ററാണ് ദൈർഘ്യം. ഗതാഗതയോഗ്യമല്ലാതായതോടെ റോഡ് നവീകരിക്കണമെന്ന പൊതുജനാവശ്യം ശക്തമായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ 2024-ൽ പി.എം. സഡക് യോജനയിൽ ഉൾപ്പെടുത്തി 3.95 കോടി രൂപയ്ക്ക് ടെൻഡർ നൽകി. 24-10-2024-ൽ തുടങ്ങി 23-10 -2025-ൽ പൂർത്തീകരണം എന്ന് ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുവർഷം കഴിഞ്ഞിട്ടും നിർമാണപ്രവൃത്തി അനിശ്ചിതത്വത്തിലാണ്.

എട്ട്‌ ഓവുപാലങ്ങളുടെ പണി പൂർത്തിയായിട്ടുണ്ട്. വശങ്ങളിലെ കലുങ്ക് നിർമാണം പൂർത്തിയാകാനുണ്ട്. ചേടിക്കുന്ന്, കച്ചേരി, മണാട്ടി, ഉണ്ടാക്കൂൽ, എരഞ്ഞാട്ട് എന്നീ അഞ്ച് മെട്ടകൾ റോഡിലുണ്ട്. പൂർണമായും തകർന്ന ഈ ഭാഗങ്ങളിൽ നിരവധി ഇരുചക്രവാഹന അപകടങ്ങളാണ് നടന്നത്. ഈ മെട്ടകൾ കുഴിച്ച് പരമാവധി ഉയരം കുറയ്ക്കേണ്ടതുണ്ട്. എരഞ്ഞാട്ട് മെട്ട പകുതിഭാഗം കുഴിച്ചിട്ടുണ്ട്.

നാട്ടുകാർ അധികൃതരുമായും ജനപ്രതിനിധികളുമായും കരാറുകാരനുമായും നിരന്തരം ഇടപെട്ടെങ്കിലും റോഡ് നിർമാണം പുനരാരംഭിച്ചില്ല. 1990-കളിൽ വടകരയിൽനിന്ന് വെങ്ങത്തോട് വരെ ഒരു ബസ് സർവീസ് നടത്തിയിരുന്നു. പിന്നീടത് നിർത്തി.

പൊയിലൂർ, തൂവക്കുന്ന്, കല്ലിക്കണ്ടി തുടങ്ങി സമീപപ്രദേശങ്ങളിലുള്ള ഒട്ടേറെപ്പേരുടെ നൂറുകണക്കിന് ഏക്കർ ഭൂമി ഈ ഭാഗത്തുണ്ട്. കാർഷികവിളകൾക്ക് വളം എത്തിക്കാനും ഉത്‌പന്നങ്ങൾ കൊണ്ടുപോകാനും മാത്രമല്ല, കൃഷിയിടത്തിൽ എത്താൻപോലും കർഷകർ പെടാപ്പാടുപെടുകയാണ്. കൃഷിസ്ഥലങ്ങൾ പലതും കാടുപിടിച്ചുകിടക്കുന്നു. ഒപ്പം പന്നി, കുരങ്ങ്, മയിൽ തുടങ്ങിയവയുടെ കൂടിവരുന്ന ശല്യവും. ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ ഓട്ടംപോകുന്ന ഓട്ടോഡ്രൈവർമാർ നേരിടുന്ന ദുരിതവും ഏറെയായാണ്.

ഗർഭിണിയായ ബന്ധുവിനെ ആസ്പത്രിയിലെത്തിക്കാൻ പൊയിലൂർ വരെയുള്ള ഒരു കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിക്കാൻ അരമണിക്കൂർ സമയമെടുത്ത അനുഭവം പ്രദേശവാസിയായ ടി.പി. ദിവാകരൻ പങ്കുവെച്ചു.

കുടിവെള്ളവിതരണത്തിനായി കുഴിച്ച റോഡരിക് പഴയരീതിയിലാക്കിയാൽ മാത്രമേ റോഡ്നിർമാണം പുനരാരംഭിക്കുകയുള്ളൂ എന്നാണ് കരാറുകാരൻ പറഞ്ഞതെന്ന് പ്രദേശവാസിയായ കെ.സി. ജിറേഷ് പറഞ്ഞു.