ശ്രീകണ്ഠപുരം : മലപ്പട്ടം പഞ്ചായത്തിലെ പടപ്പക്കരിയിലെ എസ്.സി. കമ്യൂണിറ്റി സെന്റർ കാടുകയറി നശിക്കുന്നു. 1998- 99 വർഷത്തെ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായാണ് എസ്.സി. കമ്യൂണിറ്റി സെന്റർ നിർമിച്ചത്. വായനശാല സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയായിരുന്നു നിർമാണം. ടി.വി.യും ആവശ്യമായ ഫർണിച്ചറുകളുമെല്ലാം ഉൾപ്പെടെ കുറച്ചു കാലം സജീവമായ കമ്യൂണിറ്റി സെന്റർ പിന്നീട് പ്രവർത്തനം നിലച്ചു. കുറച്ചുകാലം ഇവിടെ വനിതകൾ തയ്യൽപരിശീലനം നടത്തിയിരുന്നെങ്കിലും അതും നിർത്തി. സമീപത്ത് തന്നെ വയോജനമന്ദിരം തുടങ്ങിയപ്പോഴാണ് കമ്യൂണിറ്റി സെന്ററിന്റെ പ്രവർത്തനം ഇല്ലാതായതെന്ന് നാട്ടുകാർ പറയുന്നു. ഇവിടേക്ക് അനുവദിച്ച ദിനപത്രങ്ങളും ഇപ്പോൾ വയോജന മന്ദിരത്തിലാണ് ഇടുന്നത്.

To advertise here,

കാടുകയറി കെട്ടിടം കാണാൻ കഴിയാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന് സമീപത്തേക്ക് പോകാൻ പോലും കഴിയില്ല. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ആസ്‌ബസ്‌റ്റോസ് ഉപയോഗിച്ച് നിർമിച്ച കെട്ടിടവും ദ്രവിച്ച് ഇല്ലാതാകുകയാണ്.

കാടുകയറി കമ്യൂണിറ്റി ഹാളും വ്യവസായ പാർക്കും

പടപ്പക്കരിയിലെ എസ്.സി. കമ്യൂണിറ്റി സെന്റർ മാത്രമല്ല സമീപത്തെ ചൂളിയാട് ബസ് സ്റ്റോപ്പിന് സമീപം നിർമിച്ച കമ്യൂണിറ്റി ഹാളും മലപ്പട്ടം വനിതാ വ്യവസായ പാർക്ക് കെട്ടിടവും കാടുകയറി നശിക്കുകയാണ്. എ.പി. അബ്ദുള്ളക്കുട്ടി എം.പി.യുടെ പ്രാദേശിക വികസന നിധിയിൽ നിന്നനുവദിച്ച രണ്ടുലക്ഷം രൂപ ചെലവിൽ വ്യക്തി സൗജന്യമായി നൽകിയ മൂന്നുസെൻറിലാണ് കമ്യൂണിറ്റി ഹാൾ നിർമിച്ചത്. 2000 ഡിസംബർ 15-യിരുന്നു ഉദ്ഘാടനം. ആദ്യ കാലത്ത് ചില സർക്കാർ പരിപാടികൾ ഇവിടെ നടന്നിരുന്നെങ്കിലും പിന്നീട് അനാഥമായി. 2014-ൽ വനിതകൾക്കുള്ള സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി തയ്യൽ പരിശീലനകേന്ദ്രം തുടങ്ങിയെങ്കിലും നാലുമാസത്തിനുള്ളിൽ അതും നിലച്ചു. തുടങ്ങുമ്പോൾ 19 തയ്യൽയന്ത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പലരും കടത്തിക്കൊണ്ടു പോയതിനാൽ ആറെണ്ണമേ ബാക്കിയുള്ളു. ഇതെല്ലാം തുരുമ്പെടുത്ത് നശിച്ചു. പൊടിപിടിച്ച് ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലാണ്. കമ്യൂണിറ്റി ഹാളിന്റെ വാതിലും ജനാലയുമെല്ലാം ചിതലരിച്ചു ദ്രവിച്ചു. ഫർണിച്ചറും ഉപയോഗപ്രദമല്ലാതായി.

വനിതാ വ്യവസായ പാർക്കിന്റെ അവസ്ഥയും ഇതു തന്നെയാണ്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 26 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണ് നാഥനില്ലാതെ നശിക്കുന്നത്. മലപ്പട്ടം ഹൈസ്കൂളിന് സമീപം 16 ലക്ഷം രൂപയ്ക്ക് വാങ്ങിയ 60 സെൻറിലാണ് കെട്ടിടം നിർമിച്ചത്. 2024 ഏപ്രിലിൽ മന്ത്രി പി. രാജീവാണ് ഉദ്ഘാടനം ചെയ്തത്. ഭൂമിയിൽ 92.80 മീറ്റർ സ്‌ക്വയർ വിസ്തീർണമുള്ള കെട്ടിടമാണിത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി നിർമിച്ച കെട്ടിടം വനിതാ കൂട്ടായ്മയ്ക്ക് സംരഭങ്ങൾ തുടങ്ങാനായി വാടയ്ക്ക് നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും വ്യവസായം തുടങ്ങാൻ ആരും വന്നില്ല. ഇതോടെയാണ് കെട്ടിടവും പരിസരവും കാടുകയറുന്നത്.