ജില്ലാഭരണകൂടത്തിന് സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം
കോഴിക്കോട് : ബീച്ചിലെ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ശനിയാഴ്ച വൈകീട്ട് പരിശോധനയ്ക്കായി ബീച്ചിൽ എത്തി. കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജ് മുതൽ ഭട്ട് റോഡ് വരെയുള്ള ഭാഗങ്ങളിൽ യാതൊരു സുരക്ഷയുമില്ലാത്ത സ്ഥലമാണെന്ന് സിറ്റി പോലീസ് അധികൃതർ ജില്ലാ ഭരണകൂടത്തിന് നവംബർ ആദ്യആഴ്ച റിപ്പോർട്ട് നൽകിയിരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ആവശ്യം. രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ ഒട്ടേറെപ്പേർ എത്താറുണ്ട്.
ഈ ഭാഗങ്ങളിൽ ഒട്ടുംവെളിച്ചമില്ലാത്തതുകൊണ്ട് ഇവരുടെ സുരക്ഷപോലും അപകടത്തിലാകുന്ന സാഹചര്യമുണ്ടെന്നായിരുന്നു പോലീസ് റിപ്പോർട്ട്. സമൂഹവിരുദ്ധർ ഇവിടങ്ങളിൽ എത്തുന്നത് പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
രാത്രികാലങ്ങളിൽ പൂർണ മായും ഈ ഭാഗങ്ങളിൽ ഇരുട്ടിലാണ്.
ക്യാമറകൾ ഇല്ലെന്നും വാഹനപാർക്കിങ് സൗകര്യം വേണമെന്നും മാർഗതടസ്സമുണ്ടാക്കിയാണ് ഈ ഭാഗങ്ങളിൽ വാഹനം നിർത്തിയിടുന്നതെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
നൂറുകണക്കിന് സന്ദർശകർ രാപകലില്ലാതെ കുടുംബസമേതവും അല്ലാതെയും ഇവിടെ എത്താറുണ്ടെങ്കിലും ഇവർക്ക് കാൽനടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് വാഹനങ്ങൾ നിർത്തിയിടുന്നതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഫ്രീഡം സ്ക്വയറിൽ മൂന്ന് പോസ്റ്റുകളിലായി നിലവിൽ പതിനെട്ട് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അവയിൽ നാല് ലൈറ്റുകൾ മാത്രമാണ് നിലവിൽ പ്രകാശിക്കുന്നത്.
ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന കോതി ബീച്ച് മുതൽ പുതിയാപ്പ ഹാർബർവരെയുള്ള ഭാഗങ്ങളിലെ പൊതുസുരക്ഷയും രാത്രികാല സുരക്ഷ, ക്രമസമാധാനം, വൈദ്യുതി-ഭക്ഷ്യസുരക്ഷ, ശുചിത്വം, ഗതാഗതനിയന്ത്രണം, നടപ്പാതകളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പം പരിശോധനയ്ക്ക് എത്തിയിരുന്നു.
കടൽസുരക്ഷയും 24 മണിക്കൂർ ലൈഫ് ഗാർഡ് സംവിധാനവും ഏർപ്പെടുത്തൽ, ഈ ഭാഗങ്ങൾ സിറ്റി പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തൽ, ഭക്ഷ്യസുരക്ഷാ പരിശോധനയും താത്കാലിക കടകളുടെ നിയന്ത്രണവും, ബീച്ച് ശുചീകരണവും ശാസ്ത്രീയ മാലിന്യനിർമാർജനവും, വിനോദസഞ്ചാര സ്മാരകങ്ങളുടെയും ശില്പങ്ങളുടെയും പരിപാലനം തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്.
ബീച്ചിൽ കച്ചവടക്കാർ നിലവിലെ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലരും വ്യാപാരം നടത്തുന്നതെന്നും ഭക്ഷണസാധനങ്ങൾ നൽകുന്നതിൽ എല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ബീച്ചിലെ ശുചിത്വം പ്രധാനമാണെന്നും അത്തരത്തിൽ നിയമലംഘനം നടത്തുന്ന കടക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്നും കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സ്ഥലത്തെ 40 കടക്കാർക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടറെ ഉദ്യോഗസ്ഥർ അറിയിച്ചു. 90 കടകളാണ് ഇവിടെയുള്ളത്.
പൊതുവഴിയിൽ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ച് പാചകംചെയ്യുന്നത് അനുവദിക്കരുതെന്നും കളക്ടർ നിർദേശിച്ചു.
ഭക്ഷ്യമാലിന്യം സംസ്കരിക്കുന്ന കാര്യത്തിലും അഴുക്കുവെള്ളം ഒഴുക്കുന്നതിലും യാതൊരു ശാസ്ത്രീയസംവിധാനവും നിലവിലില്ലെന്നും വാഹനംനിർത്തിയിടുന്നത് നടപ്പാതയിലാണെന്നും പൊതുജനങ്ങളും പോലീസും കളക്ടറുടെ ശ്രദ്ധയിൽപെടുത്തി. വൈകീട്ട് നാലുമുതൽ അഞ്ചരവരെ സ്ഥലത്ത് കളക്ടർ വിശദമായപരിശോധന നടത്തി.
കൗൺസിലർ സഫറി വെള്ളയിൽ, സബ് കളക്ടർ എസ്. ഗൗതംരാജ്, സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ടൗൺ അസിസ്റ്റന്റ് കമ്മിഷണർ അഷ്റഫ് തെങ്ങലക്കണ്ടി,എലത്തൂർ ഇൻസ്പെക്ടർ പി. ജിതേഷ്, ടൗൺ എസ്.ഐ. സജി ഷിനോബ്, വെള്ളയിൽ എസ്.ഐ. വി.ടി. ഹരീഷ് കുമാർ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. ഡി.ടി.പി.സി., ടൂറിസം, തുറമുഖം, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി., ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, ആരോഗ്യവിഭാഗം, ശുചിത്വമിഷൻ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, കെ.എസ്.ആർ.ടി.സി., ഫിഷറീസ് വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പം എത്തിയിരുന്നു.
Published: 22 Nov 2026, 03:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented