കരിവെള്ളൂർ : ഇരുവശവും 70 ഏക്കറോളം പച്ചപ്പട്ടണിഞ്ഞ് പരന്നുകിടക്കുന്ന കോട്ടൂർ വയൽ പാടശേഖരം. വയലിനു നടുവിലൂടെ തെളിനീരുമായൊഴുകുന്ന തോട്. വടക്കെ മണക്കാടിനേയും പലിയേരിക്കൊവ്വലിനേയും കോർത്തിണക്കി വയലുകളുടെ മധ്യത്തിലൂടെ മനോഹരമായ കോൺക്രീറ്റ് നടപ്പാത.

To advertise here,

സായാഹ്നങ്ങളിൽ പ്രകൃതി ആസ്വാദകരുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് പലിയേരി ക്കൊവ്വൽ മഠത്തിൻ താഴെ നടപ്പാത. സൂര്യാസ്തമയം വരെ മനോഹര കാഴ്ച ആസ്വദിക്കാനായി അനവധി പേരാണ് എല്ലാ ദിവസവും നടപ്പാതയിലെത്തുന്നത്. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടും.

മൂന്ന് മീറ്റർ വീതിയും 300 മീറ്ററോളം നീളവുമുള്ള നടപ്പാതയ്ക്ക് നാട്ടുകാരുടെ കൂട്ടായ്മയുടേയും കഠിനാധ്വാനത്തിന്റെയും കഥ പറയാനുണ്ട്. കരിവെള്ളൂരിൽനിന്ന് പലിയേരികൊവ്വലിലെത്താനുള്ള എളുപ്പവഴിയാണ് ഈ നടപ്പാത. കുറച്ച് വർഷം മുൻപുവരെ യാത്രയ്ക്കായി വയൽ വരമ്പ് മാത്രമാണുണ്ടായിരുന്നത്. നടപ്പാതയുണ്ടാക്കുന്നതിന് പഞ്ചായത്ത് അനുവദിച്ച നാല് ലക്ഷം രൂപ തികയാതെ വന്നപ്പോൾ നാട്ടുകാർ കൈകോർത്ത് രംഗത്തിറങ്ങി.

ചെറുപാലം നിർമിച്ചും സേവനം ചെയ്തും 18 ലക്ഷം രൂപയുടെ ആസ്‌തി നാട്ടുകാരുണ്ടാക്കി. പിന്നീട് എം.എൽ. എ. ഫണ്ടിൽനിന്ന് 17 ലക്ഷവും പഞ്ചായത്ത് പദ്ധതിയിൽ നിന്ന് 14 ലക്ഷവും അനുവദിച്ചതോടെ മനോഹരമായ കോൺക്രീറ്റ് നടപ്പാതയൊരുങ്ങി. ഇരുഭാഗവും കോൺക്രീറ്റ് തൂണുകൾ നാട്ടി നടപ്പാത മനോഹരമാക്കി. മറ്റ് സ്ഥലങ്ങളിൽനിന്നു പോലും ഇവിടേക്ക് സഞ്ചാരികളെത്താൻ തുടങ്ങിയിട്ടുണ്ട്.

കരിവെള്ളൂർ ബസാർ വടക്കെ മണക്കാട് റോഡിൽ ചങ്ങം വള്ളി തോടിന് സമീപത്തുനിന്ന് തെക്കോട്ട് പുതിയ റോഡ് വന്നതോടെ എളുപ്പത്തിൽ നടപ്പാതയിലെത്തിച്ചേരാം. കൂട്ടായ്മയുടെ അടയാളമായ നടപ്പാതയിൽ സഞ്ചാരികളെത്തുമ്പോൾ നാട്ടുകാർക്കും സന്തോഷമാണ്. പ്രകൃതിഭംഗി അതേപടി നിലനിർത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ നടപ്പാതയെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം.