ചിറ്റാരിപ്പറമ്പ് : വർഷങ്ങളായി വികസന പ്രവർത്തനം നടക്കാതെ മുരടിച്ച ചിറ്റാരിപ്പറമ്പ് ടൗണിന്റെ മുഖച്ചായ മാറ്റാൻ നടപടിയായി. നവീകരണത്തിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അധികൃതർ ചിറ്റാരിപ്പറമ്പ് ടൗൺ പ്രദേശം സന്ദർശിച്ചു.

To advertise here,

ടൗൺ നവീകരണത്തിനായി കഴിഞ്ഞ സർക്കാറും പുതിയ സർക്കാറും ഒരു കോടി രൂപ വകയിരുത്തിയിരുന്നു. മഴക്കാലത്ത് ഇരട്ടകുളങ്ങര റോഡിലെ വെള്ളകെട്ട്, ഇരട്ടകുളങ്ങര മുതൽ ചിറ്റാരിപ്പറമ്പ് ടൗൺ വരെ റോഡിന് ഇരുവശത്തും അപര്യാപ്‌തമായ ഓവുചാൽ കാരണം റോഡിൽ കൂടി വെള്ളം ഒഴുകുന്നത്, ഓവുചാലിന്റെ സ്ലാബ് തകർന്ന കാരണം കാൽനട യാത്രക്കാരുടെ ബുദ്ധിമുട്ട്, മരമില്ലിന് സമീപം റോഡരിക് ടാറിങ് നടത്താത്തതിനാൽ വാഹന യാത്രക്കുള്ള ബുദ്ധിമുട്ട് എന്നിവ നാട്ടുകാർ അധികൃതരുടെ ശ്രദ്ധൽപ്പെടുത്തി.

 

രണ്ടായിരത്തിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളും എട്ട് ബാങ്കുകളും പോസ്റ്റാഫീസും നൂറിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങളും ഉള്ള ചിറ്റാരിപ്പറമ്പ് ടൗണിൽ ആധുനിക ശൗചാലയം നിർമ്മിക്കണമെന്നും രാത്രി ടൗണിൽ മികച്ച വെളിച്ച സംവിധാനം ഒരുക്കണമെന്നും വ്യാപാരികൾ നിർ​േദശിച്ചു.

മരമില്ലിന് സമീപം റോഡരികിൽ പൊതു സ്റ്റേജ് നിർമ്മിക്കാനും ചിറ്റാരിപ്പറമ്പ് ടൗണിലെ തകർന്ന ഓവുചാലുകൾ പുനർനിർമ്മിക്കാനും ചിറ്റാരിപ്പറമ്പ് ഗവ ഹയർസെക്കൻഡറി സ്കൂൾ വരെ പുതുതായി ഓവുചാൽ നിർമിക്കാനും ബസ്സ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാനും പദ്ധതിയിൽ നിർദേശമുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി, പി.ഡബ്ലു.ഡി. അസി. എൻജിനീയർ പ്രസാദ്, പഞ്ചായത്ത് അസി. എൻജിനീയർ പ്രണാം, പഞ്ചായത്ത് അംഗം സി.ചന്ദ്രൻ, പ്രജിന പ്രകാശ്, എ.ലീന, കെ.വി. ധർമ്മരാജൻ, പി. ജിനീഷ്, കെ.വി.ശ്രീധരൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് സ്ഥലപരിശോധന നടത്തിയത്.