മട്ടന്നൂർ : പാലോട്ടുപള്ളി-വെമ്പടി-കോളാരി-നിടിയാഞ്ഞിരം റോഡിന്റെ നവീകരണപ്രവൃത്തി നീളുന്നു. പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമായിട്ടും ചെറിയൊരു ഭാഗം മാത്രമാണ് റോഡ് പണി നടന്നത്. റോഡിന് സ്ഥലം വിട്ടുനൽകാൻ വിസമ്മതിച്ച് 42 ഭൂവുടമകൾ കോടതിയെ സമീപിച്ചിരുന്നു. റോഡിലെ വൈദ്യുതത്തൂണുകൾ മാറ്റുന്നതിലെ കാലതാമസവും കുടിവെള്ളപദ്ധതിയുടെ പൈപ്പിടുന്നതും പണി നീണ്ടുപോകാൻ ഇടയാക്കി. കേസും മറ്റു തടസ്സങ്ങളും ചൂണ്ടിക്കാട്ടി പ്രവൃത്തിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ കോടതിയെ സമീപിച്ചതാണ് ഒടുവിലത്തെ പ്രതിസന്ധി.പ്രവൃത്തി പൂർണമായി നിലയ്ക്കുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടാകുക. പ്രവൃത്തി വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.2023 ഒക്ടോബർ 10-നാണ് അന്നത്തെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. പാലോട്ടുപള്ളി മുതൽ വെമ്പടി-പരിയാരം-കോളാരി-നിടിയാഞ്ഞിരം വരെയുള്ള റോഡാണ് നവീകരിക്കേണ്ടത്. നിടിയാഞ്ഞിരം ഭാഗത്ത് പ്രവൃത്തി തുടങ്ങിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 5.7 കിലോമീറ്റർ വരുന്ന റോഡ് നവീകരിക്കുന്നതിന് 2023-ലെ ബജറ്റിൽ 8.43 കോടി രൂപ വകയിരുത്തിയിരുന്നു.കേസിന് പോയ ഭൂവുടമകളുമായി വി.കെ. സനോജ് എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും മതിൽ ഉൾപ്പെടെയുള്ളവ പുനർനിർമിക്കാൻ സഹായധനം ലഭ്യമാക്കുന്നതിന് വേണ്ട നടപടി തുടങ്ങുകയും ചെയ്തിരുന്നു. റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകിയ കോളാരി മുതൽ പുളിമുക്ക് വരെയുള്ള ഭാഗത്ത് 10 മീറ്റർ വീതിയിൽ റോഡ് നവീകരണം പൂർത്തിയാക്കാനും മുൻപ് ചേർന്ന യോഗത്തിൽ ധാരണയായിരുന്നു.ഇതിനിടെയാണ് പണി ഉപേക്ഷിക്കാനുള്ള കരാറുകാരന്റെ നീക്കമുണ്ടാകുന്നത്. പ്രവൃത്തിയിൽനിന്ന് ഒഴിവായാൽ ഇതുമായി ബന്ധപ്പെട്ട നിയമനടപടികളും റീടെൻഡറും പൂർത്തിയാകാൻ ഏറെ കാലതാമസമുണ്ടാകും. പലഭാഗത്തും പൂർണമായും തകർന്ന റോഡിലൂടെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കലുങ്കിന്റെയും മറ്റും പ്രവൃത്തി പാതിവഴിയിലായ ഇടങ്ങളിൽ കാൽനടയാത്രപോലും ക്ലേശകരമാണ്. തലശ്ശേരി-കൂർഗ് റോഡിനെയും നടുവനാട്-ശിവപുരം റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡ് നിർമാണം പൂർത്തിയായാൽ കണ്ണൂർ വിമാനത്താവളം, പൂങ്കോട്ടുംകാവ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലുകാച്ചിപ്പാറ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനാകും.

To advertise here,