അപകടങ്ങൾ പതിവായി; പൊടിശല്യവും രൂക്ഷം
പിലാത്തറ : റോഡ് വികസനപ്രവൃത്തി ദുരന്തമാകുന്ന അവസ്ഥയാണ് ചന്തപ്പുര-മാതമംഗലം റോഡിലുള്ളത്. ഒരുവർഷമായി പ്രവൃത്തികൾ മെല്ലെപ്പോക്കിലാണ്. പലയിടത്തും റീ ടാറിങ്ങിനും കൾവർട്ട് പ്രവൃത്തിക്കും റോഡുയർത്താനുമായി റോഡ് മുറിച്ചിട്ടിരിക്കുന്നു.
കണ്ടോന്താർ മുതൽ മാതമംഗലംവരെ മാസങ്ങളായി റോഡിൽ നിരത്തിയിട്ടിരിക്കുന്ന ജില്ലി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. വാഹനങ്ങൾ പോകുമ്പോൾ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ജില്ലി തെറിക്കുന്നത് പതിവായി. പലതവണ കച്ചവട സ്ഥാപനങ്ങളുടെ ഗ്ലാസ് തകർന്ന് ജീവനക്കാർക്ക് പരിക്കേറ്റു. പൊടിശല്യവും രൂക്ഷമാണ്.
സദാസമയവും പുകമറ പോലെ നിറഞ്ഞ് നിൽക്കുന്ന ജില്ലിപ്പൊടി കാരണം പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു. കിണറുകളിലെ വെള്ളത്തിലടക്കം കരിങ്കൽപൊടി നിറഞ്ഞു. ജില്ലി നിരത്തിയിട്ട് മാസങ്ങളായെങ്കിലും ടാറിങ് ഇതുവരെ തുടങ്ങിയില്ല. പ്രദേശവാസികളും യാത്രക്കാരും ആകെ ദുരിതത്തിലാണ്.
എട്ടുമാസംമുൻപ് പാതിവഴിയിലിട്ട ഏഴ് കൾവർട്ടുകളുടെ പണി ഇപ്പോഴും പൂർത്തിയായില്ല. പലയിടത്തും മാസങ്ങളായി റോഡ് പാതി അടച്ചിട്ട നിലയിലാണ്. പിലാത്തറ മുതൽ ചന്തപ്പുര വരെയുള്ള പ്രവൃത്തി ഏറെ നാളുകൾക്കുശേഷം പുനരാരംഭിച്ചെങ്കിലും ചന്തപ്പുര- മാതമംഗലം ഭാഗം മെല്ലെപ്പോക്കിലാണ്.
പിലാത്തറയിൽ നിന്നുള്ള പ്രധാന മലയോര പാതയായ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിലെ പിലാത്തറ മുതൽ മാതമംഗലം വരെയുള്ള 10 കിലോമീറ്റർ വികസന പ്രവൃത്തിയാണ് ഒരുവർഷം മുൻപ് തുടങ്ങിയത്.
പിലാത്തറ-ചന്തപ്പുര ആറ് കോടിയും ചന്തപ്പുര-മാതമംഗലം അഞ്ച് കോടിയുമായി 11 കോടി രൂപയാണ് ചെലവ്.
റോഡിന്റെ അടിത്തറ ശക്തമാക്കി വീതി ഏഴ് മീറ്ററാക്കി മെക്കാഡം ടാറിങ്ങിനും കൾവർട്ടുകൾ, ഡ്രെയിനേജ് എന്നിവ നിർമിക്കാനുമാണ് പദ്ധതി.
ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക്
ഒരുവർഷം മുൻപേ തുടങ്ങിയ മാതമംഗലം-പിലാത്തറ റോഡ് നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരേയും അശാസ്ത്രീയ നിർമാണം മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി. മാടായി മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. 24-നകം ടാറിങ് ആരംഭിച്ചില്ലെങ്കിൽ 25-ന് റോഡ് ഉപരോധം അടക്കമുള്ളവ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സുജിത് വടക്കൻ, ജില്ലാ ജനറൽ സെക്രട്ടറി എ.പി.ഗംഗാധരൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.വി.സനിൽ കുമാർ, ജില്ലാ കമ്മിറ്റിയംഗം ശങ്കരൻ കൈതപ്രം എന്നിവർ പറഞ്ഞു. ഇതു സംബന്ധിച്ച്
പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ പരാതി നൽകി.
അടിയന്തര പരിഹാരം കാണണം- സീനിയർ സിറ്റിസൺ കോൺഗ്രസ്
ഒരുവർഷമായി എങ്ങുമെത്താത്ത പിലാത്തറ-മാതമംഗലം റോഡ് പണി കാരണം ജനങ്ങൾ വലയുകയാണ്. പൊടിശല്യവും കരിങ്കല്ലുകൾ തെറിച്ച് പരിക്കേൽക്കുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും നിത്യസംഭവമായി. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും ടാറിങ് വേഗം പൂർത്തീകരിക്കണമെന്നും സീനിയർ സിറ്റിസൺ കോൺഗ്രസ് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവൃത്തിയിൽ കാലതാമസം തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കമ്മിറ്റി അറിയിച്ചു.
Published: 21 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented