പിലാത്തറ-മാതമംഗലം റോഡിൽ യാത്ര അസഹനീയം

To advertise here,

പിലാത്തറ : വികസനപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന പിലാത്തറ-മാതമംഗലം റോഡിൽ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. പലസ്ഥലത്തും റീടാറിങ്, കലുങ്ക് നിർമാണം, റോഡ് ഉയർത്തൽ തുടങ്ങിയ പണികൾ പാതിവഴിയിൽ കിടക്കുന്നതുകാരണം യാത്ര അപകടംനിറഞ്ഞനിലയിലാണ്.

കണ്ടോന്താർ മുതൽ മാതമംഗലം വരെ മാസങ്ങളായി റോഡിൽ നിരത്തിയിട്ട ജില്ലി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ജില്ലിതെറിക്കുന്നത് പതിവാണ്. കച്ചവടസ്ഥാപനങ്ങളുടെ ഗ്ലാസ് തകരുന്നതും ജില്ലിതെറിച്ച് പരിക്കേൽക്കുന്നതുമായ നിരവധി സംഭവമുണ്ടായി. ഓരോ വാഹനങ്ങളും കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിശല്യവും കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങളിലുള്ളവർക്കും അസഹനീയമാണ്.

പ്രവൃത്തി തുടങ്ങിയിട്ട് വർഷം ഒന്ന്

ആറരപതിറ്റാണ്ടിന്റെ പഴക്കമുള്ളതും പിലാത്തറയിൽനിന്നുള്ള പ്രധാന മലയോരപാതയുമായ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിൽ പിലാത്തറ മുതൽ മാതമംഗലം വരെയുള്ള 10 കിലോമീറ്റർ വികസനപ്രവൃത്തിയാണ് ഒരുവർഷം മുൻപേ തുടങ്ങിയത്.

പിലാത്തറ-ചന്തപ്പുര ആറുകോടിയും ചന്തപ്പുര-മാതമംഗലം അഞ്ചുകോടിയുമായി 11 കോടി രൂപ ചെലവിൽ റോഡ് അടിത്തറ ശക്തമാക്കി വീതി ഏഴുമീറ്ററാക്കി മെക്കാഡം ടാറിങ് ചെയ്യാനും കൾവർട്ടുകൾ, ഡ്രൈനേജ് എന്നിവ നിർമിക്കാനുമാണ് പദ്ധതി. എന്നാൽ, എട്ടുമാസം മുൻപേ പാതിവഴിയിലിട്ട ഏഴ് കൾവർട്ടുകളുടെ പണി ഇപ്പോഴും പൂർത്തിയായില്ല. പലയിടത്തും മാസങ്ങളായി റോഡ് പാതി അടച്ചിട്ടനിലയിലാണ്.

പൊടിയിൽ മൂടി റോഡും പരിസരവും

മലയോരത്തേക്കുള്ള പ്രധാന പാതയായ ഈ റോഡിൽ കിലോമീറ്ററുകളോളം ജില്ലി നിരത്തിയിട്ടിട്ട് മാസങ്ങളായി. ഇതുമൂലം വാഹനങ്ങൾ കടന്നുപോകുമ്പോൾ പുകപോലെ പൊടി പൊങ്ങിനിറഞ്ഞ നിലയിലാണ്. റോഡരികിലെ വീടുകളും കച്ചവടസ്ഥാപനങ്ങളും പൊടിയിൽനിറഞ്ഞ നിലയിലാണ്.

വീട്ടുകിണറുകളിൽ വെള്ളത്തിലടക്കം കരിങ്കൽപൊടിയായി. നടന്നുപോകുന്നവരും ഓട്ടോ, ബൈക്ക്, ബസ് യാത്രക്കാരും മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്.